പേജുകള്‍‌

2019, ഒക്‌ടോബർ 19, ശനിയാഴ്‌ച

ജാലകം

വംഗനാട്ടിൽ നിന്നു വന്ന വിരുന്നുകാർ


ലാ ഇലാഹ ഇല്ലള്ളഹ്,ലാ ഇലാഹ ഇല്ലള്ളാഹ്  മയ്യത്തും കട്ടിലും തൂക്കി പള്ളി പറമ്പിലേക്ക് നീങ്ങുന്ന ജനക്കൂട്ടത്തിനു ഒടുവിലായി അവന്‍ വേച്ചു വേച്ചു പോകുന്നത്  കണ്ണുനീര്‍ തുള്ളി കൊണ്ടു കാഴ്ച മറയുന്നതിനിടയില്‍ അവള്‍ കണ്ടു ...

ഭാഷയുടെ അതിഭാവുകത്വം ഇല്ലാതെ പറയേണ്ട കാര്യങ്ങള്‍ ലാളിത്യപൂര്‍വ്വം പറഞ്ഞ്‌ എഴുത്തിന്റെ പുതിയ വഴികള്‍ സ്വീകരിക്കുന്ന നമ്മുടെ കഥാകാരി പ്രത്യേകിച്ചു കൊല്ലത്തിന്റെ പ്രിയ എഴുത്തുകാരിക്ക് ഒരായിരം അഭിവാദ്യങ്ങള്‍ ...

മുഖ്യ പ്രഭാഷകന്റെ വാക്കുകള്‍ തീര്‍ന്നപ്പോള്‍ സോപാനം ഓഡിറ്റോറിയത്തിലെ നിറഞ്ഞു നിന്ന ജനങ്ങള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു .

സുഹ്റ തന്റെ പത്താമത്തെ ചെറു കഥാ സമാഹാരത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു അപ്പോള്‍...

"സമതലങ്ങളുടെ ഭൂമിശാസ്ത്രം"
ഭംഗിയുള്ള പുറംച്ചട്ടയ്ക്കപ്പുറം തന്റെ മുപ്പത്തിരണ്ടു വര്‍ഷത്തെ യാത്രയുടെയും ഓർമകളിൽ പലപ്പോഴായി വിരുന്നു വരുന്ന ചില നൊമ്പരങ്ങളും കുത്തിക്കുറിക്കുന്നു ഈ താളുകളിൽ...

സുഹ്‌റ എനിക്കായി നീട്ടിയ ബുക്കിന്റെ താളുകളിൽ ഇങ്ങനെ എഴുതി ഒപ്പിട്ടിരുന്നു
അവളുടെ ഒപ്പ് പഴയതിലും മനോഹരമായിരിക്കുന്നു, ഷാ ഇനി എന്നാ കാണുക സുഹറയുടെ ചോദ്യത്തിന് അടുത്ത് ബുക്ക് പ്രസാധനത്തിന് കാണാം ഒരു ചെറു പുഞ്ചിരി അവൾക്ക് സമ്മാനിച്ചു ഞാൻ നടന്നു ഇടയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കി അപ്പോഴും അവൾ എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.
അവളെ ഞാൻ വേദനിപ്പിച്ചോ? മനസ്സിന്റെ ഉള്ളിൽ ഒരു തേങ്ങൽ കേട്ടോ? ഹേയ് തോന്നലാവാം...

ട്രെയിൻ ദൂരെ നിന്നു വരുന്നുണ്ടായിരുന്നു തിരക്കുകൾ ഒരുവിധം ഒതുങ്ങി ബർത്തിൽ ചാരിയിരുന്നു ട്രെയിൻ ഇപ്പോൾ ആലപ്പുഴയിൽ എത്താറായി, മുന്നിലിരുന്ന പെൺകുട്ടി തല ഉയർത്തി നോക്കി
ഷഹബാസ് സാർ അല്ലേ? ആശ്ചര്യത്തോടെ അവൾ എന്നെ നോക്കി, അതെ
സാർ എങ്ങോട്ടാ? തൃശൂർക്ക് സാറിന്റെ പുതിയ കഥ ഞാൻ മാതൃഭൂമിയിൽ വായിച്ചിരുന്നു പെൺകുട്ടി വിടാൻ ഭാവമില്ല പെട്ടന്ന് എന്റെ കൈവശം കണ്ട പുസ്തകത്തിലാണ് ആ കുട്ടിയുടെ ശ്രദ്ധ, സാർ ഇത് സുഹ്‌റ മാം ന്റെ പുസ്തകം അല്ലേ? കുട്ടിക്കറിയുമോ സുഹ്‌റയെ? എന്റെ ചോദ്യത്തിന് അവൾ ചിരിച്ചു മാം ന്റെ എല്ലാ കഥകളും ഞാൻ വായിച്ചിട്ടുണ്ട്,


സാർ  വായിച്ചിട്ടുണ്ടോ മാം ന്റെ പ്രണയത്തിന്റെ രസതതന്ത്രം രണ്ടു എഴുത്തുകാരുടെ ഒന്നിക്കാത്ത പ്രണയം വല്ലാത്ത ഫീൽ ഉള്ള...
പെൺകുട്ടിയുടെ ചോദ്യങ്ങൾ ഞാൻ കേട്ടില്ല എന്റെയുള്ളിൽ ഭൂതകാലത്തിൽ എവിടെയോ കെട്ടിയിട്ട കുരുക്കുകൾ അഴിയാൻ വെമ്പുന്നത് ഞാനറിഞ്ഞു....

സമതലങ്ങളുടെ ഭൂമിശാസ്ത്രം ഞാൻ ഓരോ പേജിലൂടെ കണ്ണോടിച്ചു ഒരു ചെറുകഥയിൽ കണ്ണുടക്കി  അതേ സമയം സുഹറയും സമതലങ്ങളുടെ ഭൂമി ശാസ്ത്രത്തിലൂടെ ആയിരുന്നു...

ചാറ്റൽ മഴയുള്ള വൈകുന്നേരം ആയിരുന്നു ബാപ്പയ്ക്കൊപ്പം ഒരു ചെറുപ്പക്കാരൻ വന്നത് സുമുഖൻ ഒറ്റ കാഴ്ചയിൽ തന്നെ എല്ലാവരും ഇഷ്ടപ്പെടുന്ന പ്രകൃതം അവനിൽ ഉണ്ടായിരുന്നു, മോളെ ഇത് അമീർ നമ്മുടെ കമ്പനിയിൽ ജോലിക്ക്  വന്ന ബംഗാളിയാ... ഓഹ്...  മലയാളം അറിയുമോ? കുറച്ചു കുറച്ച് അവന്റെ വിക്കി വിക്കി മലയാളം കേട്ട് ഞാൻ പുഞ്ചിരിച്ചു
ഒഴിവു ദിവസം വീട്ടിൽ അവനെനിക്ക് സഹായം ആയിരുന്നു, ചിലപ്പോൾ അവൻ ബംഗാളി ഗാനം മനോഹരമായി പാടുമായിരുന്നു ഞങ്ങൾ വളരെ പെട്ടന്ന് അടുത്തു അധ്വാനശീലൻ ആയിരുന്നു എല്ലു മുറിയെ പണി എടുക്കും .
വംഗനാട്ടിൽ നിന്നു ദേശിംഗനാട്ടിലേക്ക് വന്ന വിരുന്നുകാർ എന്ന ചെറുകഥ മാത്യുഭൂമിയിൽ വന്നപ്പോൾ എഴുത്തുകാരിയുടെ ചിത്രം കണ്ടു വാങ്ങി കൊണ്ട് വന്നു എന്നിൽ നിന്നു കഥാതന്തു ചോദിച്ചു മനസ്സിലാക്കി അവനെ പോലെയുള്ളവരുടെ കഥയാണെന്ന് പറഞ്ഞപ്പോൾ അവനുണ്ടായ മ്ലാനത എന്താണെന്ന് എനിക്കും മനസ്സിലായില്ല...
ദീദി ഈ കഥ അപൂർണമാണ് ഞങ്ങൾ വിരുന്നുകാർ അല്ല ഞങ്ങൾ കുടുംബത്തിനായി ജീവിതം ഹോമിക്കുന്ന രക്തസാക്ഷികൾ ആണ് അവന്റെ ഭാഷയുടെ ശൈലി മാറിയത് ഞാൻ ശ്രദ്ദിച്ചു ഒരു പ്രണയത്തിന്റെ തേങ്ങൽ ഞാൻ കേട്ടു ഒരിക്കൽ ഷഹബാസ് എന്നോട് പറഞ്ഞത് പോലെ പ്രണയത്തിന്റെ രസതന്ത്രം അല്ല  ജീവിതത്തിന്റേത്  വഴികൾ ദുർഘടവും, ഇടുങ്ങിയതും ആണ്...
ആ വാക്കുകൾ വീണ്ടും,
അമീർ ദുർഘടവും, ഇടുങ്ങിയതും ആയ പാതകൾ പിന്നിടേണം നഷ്ടങ്ങൾ അത് എന്നും നമ്മുടേത് മാത്രമാകും എന്റെ ഫിലോസഫിയിൽ അമീർ ആകൃഷ്ടനായി അവന്റെ കഥകൾ എനിക്കായി പറഞ്ഞു തുടങ്ങി.

സുഹാന എന്റെ അമ്മാവന്റെ മകൾ ആണ്, അവൾ ജനിച്ചതും, വളർന്നു വന്നതും എന്റെ കണ്ണിൽ കൂടിയാണ്, എന്റെ കൈപിടിച്ചു ലോകം മനസ്സിലാക്കിയവൾ എന്റെ എന്റേത് മാത്രം എന്ന് ഏവരും പറഞ്ഞു എന്റേത് മാത്രമായവൾ അവളുമായുള്ള നിക്കാഹ് അതാണ് ദീദി ഞാനീ കേരളത്തിൽ വരാനുണ്ടായ കാരണം, നിക്കാഹിനു മഹർ വാങ്ങണം അവളെ രാജകുമാരിയായി നോക്കണം, ദീർഘ നിശ്വാസത്തിൽ അവൻ ഇത്രയും കൂടി പറഞ്ഞു ഇനി എത്രകാലം കാത്തിരിക്കണമെന്ന് അറിയില്ല ദീദി, അതെന്താ അമീർ ഒരു നനഞ്ഞ ചിരിയോടെ അവൻ നടന്നു പോയി.
   ഒരിക്കലവൻ ദീദി ഞാനൊരു കൂട്ടം കാണിച്ചു തരാം എന്താ?
ഒരു കവറിൽ നിന്ന് അവൻ കാണിച്ചു തന്ന ഫോട്ടോ  ഒരു സുന്ദരിക്കുട്ടി, ലജ്ജ നിറഞ്ഞ ചിരിയോടെ സുഹാന,
 ഞാൻ കാണുന്നുണ്ടായിരുന്നു അവന്റെ  രാവും പകലുമില്ലാതെ  അദ്ധ്വാനം  പ്രണയത്തിന്റെ വ്യാപ്തി എനിക്ക് മനസ്സിലാക്കി തന്നു.
ഒരു വൈകുന്നേരം പുറത്ത് ബാപ്പായുമായുള്ള ആരുടെയോ സംസാരം കേട്ടാണ് ഞാൻ ജനൽ തുറന്നത് അമീർ ആയിരുന്നു അവനു അത്യാവശ്യമായി നാട്ടിൽ പോകണമത്രേ ബാപ്പ അവന്റെ കണക്കുകൾ നോക്കി പൈസ കൊടുക്കുന്നതും അവൻ ധൃതിയിൽ നടന്നു പോകുന്നതും കണ്ടു ഞാൻ അവന്റെ പിന്നിൽ നിന്നു വിളിച്ചു
അമീർ അവൻ തിരിഞ്ഞു നോക്കി എന്താ ദീദി?
എന്താ പെട്ടന്ന് പോകുന്നത്?
ഒന്ന് ശങ്കിച്ചു പിന്നെ ശബ്ദം താഴ്ത്തി അവൻ പറഞ്ഞു ദീദി സുഹാനയുടെ വിവാഹം നടത്താൻ പോകുന്നു എന്ന്, ഇനിയും കാത്തിരുന്നാൽ അവൾ ചിലപ്പോൾ എനിക്ക് നഷ്ടമാകും, അവന്റെ കണ്ണിലെ നിരാശ എന്നിലും ബാധിച്ചു അവൻ മുന്നോട്ടു നടന്നു തുടങ്ങി...
അമീർ ഇതാ ഇത് കൂടി കൊണ്ട് പോകു കൈകളിൽ കിടന്ന രണ്ടു സ്വർണ വളകൾ അവനു നൽകി മഹർ വാങ്ങാൻ ഇതും കൂട്ടിക്കോ, അവളെയും ഇങ്ങോട്ട് കൂട്ടിക്കോ ഇവിടെ കഴിയാം എന്റെ വാക്കുകൾ ആത്മവിശ്വാസം കൂട്ടിയോ എന്നറിയില്ല എങ്കിലും ഒരു പുഞ്ചിരി അവന്റെ മുഖത്തുണ്ടായിരുന്നു, അവൻ ബാഗുമെടുത്ത് നടന്നു നീങ്ങുന്നത് നോക്കി നിന്നു...
വിരസമായ ദിനങ്ങൾ നീങ്ങി കൊണ്ടിരുന്നു,

കഴിഞ്ഞ ദിവസം വന്ന മാതൃഭൂമിയിലെ ചെറുകഥകളിൽ ഷഹബാസിന്റെ കഥയും ഉണ്ടായിരുന്നു, അവന്റെ ഫോട്ടോ നോക്കി നരകൾ കയറി തുടങ്ങിയിരിക്കുന്നു, എഴുത്തിന്റെ ശൈലിയും മാറിയിരിക്കുന്നു...
 പെട്ടന്നാണ് ഒരു വിളി കേട്ടത്  ദീദി...
ശബ്ദം കേട്ട ദിക്കിലേക്ക് നോക്കി അമീറും ആ പെൺകുട്ടിയും നടന്നു വരുന്നു, താൻ മുൻപ് കണ്ട സ്വപ്നം
അതിലെ നായകനും, നായികയും മാത്രമേ  മാറിയിട്ടുള്ളൂ ,  ചിന്തകൾ അറിയാതെ കാടുകയറി, അപ്പോഴേക്കും അവർ അടുത്തെത്തിയിരുന്നു, പുഞ്ചിരി കൊണ്ട് അവരെ വരവേറ്റു
സന്തോഷം കൊണ്ട് രണ്ടാളും  വാക്കുകൾ പുറത്തേക്ക് വരുന്നില്ല അവരെ ചേർത്ത് നിർത്തി ഒരു മാതാവിന്റെ അല്ലങ്കിൽ മൂത്ത ജേഷ്ഠത്തിയെ പോലെ അനുഗ്രഹിച്ചു.
സന്തോഷത്തിന്റെ കളിവീടായിരുന്നു അവരുടെ ജീവിതം, അവൻ ജോലിക്ക് പോയാൽ അവൾ ഇടയ്ക്കിടെ എന്നെയും വന്നു സഹായിക്കും, ഭാഷയുടെ അതിർവരമ്പുകൾ സ്നേഹത്തിനു മുന്നിൽ കീഴടങ്ങി.
മാസങ്ങൾ കടന്നു പോയി, രണ്ടാളും അതീവ സന്തോഷത്തോടെ മധുവിധു കൊണ്ടാടുകയായിരുന്നു ദൂരെ നിന്നു ഞാൻ ഇതെല്ലാം നോക്കി കാണുകയായിരുന്നു എനിക്ക് ജീവിക്കാൻ കഴിയാത്ത ജീവിതം അവർക്കു നൽകാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യവും ഉണ്ടായിരുന്നു...
അന്തരീക്ഷം മാറിയത് പെട്ടന്നായിരുന്നു കാലവർഷം അതി ഗംഭീരമായി പെയ്തിറങ്ങുകയാണ് കേരളം സമാനതകളില്ലാത്ത പ്രളയത്തിന് സാക്ഷ്യം വഹിച്ചു, കമ്പനിയുടെ പ്രവർത്തനം നിലച്ച മട്ടായിരുന്നു ഞാൻ അമീർ താമസിക്കുന്ന വീട് ലക്ഷ്യമാക്കി നടക്കുകയായിരുന്നു കുറച്ചു പൈസ കൊടുക്കാം കുടുംബമായി ജീവിക്കുന്നതല്ലേ, എന്റെ ചിന്തകൾ ശരിയായിരുന്നു രണ്ടാളും ഭക്ഷ്ണം കഴിക്കുകയായിരുന്നു ഞാൻ ചെല്ലുമ്പോൾ കറിയിലെ സമൃദ്ദി ഇല്ലായ്മ അവരുടെ സാമ്പത്തികം വിളിച്ചോതി, മധുരമില്ലാത്ത കാപ്പി കുടിച്ചു പൈസയും കൊടുത്തിറങ്ങുമ്പോൾ അവരുടെ കണ്ണുകൾ സജലമായി...

രാത്രി വീണ്ടു കാലവർഷം കനത്തു, വെള്ളം കയറാത്ത പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി, ദുരന്ത വാർത്തകൾ ദിവസവും ദൃശ്യ മാധ്യമങ്ങളിൽ നിറഞ്ഞു, കാണുവാൻ വയ്യ, ഉറങ്ങാനായി കിടന്നു എപ്പോഴോ കേട്ട നിലവിളി ആയിരുന്നു ഞെട്ടി ഉണർന്നത്, ബാപ്പ ധൃതിയിൽ നടക്കുന്നു എന്താ?
അമീർ എന്നു മാത്രം കേട്ടു...
ബാപ്പായുടെ പിന്നാലെ ഞാനും ഓടി, ദൂരെ നിന്നു കാണാമായിരുന്നു കമ്പനിയിലെ മറ്റു ബംഗാളികൾ കൂട്ടം കൂടി നിൽക്കുന്നത് എന്താ എന്റെ ചോദ്യത്തിന് ഒരു ദയനീയമായ നോട്ടമായിരുന്നു അവരുടെ മറുപടി, അവരെ വകഞ്ഞു മാറ്റി ഞാൻ ഉള്ളിലേക്ക് കടന്നു
 യാ... അല്ലാഹ്, സുഹാന കമഴ്ന്നു കിടക്കുന്നു കണങ്കാലുകൾ നഗ്നമാണ്, കാലിൽ തുടങ്ങി ശരീരത്തിലെമ്പാടും നീല ഞരമ്പുകൾ, അവളെ മലർത്തി കിടത്തി മുഖവും കരി നീല നിറം, മൂക്കിൽ വിരൽ വെച്ചു, ഒരു ഭയത്തോടെ അമീറിനെ നോക്കി, വിദൂരതയിലേക്ക് കണ്ണും നട്ട് സമനില തെറ്റിയവനെ പോലെ ഇരിക്കുന്നു, കുറച്ചകലെ തല തകർന്ന ഒരു പാമ്പിനെയും കണ്ടു...
നിസ്സഹായതയുടെ നീണ്ട ഇടനാഴികൾ അവസാനിക്കുമ്പോൾ  ദൂരെ നിന്നു  ബാപ്പാ നടന്നു വരുന്നു പിന്നിൽ മയ്യത്തും കട്ടിലുമായി  വരുന്നവരെയും കണ്ടു...
കണ്ണീരിന്റെ നനവുകൾ പുസ്തകത്തിൽ തുള്ളിയായി പതിച്ചപ്പോൾ സുഹ്റ പുസ്തകം മടക്കി എഴുന്നേറ്റു...

വിദൂരതയിൽ എവിടെ നിന്നോ ലാ ഇലാഹ ഇല്ലള്ള, ലാ ഇലാഹ ഇല്ലള്ള എന്ന് അവ്യക്തമായി കേൾക്കാമായിരുന്നു...
***കൊല്ലം ഷിഹാബ്. ***

2015, മേയ് 26, ചൊവ്വാഴ്ച

സെല്‍ഫികള്‍ അരങ്ങ് വാഴുമ്പോള്‍

ജാലകം

സോഷ്യല്‍ മീഡിയകള്‍ ലോകത്തിലേക്ക് തുറന്നിട്ട കണ്ണാണ് ,അതിലൂടെ വിഹാരിക്കാനും നമുക്ക് കഴിയണമെങ്കില്‍ എന്തിനും ,ഏതിനും വ്യത്യസ്തതകള്‍ വേണം  എങ്കിലേ കൂടുതല്‍ ലൈക്കുകളും കമന്റും എത്തൂ .ഫെസ്ബുക്കിന്റെ അതി പ്രഭാവത്തില്‍ പിറന്നു വീണ
 സന്തതി കളില്‍ ഒന്നായി സെല്‍ഫി മാറി കൊണ്ടിരിക്കുകയാണ് .അതിവേഗം ബഹു ദൂരം ഒരു വൈറസ് പോലെ മാറിയ സെല്‍ഫി സ്മാര്‍ട്ട് ഫോണ്‍ ജനകീയമായതോട് കൂടി ഓരോ മനുഷ്യന്റെയും ഹൃദയത്തില്‍ കയറിപറ്റി .

1839 ല്‍ ഫിലാഡല്‍ഫിയയിലെ  തന്റെ ഫാമിലി സ്റ്റോറിന്റെ പിന്നാമ്പുറത്ത് നിന്ന് റോബര്‍ട്ട് കോര്‍ണിലീയസ് ആണ് ആദ്യ സെല്‍ഫി എടുത്തത് എന്ന് ചരിത്രം .
ഫെസ്ബുക്കിന്റെ വളര്‍ച്ചയാണ് പില്‍ക്കാലത്ത് സെല്‍ഫി തരംഗം ആകാനുള്ള കാരണമെന്ന് ചിലരൊക്കെ ചൂണ്ടി കാട്ടുന്നു .ഓടുന്ന തീവണ്ടിക്കു മുന്നില്‍ ,കുതിച്ചു പായുന്ന വെള്ളച്ചാട്ടങ്ങള്‍ ,ഉഗ്രവിഷ ജന്തുക്കള്‍  എന്ന് തുടങ്ങി തോക്കിന്‍ മുന്നില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ തുനിഞ്ഞു അബദ്ധത്തില്‍ വെടിപൊട്ടി ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ കഥകള്‍ വരെ നമ്മള്‍ കേട്ടു .
സോഷ്യല്‍ മീഡിയയില്‍ ലോകത്താകമാനമുള്ള സൌഹൃദ വളയങ്ങളാല്‍ ചുറ്റപ്പെട്ടു നില്‍ക്കുമ്പോള്‍ കൂടുതല്‍ വ്യത്യസ്തവും ,സാഹസികത നിറഞ്ഞ ഫോട്ടോകള്‍ ഉണ്ടാക്കാനുള്ള ശ്രമം  ,  തന്റെ ഉപബോധമനസ്സില്‍ ഉളിഞ്ഞു കിടക്കുന്ന സാഹസികനെ ഒരു പ്രദര്‍ശന വസ്തു ആക്കാനും അതിലൂടെ തന്റെ വ്യക്തിത്വം ലോകത്തിനു കാട്ടി കൊടുക്കുകയും ചെയ്യുമ്പോള്‍ ആണ് സെല്‍ഫികള്‍ പിറവി എടുക്കുന്നത് .പലതും വലിയ ആപത്തുകളിലേക്കും ,മരണം വരെ സംഭവിച്ചിട്ടും ഇന്നും ജനകീയമായി നില്‍ക്കുന്നതിന്റെ മനശ്ശാസ്ത്രം ഇതാണ് .

ഇനി ഇതിലെ നയതന്ത്രം ഏറ്റവും അധികം വിജയിപ്പിച്ചത് നമ്മുടെ പ്രധാനമന്ത്രി ആയ ശ്രീ .നരേന്ദ്ര മോഡി ആണെന്ന് പറയേണ്ടി വരും .ലോകത്തിലെ രണ്ടു വലിയ രാജ്യങ്ങള്‍ ,ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങള്‍ അതിലുപരി സാമ്പത്തികമായി ലോകത്തിന്റെ അസൂയപൂര്‍വ്വ വളര്‍ന്നു കൊണ്ടിരിക്കുന്ന രണ്ടു രാജ്യങ്ങളിലെ തലവന്മാര്‍ ഒരു സെല്‍ഫിക്കായി ഒത്തു ചേര്‍ന്നപ്പോള്‍ ലോകത്തില്‍ ഇന്നുവരെ നിലകൊണ്ട നയതന്ത്രങ്ങളില്‍ പുതുമയും ശക്തവുമായ ഒരു സെല്‍ഫി ലോകരാജ്യങ്ങളിലെ തലവന്മാരും ,മാധ്യമങ്ങളും അത്ഭുതത്തോടെയാണ് വീക്ഷിച്ചത് .


സെല്‍ഫിയിലൂടെ എങ്ങനെ വിപ്ലവം ഉണ്ടാക്കാമെന്നും പരീക്ഷിച്ചു ചിലര്‍ .അള്‍ജീരിയ എന്ന മുസ്ലീം രാക്ഷ്ട്രത്തിലെ ഭരണാധികാരികളെയും ഞെട്ടിച്ചുകൊണ്ടു പുതിയ വിപ്ലവത്തിന് തിരി കൊളുത്തിയതാകട്ടെ യൂണിവേര്‍‌സിറ്റിയിലെ ഒരു കൂട്ടം പെണ്‍കുട്ടികള്‍.ഇറക്കം കുറഞ്ഞ സ്കേര്‍ട്ട് ഇട്ടു കൊണ്ടു പരീക്ഷയക്കു വന്നതിനെ തടഞ്ഞതിന്റെ പരിണിത ഫലമായി ലെഗ് സെല്‍ഫി എന്ന ഓമനപേരില്‍ പ്രചരിക്കുന്ന ഫോട്ടോകള്‍ .
കഴിഞ്ഞ ദിവസം മറ്റൊരു വാര്‍ത്താ പ്രാധാന്യമുള്ള സെല്‍ഫി യുണ്ടായി അത് വന്നതാകട്ടെ റഷ്യയിലെ ചെച്നിയയില്‍ നിന്നും റിങ്കിള്‍സ്  വുമണ്‍ എന്ന ഹാഷ് ടാഗില്‍ ഇന്സ്ടാഗ്രാമില്‍ പ്രചരിക്കുന്ന സെല്‍ഫി വിപ്ലവം .പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിച്ചയക്കുന്നതുമായി ബന്ധപ്പെട്ടു സ്ത്രീകളുടെ പ്രതിക്ഷേദം ശക്തമായപ്പോള്‍ അതിനെ ന്യായീകരിച്ചു ചില്‍ട്രന്‍സ്ഓംബുട്സ്മാന്‍ പാവേല്‍ ആസ്തഘോവിന്റെ പ്രസ്താവന ഇങ്ങനെ ആയിരുന്നു 27 വയസ് ആകുമ്പോഴേക്കും സ്ത്രീകള്‍ മുഖത്ത് ചുളിവുകള്‍ വീണ് 50 വയസു തോന്നിപ്പിക്കും എന്ന് ഇതില്‍ പ്രതിക്ഷേധിച്ചു
ബെല്ലാ റാപോ പോര്‍ട്ട്‌  എന്ന പത്ര പ്രവര്‍ത്തക മുഖം ചുളുപ്പിച്ചു സെല്‍ഫി എടുത്തു ഇന്സ്ട്ടാഗ്രാമില്‍ പോസ്റ്റുചെയ്തത് അതിനെ അനുകൂലിച്ചു ധാരാളം സ്ത്രീകള്‍ മുഖം ചുളുപ്പിച്ച സെല്‍ഫികള്‍ പോസ്റ്റുക ഉണ്ടായി ഇതിനെ തുടര്‍ന്ന് അധികാരികള്‍ മാപ്പുപറയുക പോലും ഉണ്ടായി .
മറ്റൊരു രസകരം സെല്‍ഫി മൃഗങ്ങള്‍ക്കിടയിലും പടര്‍ന്നു എന്നത് തന്നെ ,കുറച്ചു നാള്‍ മുന്‍പ് ഒരു ആള്‍ക്കുരങ്ങന്‍ എടുത്ത സെല്‍ഫിയുടെ അവകാശ തര്‍ക്കത്തിനു കോടതി വരെ കയറുക ഉണ്ടായി ,തായ്ലാന്റില്‍ സെല്‍ഫി ആന എടുത്തു എന്നും സെല്‍ഫി അല്ല അത് എല്‍ഫി ആണെന്നും ഉള്ള വാദമുഖങ്ങള്‍ സൈബര്‍ ലോകത്ത് നടക്കുന്നു .

സെല്‍ഫി ഇന്ന് വെറും ഫോട്ടോ അല്ല മറിച്ചു വിജ്ഞാനമായും ,വിനോദമായും ,പ്രതിക്ഷേധമായും രൂപത്തിലും ,ഭാവത്തിലും വ്യത്യസ്തതയോടെ അരങ്ങ് തകര്‍ക്കുന്നു .ഈ അവസരത്തില്‍ ഒരു സെല്‍ഫി എടുത്ത് മാറുന്ന ലോകത്തില്‍ നമുക്കും കൈകോര്‍ക്കാം .

2014, ഡിസംബർ 20, ശനിയാഴ്‌ച

ഒരു ന്യൂ ജനറേഷന്‍ നാടകം (ചെറുകഥ )

ജാലകം
"തലയ്ക്കു മീതെ ശ്യൂന്യാകാശം താഴെ മരുഭൂമി തപസ്സു ചെയ്യും വേഴാമ്പല്‍ ഞാന്‍ ദാഹജലം തരുമോ ?"
പ്രശസ്ത നാടക ഗാനം ഉച്ചഭാഷിണിയിലൂടെ മുഴങ്ങി  അയാള്‍ അതിന്റെ  ലക്ഷ്യസ്ഥാനം നോക്കി നടന്നു ,വര്‍ഷങ്ങള്‍ നീണ്ട അയാളുടെ നാടകത്തിനോടുള്ള അഭിനിവേശം ,ഏറ്റവും കൂടുതല്‍
പരീക്ഷണങ്ങളും ,പരിവര്‍ത്തനങ്ങള്‍ക്കും വിധേയമായ മറ്റൊരു കലാരൂപമില്ല എന്ന് തന്നെ പറയാം .നാടകത്തിന്റെ കുതിപ്പും ,കിതപ്പും കണ്ടിരുന്നു അയാള്‍ ഇന്ന് ജീവിക്കാന്‍ മറ്റൊരുവന്റെ കണക്ക് പുസ്തകത്തില്‍ തല താഴ്ത്തി ഇരിക്കുമ്പോഴും അയാളുടെ ജീവിതം എന്നും നാടകമായിരുന്നു .
ദൂരെ നിന്ന് അയാള്‍ കേട്ടു,അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കുന്നു ,
                                            ചിത്രം വരച്ചത്  :ഡോ.സുനീഫ് ഹനീഫ്  ലബ്ബ 

"കൊല്ലം സംഘ ചേതനയുടെ" പതിനാറാമത് നാടകം  കാലന്‍ കണ്ട കേരളം .   കര്‍ട്ടന്‍ മെല്ലെ പൊങ്ങി , രംഗപടത്തിന്റെയും ,ലൈറ്റിംഗും നാടകത്തിനെ മറ്റൊരു ദിശയിലേക്ക് കൂട്ടി കൊണ്ടുപോയി ...

രാവിലത്തെ വട്ട മേശ സമ്മേളനവും കഴിഞ്ഞ്‌ ദൈവം തന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനാകും മുന്‍പ്‌ ഒന്ന് നീട്ടി വിളിച്ചു ,കാലോ ...

രാത്രിയിലെ സു ദീര്‍ഘമായ യാത്രയും കഴിഞ്ഞ്‌ പുലര്‍ച്ചയ്ക്ക് ആയിരുന്നു വന്നത് ,ഉടനെ തന്നെ കട്ടന്‍ചായക്ക് വെള്ളം തിളപ്പിക്കാന്‍ വച്ച് ,ഗ്യാസ്‌ തീര്‍ന്ന വിവരം അപ്പോള്‍ മാത്രമാണ് അറിയുന്നത് ,ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു നില്‍ക്കുമ്പോള്‍ ആണ് ദൈവത്തിങ്കല്‍ നിന്ന് വിളി കേട്ടത് ഉടനെ അങ്ങോട്ടേയ്ക്ക് ഒരു ഓട്ടമായിരുന്നു .

സ്വിസ്സ് ബാങ്കിലെ കള്ളപ്പണക്കാരുടെ പേരുവിവരം സുപ്രീംകോടതിക്ക് കൈമാറിയ പോലെ ഒരു നീണ്ട ലിസ്റ്റ്‌ ഏല്‍പ്പിച്ചു .
ഇന്ന് മരണമടയാന്‍ പോകുന്നവരുടെ ഒരു ഫുള്‍ ബയോഡാറ്റ...

തന്റെ സന്തത സഹചാരിയും വാഹനവുമായ പോത്തും ,നീണ്ട കയറും കൈയിലെടുത്ത് കേരളത്തിലേക്ക്‌ യാത്ര തിരിച്ചുപ്പോള്‍  തന്നെ തന്റെ സ്മാര്‍ട്ട് ഫോണിലെ ഗൂഗിള്‍ മാപ്പില്‍ കേരളം സെറ്റ് ചെയ്തിരുന്നു .
കേരളത്തിന്റെ വശ്യ ഭംഗി കണ്ടു മുന്നോട്ടു നീങ്ങിയപ്പോള്‍ ഒരു ആശങ്ക തനിക്ക് വഴി തെറ്റിയോ ?
മുന്നില്‍ കണ്ട ചെറുപ്പക്കാരനോട്‌ ചോദിച്ചു സുഹൃത്തെ ദാമോദരന്‍ മകന്‍ പ്രദീപിനെ അറിയുമോ ?
പ്രദീപ്‌ ഏതു പ്രദീപ്‌ ?മൂപ്പില്‍സേ നിങ്ങള്‍ ഏതു നാട്ടുകാരനാ ?ഫേസ്ബുക്കിലെ പേര് അറിയുമോ?
പ്രദീപ്‌ നമ്പൂതിരി ,പ്രദീപ്‌ നായര്‍ ,പ്രദീപ്‌ മേനോന്‍ ,പ്രദീപ്‌ വാര്യര്‍ ഇതില്‍ ഏതാ നമ്മുടെ കക്ഷി ?
കാലന്‍ ഒന്ന് കുഴങ്ങി ഇത്രയും വലിയ അഗ്നി പരീക്ഷയോ?ഇതെന്താ ഇങ്ങനെ ?
ജാതി കോമരങ്ങള്‍ തകര്‍ത്താടിയ നാട്ടില്‍ നിന്ന് ഇതിനെ ഒരു കാലത്ത്‌ പറിച്ചെറിഞ്ഞതല്ലേ ?
ഇപ്പോള്‍ വീണ്ടും ജാതി ചേര്‍ത്ത പേരോ ?
അതെ, മൂപ്പരെ നവ ലിബറല്‍ മാധ്യമങ്ങളില്‍ ജാതി കൂടി ചേര്‍ത്ത പേരിനെ ഒരു സ്റ്റാറ്റസ്‌ സിംബല്‍ ഉണ്ടാകൂ ...
ബൈ ദ ബൈ ആരാ നമ്മള്‍ മനസ്സിലായില്ല ?ചെറുപ്പക്കാരന്‍ ചോദിച്ചു ...
നോം ...കാലന്‍ സാക്ഷാല്‍ യമാരാജാവ്‌ ...
ഹായ്‌ ...കാലന്‍ തന്റെ കയ്യിലെ മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്തു ,ഒന്ന് ചേര്‍ന്ന് നിന്നെ
ഒരു സെല്‍ഫി  പ്ലീസ്‌ ...
അപ്പോഴേക്കും ക്യാമറ ചലിച്ചു കഴിഞ്ഞിരുന്നു .ഇന്ന് ഞാന്‍ ഒരു ആയിരം ലൈക്ക്‌ വാങ്ങും ...
ചെറുപ്പക്കാരന്‍ ധൃതിയില്‍ നടന്നു നീങ്ങുന്നത് വെറുതെ നോക്കി നിന്നു .

പിന്നെ മുന്നോട്ട് നീങ്ങി അടുത്ത വളവു തിരിഞ്ഞില്ല ദാ വരുന്നു ഒരു കൂട്ടം ആള്‍ക്കാര്‍ ...
തൊപ്പി വച്ചതും ,കടുക്കന്‍ ഇട്ടവരും പിന്നെ ഏതോ കൊടിക്കൂറ ദേഹത്ത്‌ പുതച്ചവരും ,
എന്താ എന്ന് ചോദിക്കുമ്പോഴേക്കും അടി വീണു കഴിഞ്ഞിരുന്നു .ഉത്തരമില്ലാത്ത പ്രഹരം ...
നേതാവെന്ന് തോന്നിയ ഒരാള്‍ പറഞ്ഞു ഞങ്ങള്‍ സദാചാരക്കാര്‍ ,നമ്മുടെ സംസ്ക്കാരത്തിന്‍റെ കാത്തു സൂക്ഷിപ്പുകാര്‍ ...
എടൊ ...കിളവാ തന്റെ പോത്തിനെ ഞങ്ങള്‍ കൊണ്ടു പോകുന്നു .നാളത്തെ ചുംബന സമരത്തിനെ എതിര്‍ക്കാന്‍ ഈ പോത്തും കൂടി വേണം .തിരിച്ചു സംസാരിക്കാന്‍ ശേഷി ഇല്ലായിരുന്നു .അവര്‍ പോകുന്നതും നോക്കി നിന്നു .
അവശനായ കാലന്‍ ഇത്തിരി വെള്ളത്തിനായി കണ്ണുകള്‍ നാല് പാടും പരതി.

അപ്പോള്‍ ദൂരെ നിന്ന് ആരൊക്കെയോ വളരെ വേഗം നടന്നടുക്കുന്ന ശബ്ദം കേട്ടു ഭയവിഹ്വലനായി  ചോദിച്ചു ആരാ നിങ്ങളൊക്കെ ?
ഞങ്ങള്‍ നെല്‍ ,റബ്ബര്‍ കര്‍ഷകന്‍ ,ഞാന്‍ അടച്ച ബാറിലെ തൊഴിലാളി ,ഞാന്‍ കോര്‍പ്പറേറ്റ്‌കള്‍ കാട് കയ്യേറി ആട്ടിപായിച്ച ആദിവാസി പിന്നെയും ഓരോരുത്തര്‍ പലതും പുലമ്പുന്നു ...
നിനക്കെന്തിനാ ഈ കയര്‍ ?അത് ഞങ്ങള്‍ക്കുള്ളതാണ്...ഞങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നു
കയര്‍ ബലം പ്രയോഗിച്ചു കൈക്കലാക്കി അവരും നടന്നകന്നു ...

ഒരടി പോലും മുന്നോട്ടു നടക്കാനാകാതെ അടുത്ത് കണ്ട കല്ലില്‍ ഇരുന്നു ,ക്ഷീണം കാരണം മെല്ലെ കണ്ണുകള്‍ അടഞ്ഞു .

ശക്തിയായ പ്രകാശം കണ്ണുകളിലേക്ക് അടിച്ചപ്പോഴാണ് കണ്ണ് തുറന്നത്‌,ക്യാമറ കണ്ണുമായി ഒരു ചെറുപ്പക്കാരന്‍ വട്ടം ചുറ്റുന്നു ,നീളം കുറഞ്ഞ തടിച്ച പെണ്‍കുട്ടി പറയുന്നത് അവ്യക്തമായി കാതുകളില്‍ വീഴുന്നുണ്ടായിരുന്നു ,
പീഡിപ്പിച്ചു റോഡില്‍ തള്ളിയിരിക്കുന്ന പേരറിയാത്ത മനുഷ്യന്റെ അടുത്ത് നിന്നും ക്യാമറമാന്‍ റോണിക്കൊപ്പം  റാണി  ....ന്യൂസ് ...

പ്രഭോ !!!ഈ ഭ്രാന്തമാരില്‍ നിന്ന് എന്നെ രക്ഷിക്കു ...
വാട്സപ്പില്‍ ദൈവത്തിനു മെസ്സെജയച്ചു  മറുപടിക്കായി കാത്തിരുന്നു .

നാടകം തീര്‍ന്നത് അയാള്‍ അറിഞ്ഞില്ല ,ഒരു കാലത്ത്‌ പ്രേക്ഷകനെ കൂടി വെറുപ്പിക്കുന്ന കൃതൃമം പിടിപ്പിച്ച  സംഭാക്ഷണങ്ങളും,കേട്ട് കേള്‍വി കൂടിയില്ലാത്ത പുരാണ കഥകള്‍ക്ക് പകരം ഇന്നിന്റെ കഥ പ്രേക്ഷകരോട് സംവദിക്കുന്ന പുതിയ ശൈലിക്ക്  പ്രേക്ഷകര്‍ ഉണ്ടെന്ന തിരിച്ചറിവ് അയാളെ കൂടുതല്‍ സന്തോഷവാനാക്കി .
നാടകം മരിക്കുന്നില്ല ,നിറഞ്ഞ സദസ്സിന്റെ കരഘോഷം അതിനു തെളിവായിരുന്നു ,അയാള്‍ അവര്‍ക്കിടയിലൂടെ നടന്നു തെരുവില്‍ അപ്രത്യക്ഷനായി ...

2014, ജൂൺ 10, ചൊവ്വാഴ്ച

നഗരക്കാഴ്ചകള്‍... (ചെറുകഥ)


ജാലകം

                                                  ചിത്രം  : കടപ്പാട് ഗൂഗിൾ
      
ചാനല്‍ സംസ്കാരം എന്തിന്‍റെയും മുഖമുദ്രയായി മാറിയ കേരളത്തില്‍ പുതിയ
വാര്‍ത്തകള്‍ കണ്ടെത്താനാകാതെ ഓരോ ചാനലുകാരും വിഷമിച്ചു.
ഇതിനെല്ലാം
 വിഭിന്നമായിരുന്നു ദീപ്തി ചന്ദ്രന്‍ അവതരിപ്പിക്കുന്ന “നഗര കാഴ്ചകള്‍“.
തുടര്‍ച്ചയായി ആറാമത്തെ ആഴ്ചയും റേറ്റിംങില്‍ ഒന്നാമത്.
ഡിക്
ഷണറിയില്‍ ഇല്ലാത്ത ഇംഗ്ലീഷ് പറഞ്ഞു പ്രേക്ഷകരെ കരയിപ്പിക്കുന്നഅവതാരകരില്‍ നിന്നു വ്യത്യസ്ഥമായി,ദീപ്തി മലയാള തനിമയും ശ്രീത്വം തുടിക്കുന്ന മുഖവുമായി മിനി സ്ക്രീനില്‍ തിളങ്ങുന്ന
താരമായത്
 പെട്ടന്നായിരുന്നു.

നഗരത്തിന്‍റെ ഓരോ കോണിലും പുതിയ വാര്‍ത്തകള്‍ക്കായി അലഞ്ഞു തിരിഞ്ഞു 

നടക്കും ദിനം തോറും,
നഗരം ലോകകപ്പ് ഫുട്ബോള്‍ ലഹരിയില്‍,പാതിരാത്രിയില്‍പോലും ആര്‍പ്പു വിളികള്‍ കേള്‍ക്കാം .

ബ്രസീലിൽ വിസില്‍
 മുഴങ്ങുമ്പോള്‍ പന്തുരുളുന്നത് ഇങ്ങ് കൊച്ചു കേരളത്തില്‍
ആണെന്നു തോന്നി
 പോകും....

നഗരക്കാഴ്ചയുടെ പുതിയ എപ്പിസോഡ് തുടങ്ങുകയാണ്.ടിവിയില്‍ ഇപ്പോള്‍ കാണുന്ന


ദൃശ്യം കൂട്ടിയിട്ടിരിക്കുന്ന പന്തുകള്‍.ഒരു പന്തും കൈയിലേന്തി ദീപ്തി
മറുകൈയില്‍ മൈക്കുമായി ഇപ്പോള്‍ പ്രേക്ഷകരോടായി പറഞ്ഞു തുടങ്ങുകയാണ്.....
പ്രിയമുള്ളവരെ ഇന്നത്തെ നഗരകാഴ്ചയില്‍ ഞാന്‍ നിങ്ങള്‍ക്കായി
പരിചയപ്പെടുത്തുന്നു “സാരംഗി”......
ഇവര്‍ ലോകകപ്പ് ഫുട്ബോളിന്‍റെ അലയൊലിയുമായി എത്തിയവര്‍,ഇവരുടെ ജീവിതം നമ്മളുമായി ബന്ധപ്പെട്ടു കിടക്കുന്നു....
ഈ പന്തുകള്‍ വില്പനയാണ് ഇവരുടെ ഏകവരുമാനം......ദീപ്തിയുടെ വാക്കുകള്‍ പിന്നില്‍ നിന്നു കേട്ടു.....
ഒരു നിമിഷം ക്യാമറയുടെ ഫോക്കസ് മാറി ,സ്ലോമോഷനില്‍ ഒരു പെണ്‍കുട്ടി
പന്തുകള്‍ക്കിടയിലൂടെ നടന്നു വരുന്നു.ക്ലോസപ്പ് ഷോട്ടില്‍ ഇപ്പോള്‍
പെണ്‍കുട്ടിയുടെ മുഖമാണ് ,ഗോതമ്പിന്‍റെ നിറവും ,നീളമുള്ള മൂക്കുമായി ഒരു കുട്ടി,
ചുവന്ന കല്ലുവച്ച മൂക്കുത്തി ക്യാമറയുടെ ലൈറ്റില്‍ കൂടുതല്‍
തിളങ്ങി.....
സാരംഗി ക്യാമറയ്ക്കു മുന്നില്‍ മനസുതുറന്നു.....പഞ്ചാബില്‍ നിന്ന് കേരളത്തില്‍ പന്തുകള്‍ വില്‍ക്കാന്‍ എത്തിയതാണ്അച്ഛന്‍റെ തൊഴിലാണ് മരണശേഷം
ആണു സാരംഗി ഈ തൊഴിലുമായി ഇറങ്ങുന്നത്.അമ്മയും അനുജനുമടങ്ങുന്ന കുടുംബം ഈ വരുമാനത്തില്‍ കഴിയുന്നു..
ഇന്നവള്‍ സന്തോഷവതിയാണ് ദിവസവും മുന്നൂറു മുതല്‍ നാനൂറു രൂപവരെ കിട്ടുന്നു.....
ക്യാമറ അമ്മയുടെ നേരെ നീങ്ങി....
ബേഠി ....ഈ സീസണ്‍ കഴിഞ്ഞാല്‍ സാരംഗിയുടെ വിവാഹം നടത്തണം.ലോകകപ്പിന്‍റെ ഫൈനലിനു മുന്‍പേ ഇവളുടെ മുറചെറുക്കന്‍ കൂടുതല്‍ പന്തുകളുമായി വരും,അവന്‍റെ വരവിനായി ഞങ്ങള്‍ കാത്തിരിക്കുന്നു.....
അതു പറയുമ്പോള്‍ സാരംഗിയുടെ കണ്ണുകള്‍ കൂടുതല്‍ പ്രകാശം,നുണക്കുഴി തെളിഞ്ഞു വന്നു....
അനുജനു പറയാനുള്ളത് ദീദിയുടെ കല്യാണത്തെക്കുറിച്ചുള്ള സങ്കല്പ്മായിരുന്നു.ഞങ്ങളുടെ ഗ്രാമത്തിലെ ഒരു ഉത്സവമാക്കും ഈ വിവാഹം..
സന്തുഷ്ടമായ ഒരു കുടുംബത്തിനെ പരിചയപ്പെടുത്തി നഗരകാഴ്ചയുടെ അന്നത്തെ എപ്പിസോഡ് പൂര്‍ത്തിയാക്കി.


ഇന്നു അർജന്റീനയുടെ
 മത്സരമാണ്,ദീപ്തിയുടെ ഇഷ്ട ടീം ആണ്.കളി കണ്ടിട്ടു വേണം ഉറങ്ങാന്‍.ലാപ്ടോപ്പ് ഓഫ് ചെയ്ത് ടി.വിയുടെ റിമോട്ടില്‍ വിരലമര്‍ത്തി...
ഏഞ്ജൽ ഡി മരിയയുടെ ഇടതു വിങിലൂടെയൂള്ള മുന്നേറ്റം.ആകാംഷയോടെ എല്ലാ കണ്ണുകളുംപെട്ടന്നാണൂ മെസ്സിയിലേക്കു പാസ് എത്തിയതുമൂന്നു ഡിഫൻഡർമാരെ വെട്ടിച്ച്  മനോഹരമായി ചിപ്പ് ചെയ്തു
പന്ത് ഗോള്‍ പോറ്റിലേക്ക്....പെട്ടന്നായിരുന്നു മൊബൈല്‍ ശബ്ദിച്ചത് തന്‍റെ ക്യാമറമാന്‍ ഹരീഷ് ആയിരുന്നു മറുവശത്ത്...
എന്താ ഹരീഷ്?ഒരു എക്സ്ക്ലൂസീവ്....എന്താണ്?താന്‍ വേഗം റെഡിയാക് ഞാന്‍ വണ്ടിയുമായി വരാം...
മെസ്സി അടിച്ച പന്ത് ഗോളായോ എന്നു പോലും നോക്കാന്‍ തുനിഞ്ഞില്ല.
സതീഷിന്‍റെ ബൈക്കിന്‍റെ പിന്നില്‍ പോകുമ്പോഴും ആശങ്കയായിരുന്നു അവളുടെ മനസ്സു മുഴുവനും.ബൈക്ക് നിന്നത് മുനസിപ്പല്‍ സ്റ്റേഡിയത്തിനു മുന്നില്‍ ആയിരുന്നു..
ഫ്ലഡ് ലൈറ്റിന്‍റെ വെളിച്ചത്തില്‍ സ്റ്റേഡിയം നിറയെ പോലീസുകാര്‍,കമഴ് ന്നു കിടക്കുന്ന ഒരു ശരീരം.മറ്റൊരു മത്സരം കഴിഞ്ഞ മൈതാനം പോലെ ആ ശരീരത്തില്‍ പലയിടത്തും കീറി മുറിഞ്ഞിരിക്കുന്നു.നഗ്നത മറയ്ക്കാനായി പലതരം ജേഴ്സികള്‍.....
വീശിയടിച്ച കാറ്റില്‍ ആ ശരീരത്തില്‍ കിടന്ന അര്‍ജന്‍റീനിയന്‍ ജേര്‍സി മെല്ലെ വഴിമാറി.......ഈശ്വരാ....തിളങ്ങുന്ന ചുവന്ന മൂക്കുത്തി.....


പോലീസിന്‍റെ ഭാഷ്യം ഇങ്ങനെ ആയിരുന്നു.നഗരകാഴ്ചയില്‍ സാരംഗിയെ കണ്ട ചെറുപ്പക്കാര്‍ അവളെ തട്ടികൊണ്ടു വരികയായിരുന്നു.സ്റ്റേഡിയത്തില്‍ വച്ചവളെ മാനഭംഗപ്പെടുത്തി കൊന്നതാണ്.....
ലാറ്റിനമേരിക്കന്‍ മാന്ത്രികതയും,യൂറോപ്യന്‍ വേഗതയും,ആഫ്രിക്കന്‍ ടാക്ലിംഗും എല്ലാം ആ പെണ്‍കുട്ടിയില്‍......
ദീപ്തിയുടെ ചുണ്ടുകള്‍ വരണ്ടു കുഴഞ്ഞു വീണു പോകാതിരിക്കാന്‍ ഹരീഷിന്‍റെ കൈകളില്‍ അമര്‍ത്തി പിടിച്ചു......
പിറ്റേദിവസത്തെ “നഗരകാഴ്ചയുടെ പുതിയ എപ്പിസോഡില്‍ ദീപ്തിയുണ്ടായിരുന്നില്ല,പകരം മറ്റൊരു പെണ്‍കുട്ടി...
ക്ലോസപ്പില്‍ വെള്ളതുണിയില്‍ പൊതിഞ്ഞ ശരീരം..........

ചാനല്‍ സംസ്ക്കാരത്തില്‍ അറിയാതെ വീണു പോയ ഇര.....
ഇന്നത്തെ മുഖം നാളത്തെ എക്സ്ക്ലൂസീവ്

2013, ഡിസംബർ 6, വെള്ളിയാഴ്‌ച

സൈറയുടെ നൊമ്പരം








മൂന്നാം നിലയിലെ തന്റെ ഫ്ലാറ്റില്‍ നിന്ന് ജമാല്‍ താഴേക്കു നോക്കി റോഡിലൂടെ അതിവേഗതയില്‍ പോകുന്ന വാഹനങ്ങള്‍ ,പാതയോരത്ത് പതിവിനു വിപരീതമായി കച്ചവടക്കാര്‍ വളരെ കുറവ്‌ ,ജിദ്ദയിലെ ഈ മാറ്റം നിതാക്കത്തിന്റെ ചെക്കിംഗ് വന്നതുമുതല്‍ പ്രകടമായതാണ് ,വിരസമായ മറ്റൊരു ആഴ്ചയുടെ അന്ത്യം എന്ന്  മനസ്സിലോര്‍ത്തു .

ജമാല്‍ സുഡാനില്‍ നിന്ന് ജിദ്ദയില്‍ എത്തിയിട്ട് അധിക കാലം ആയിട്ടില്ല .
സുഹൃത്ത് വലയങ്ങള്‍ അവനില്ല .അത് കൊണ്ടുതന്നെ സ്വന്തമായി ഒരു ഫ്ലാറ്റ് എടുത്തു താമസിക്കുന്നു .അവന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു യൂറോപ്പിലേക്ക്  കുടിയേറുക എന്നത് ,തന്റെ ബാല്യകാല സുഹൃത്തുക്കള്‍ പലരും ഇതിനകം യൂറോപ്പില്‍ എത്തി .വൈകുന്നേരങ്ങളിലെ ഫേസ്ബുക്ക് ചാറ്റിംഗില്‍ ഗ്രിഹാതുരുത്വമായ ഓര്‍മ്മകള്‍ പങ്കുവയ്ക്കുമ്പോഴും യൂറോപ്പില്‍ എത്തുക ഒരു വിദൂര സ്വപ്നമായി അവന്റെ മനസ്സില്‍ അവശേഷിച്ചു .

ഇതിനിടയില്‍ താഴെ റോഡില്‍ നിന്ന് ഒരു ബഹളം കേട്ടത്,ഒരു കാര്‍ മറ്റൊന്നില്‍ മുട്ടിയിരിക്കുന്നു .രണ്ടും അറബികള്‍ പരസ്പരം ഹസ്തദാനം ചെയ്യുന്നതും
 കയര്‍ത്തു സംസാരിക്കുന്നതും എല്ലാം നോക്കിനിന്നു .

ഇതിനിടയിലൂടെ ഒരു സ്ത്രീ തന്റെ കെട്ടിടത്തിലേക്ക്‌ അതിവേഗം
 നടന്നു വരുന്നു .കറുത്ത മൂടപടവും,പര്‍ദയും ഇട്ടിട്ടുണ്ട്  എങ്കിലും ജമാലിന് അവളെ ഏതു ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നുപോലും തിരിച്ചറിയാം .
വിരസത എവിടെയോ പോയി ഒളിച്ചു .കാലിന്റെ തള്ളവിരലില്‍ നിന്ന് ഉന്മേഷം തലയോട്ടിവരെ പ്രവഹിച്ചു .ചുരുണ്ടു കൂടി കിടന്ന കട്ടിലിലെ വിരിയും ബ്ലാങ്കറ്റും നേരെയാക്കി ,വലിച്ചു കൂട്ടി ഇട്ടിരുന്ന ആസ്ട്രയിലെ സിഗരറ്റ് കുട്ടികള്‍ വേസ്റ്റ് ബോക്സിലെക്കിട്ടു ,റൂം ഫ്രഷ്‌നര്‍ എടുത്ത്‌ സ്പ്രേ ചെയ്തു
മുഷിപ്പിക്കുന്ന ഗന്ധത്തില്‍ നിന്ന് പെട്ടന്ന് മോചിതനായത് പോലെ.

അധികം  കാത്തു നില്‍ക്കേണ്ടി വന്നില്ല ,മൃദുവായ തട്ട് വാതിലില്‍ കേട്ടു.അവന്‍ മെല്ലെ കതകു തുറന്നു .അവള്‍ക്ക് അപ്പോഴും ധൃതിക്ക് കുറവ്‌ ഇല്ലായിരുന്നു
അവനെ അവഗണിച്ച് ഉള്ളിലേക്ക് നടന്നു .
ജമാല്‍ എനിക്കിത്തിരി വെള്ളം വേണം ,അവളുടെ ശബ്ദം എന്റെ മുറിയില്‍ മുഴങ്ങി അറബി ഭാഷയുടെ സൌന്ദര്യം ഇത്രമാനോഹരമാണോ എന്ന് അവന്‍ പലപ്പോഴും ഓര്‍ക്കുന്നത് അവളുടെ വാക്കുകള്‍ കേള്‍ക്കുമ്പോഴാണ് .
ജമാല്‍ ഫ്രിഡ്ജില്‍ നിന്ന് തണുത്ത വെള്ളം ഒരു ഗ്ലാസ്സിലേക്ക് പകര്‍ന്നെടുത്ത് അവള്‍ക്കായി നീട്ടി  അപ്പോഴേക്കും അവള്‍ മുഖപടം അഴിച്ചു മാറ്റിയിരുന്നു .
ഗോതമ്പിന്റെ നിറമുള്ള മുഖത്ത് നീളമേറിയ കണ്ണുകള്‍ ,നീണ്ട മൂക്ക് സ്വര്‍ണ്ണ ധൂളികള്‍ പോലെ നേര്‍ത്ത് രോമങ്ങള്‍, അവളുടെ ചുണ്ടിന് മുകളില്‍ വിയര്‍പ്പിന്റെ കണികകള്‍ പറ്റിപിടിച്ചു നില്‍ക്കുന്നു ,ദാഹിക്കുന്ന ചുണ്ടുകള്‍ അവന്‍ കൊടുത്ത ഗ്ലാസിനെ വശ്യതയോടെ ചുംബിച്ചു .
സൈറ അതായിരുന്നു അവളുടെ പേര്‍ .ഒരു വൈകുന്നേരം സുഡാന്‍ ഭക്ഷണം കഴിക്കാനായി ആഫ്രിക്കന്‍ വംശജര്‍ താമസിക്കുന്ന സ്ഥലത്ത് പോയി " സിഗിനി " എന്ന് വിളിക്കുന്ന ഭക്ഷണം വയര്‍  നിറയെ കഴിച്ചു ഒരു സിഗരറ്റിനു തീയും കൊളുത്തി നടന്നു വരാവേയാണ് സൈറയുമായി പരിചയമാകുന്നത്.
ശരീരം വിറ്റ്‌ ജീവിക്കുന്നവരും ,പിടിച്ചു പറിക്കാരും പോക്കറ്റടിക്കാരും എന്ന് വേണ്ട സമൂഹത്തിന്റെ അഴുക്ക് ചാല്‍ എന്ന് വിളിപ്പേരുള്ള
 ഇവിടെ എത്യോപ്യ ,സുഡാന്‍ ,യമന്‍  എന്ന് വേണ്ട ഒറ്റവാക്കില്‍ പറഞ്ഞാല്‍ കറുപ്പന്മാരും ,കറുപ്പത്തികളും തിങ്ങി നിറഞ്ഞ ഇവിടെയാണ് സൈറയും ഉണ്ടായിരുന്നത് അവളുമായുള്ള പരിചയം വേഗംതന്നെ വളര്‍ന്നു .വ്യാഴാഴ്ചരാത്രികളില്‍ അവളുടെ സാമീപ്യം ജമാലിന് ഒഴിച്ചു കൂടാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നു .
ഇന്നും വ്യാഴാഴ്ചയാണ്  സൈറ പതിവുപോലെ എത്തിയതാണ്  ജമാല്‍ അവളുടെ കണ്ണുകളിലേക്ക്‌ നോക്കി
സൈറ ...എന്ത് പറ്റി നിനക്ക് ?
നിന്റെ ധ്രിതിയും വെപ്രാളവും എനിക്ക് സഹിക്കാന്‍ കഴിയുന്നില്ല ?
ജമാലിന്റെ  ചോദ്യത്തിന് മറുപടി പറയാതെ അവള്‍ പര്‍ദ്ദ അഴിച്ചു മാറ്റി ഹാങ്കറിലെക്കിട്ടു ജീന്‍സും, ടീഷര്‍ട്ടും ധരിച്ച് ഷാമ്പു തേച്ച് നീളമുള്ള മുടി മുന്നിലെക്കെടുത്തിട്ടു എയര്‍കണ്ടീഷണറിന്റെ നേര്‍ത്ത കാറ്റ് അവളുടെ മുടിയിഴയില്‍ തട്ടി പറന്നു കൊണ്ടിരുന്നു .
ജമാല്‍ സൈറയെ ആദ്യമായി കാണുന്നത് പോലെ നോക്കി ,ഇളം നീല നിറത്തിലുള്ള ജീന്‍സില്‍  അവളുടെ തടിച്ച കാലുകള്‍ എടുത്തു കാട്ടി ,ഇടുങ്ങിയ അരക്കെട്ട്  അറബ് സ്ത്രീയുടെ സൌന്ദര്യം അവനെ വികാരത്തിന്റെ മത്ത്‌ പിടിപ്പിച്ചു അവളുടെ തോളില്‍ അവന്‍ പിടിച്ചു .
ജമാല്‍ ...ഒരു തേങ്ങലോടെ അവന്റെ മാറിടത്തില്‍ തല ചായ്ച്ചു അവളുടെ കണ്ണുകളില്‍ നിന്ന് വെള്ളം ധാര ധാരയായി അവന്റെ ശരീരത്തില്‍ പടര്‍ന്നപ്പോഴാണ് സ്ഥലകാല ബോധമുണ്ടായത് .
സൈറ എന്താണ് ?വേവലാതിയോടെയുള്ള  ചോദ്യത്തിന് ശക്തിയോടെയുള്ള കരച്ചില്‍ ആയിരുന്നു മറുപടി .
ജമാല്‍ തന്റെ ചുണ്ടു കൊണ്ടു അവളുടെ കണ്ണീരൊപ്പി ചുണ്ടുകള്‍ ചുണ്ടുകളോടെ ചേര്‍ത്തു.അവളുടെ വിറയ്ക്കുന്ന ചുണ്ടുകള്‍ അവന്‍ തിരിച്ചറിഞ്ഞു .സൈറ എന്താ നിന്റെ പ്രശ്നം എന്തായാലും നമുക്ക് പരിഹരിക്കാം ,അവന്റെ വാക്കുകളില്‍ അവള്‍ നേരത്ത് പുഞ്ചിരിച്ചു .അപ്പോഴും വിഷാദം അവളുടെ മുഖത്ത്‌ അലയടിച്ചു നിന്നിരുന്നു .
വാഷ്ബേസിനില്‍ മുഖം കഴുകിയിട്ട് അവള്‍ തിരികെ വന്നു .
ജമാല്‍ ഇത് നമ്മുടെ അവസാന രാവാണ് ഒന്നും മനസ്സിലാകാതെ അവന്‍ മിഴിച്ചു നിന്നു.
സൈറ ഇതുവരെ പറയാത്ത അവളുടെ കഥയുടെ ചുരുള്‍ അഴിക്കാന്‍ തുടങ്ങി .ജമാല്‍ ഞാന്‍ ആരെന്നു നിനക്ക് അറിയാമോ? ഏതോ കാലത്ത്‌ എത്യോപ്യയില്‍ നിന്ന് വന്ന കുടുംബത്തിലെ അംഗം ,ശരീരം വിറ്റ് ജീവിച്ച എന്റെ മാതാവിന് ഏതോ പുരുഷ്യന് ഉണ്ടായ മകള്‍ ,ബാപ്പ ആരെന്നറിയാതെ ഇത്രയും കാലം അതിന്റെ ആവശ്യവും ഉണ്ടായിരുന്നില്ല സൗദി തന്നെ എന്റെ രാജ്യം .ഇന്ന് ഞാന്‍ അനാഥയാണ് ഉമ്മയും ഇല്ല സഹോദരങ്ങളും...
 നിന്നെ പോലെ പലരും തരുന്ന പണമാണ് എന്റെ ജീവിത ചെലവ് .
നിയമങ്ങള്‍ മാറി വന്നത് കണ്ടില്ലേ ,നീയും കേട്ടില്ലേ"നിതാഖത്ത്  " എത്യോപ്യക്കാരെ പലരെയും പോലീസ്‌ പിടിച്ചു കൊണ്ടു പോകുന്നു നാട് കടത്തുന്നു ,ദിവസവും പത്രങ്ങളിലെ വാര്‍ത്തകള്‍ ....ജമാല്‍ എനിക്കാകെ ഭയമാകുന്നു ...ഞാന്‍ എങ്ങോട്ട് പോകും  ജനിച്ച രാജ്യത്തും സ്വന്തം രാജ്യത്തും രേഖകള്‍ വേണം
ഞാന്‍ എന്ത് ചെയ്യും ?
അവളുടെ ചോദ്യത്തില്‍ നാടുകടത്തലിന്റെ ഭീതിയുണ്ടായിരുന്നു.ഒരു പരിചയവും ഇല്ലാത്ത എത്യോപ്യയില്‍ പോയാല്‍ എങ്ങനെ ജീവിക്കും ജമാലിനും മറുപടി ഉണ്ടായിരുന്നില്ല .
ഉറക്കമില്ലാത്ത രാത്രിയില്‍ ആലിംഗനത്തിന്റെയും ആശ്ലേഷത്തിനുമിടയില്‍ എപ്പോഴോ സൈറ പറഞ്ഞു "ജമാല്‍ നിനക്കെന്നെ വിവാഹം കഴിക്കാന്‍ കഴിയുമോ?" ഇല്ലല്ലേ ?
മറുപടിയും അവള്‍ തന്നെ പറഞ്ഞു .രേഖകള്‍ കഥ പറയുന്ന നാട്ടില്‍ അതിനും കഴിയില്ലല്ലോ !!നഗ്നമായ അവളുടെ  ശരീരത്തിലൂടെ ഉഴറി നടന്ന കൈകള്‍ നിശ്ചലമായി ..മറുപടി പറയാനായി അവന്റെ ചുണ്ടുകള്‍ പിളര്‍ന്നെങ്കിലും അവന്‍ നിശബ്ദനായി ...
നേരം പുലര്‍ന്നിരുന്നു ജമാല്‍ തന്റെ കൈവശമുണ്ടായിരുന്ന പണം അവള്‍ക്കു നേരെ നീട്ടി ,ദീര്‍ഘമേറിയ ചുംബനമായിരുന്നു അതിനു മറുപടി ,
ഇന്‍ഷാഅള്ളാ പറഞ്ഞു മുഴുമിപ്പിക്കാന്‍ ആവാതെ അവള്‍  നടന്നു നീങ്ങി ...
എപ്പോഴോ ജമാല്‍ ഒന്ന് മയങ്ങി അപായ സൈറന്റെ കാതടിപ്പിക്കുന്ന ശബ്ദം കേട്ടാണ്  അവന്‍ കണ്ണുതുറന്നത് ,പുറത്ത്‌ ശക്തമായ പോലീസ്‌ ചെക്കിംഗ്
 രേഖകള്‍ ഇല്ലാത്തവരെ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തിലേക്ക്  മാറ്റുന്നു ...
ജമാല്‍ തന്റെ  ജനലിലൂടെ പുറത്തേക്ക്‌ നോക്കുമ്പോള്‍ ദൂരെ നിന്ന് ഒരു കൂട്ടം സ്ത്രീകളെയും കൊണ്ടു പുറപ്പെടാന്‍  ഒരു വാഹനം തയ്യാറായി നില്‍ക്കുന്നു ...
ജമാലിന്റെ നെഞ്ചിടിപ്പിന്റെ വേഗത വര്‍ദ്ദിച്ചു ...

സൈറ ഈ കൂട്ടത്തില്‍ എവിടെയെങ്കിലും ഉണ്ടോ ?കണ്ണുകള്‍ പലയിടത്തും പരത്തി ...

പിന്നീടുള്ള  വ്യാഴ്ചകളില്‍ അവളുടെ സാന്നിധ്യം ഒരിക്കലും അവനു കിട്ടിയില്ല ...

ജാലകം

2011, ജൂലൈ 21, വ്യാഴാഴ്‌ച

ബന്ധങ്ങള്‍ (ചെറുകഥ)

ജാലകം 
നേരം പുലര്‍ന്നു കഴിഞ്ഞിരിക്കുന്നു,മുറ്റത്തേക്ക് വലിച്ചെറിഞ്ഞ
പത്രത്തിന്‍റെ നേര്‍ത്ത ശബ്ദം കാതിലുടക്കി നിന്നു.
ജനല്‍ പാളികള്‍ക്കിടയിലൂടെ പ്രഭാതത്തിന്‍റെ പൊന്‍ കിരണങ്ങള്‍ മുറിക്കുള്ളിലേക്ക് എത്തി നോക്കാന്‍ തുടങ്ങിയിരിക്കുന്നു.ഞാന്‍ മെല്ലെ എഴുന്നേറ്റു.ആരെയും കാണുന്നില്ല,
അടുക്കളയില്‍ നിന്നു പോലും നിശ്ശബ്ദത,
രാവിലെ എപ്പോഴും ശബ്ദമുഖിരതമായിരിക്കും അവിടെ അമ്മയുടെയും അനുജത്തിയുടെയും ഉച്ചത്തിലുള്ള ശബ്ദമായിരിക്കും മിക്കപ്പോഴും,അമ്മയുടെ അഭിപ്രായത്തില്‍ അനുജത്തി ഒരു മടിച്ചിയാണ് എപ്പോഴും കളിച്ചു നടക്കും അമ്മയെ സഹായിക്കാന്‍ ചെല്ലാത്തതിന്‍റെ ദേഷ്യം ആകാം...
അന്യവീട്ടില്‍ ചെന്നു കയറണ്ട കുട്ടി ആണ്,ഇതൊക്കെ ആരാ പഠിപ്പിച്ചത് എന്നു
ചോദിച്ചാല്‍ എനിക്കല്ലേ നാണക്കേട്...
അതിനു മറുപടിയായി അവള്‍ പാത്രങ്ങള്‍ കൂടുതല്‍ ശബ്ദമുണ്ടാക്കി വൃത്തിയാക്കുന്നുണ്ടാകും..
ഇതെന്തു പറ്റി? ആരുടെയും അനക്കം കേള്‍ക്കുന്നില്ല,തന്‍റെ പതിവു ചായയും എത്തിയിട്ടില്ല.
പത്രം എടുത്ത് തുറന്നു നോക്കി,ഞാനാദ്യം നോക്കുന്നത് സ്പോര്‍ട്സ് പേജാണ് ചെറുപ്പം മുതലേയുള്ള ശീലം..
അമ്മേ.... നീട്ടി വിളിച്ചു,മറുപടിയില്ല,പത്രതാളിലൂടെ കണ്ണോടിച്ച് പുറത്തിറങ്ങി.മണിയന്‍ നായ് തലയുയര്‍ത്തി നോക്കി പിന്നെയും തലതാഴ്ത്തി കണ്ണടച്ചു.മുറ്റത്തെ നെല്ലി മരത്തില്‍ തങ്ങിയിരുന്ന വെള്ളത്തുള്ളികള്‍ ചെറുകാറ്റില്‍ അടര്‍ന്നു വീണ് ശരീരത്തിനു കുളിര്‍മ പകര്‍ന്നു.പുറത്തുകൂടെ നടന്നു പിന്നാമ്പുറത്തെത്തി,അനുജത്തി നിന്നു തേങ്ങുന്നു,അമ്മ എന്തൊക്കെയോ പറഞ്ഞു ആശ്വസിപ്പിക്കുന്നു...

ഞാന്‍ കിതയ്ക്കുകയായിരുന്നു,അനുജത്തിയുടെ വീട്ടിലേക്കുള്ള കുന്നു കയറിയതിന്‍റെയും,നീണ്ട യാത്ര കഴിഞ്ഞതിന്‍റെയും ക്ഷീണം.അവള്‍ കൊണ്ടു തന്ന സംഭാരവും കുടിച്ചു തളര്‍ന്നിരിക്കുകയായിരുന്നു.അനുജത്തിയെ കാണാനായി മാത്രം ഇത്രയും ദൂരം വന്നത്.
എനിക്കാകെയുള്ള കൂടെ പിറപ്പ്,ജീവിതയാത്രയിലൂടെയുള്ള പരക്കം പാച്ചലില്‍ ബോധപൂര്‍വ്വം മറന്നു കളഞ്ഞ മുഖം.കഴിഞ്ഞ ദിവസം ഉറക്കത്തില്‍ ആയിരുന്നു അമ്മയെ സ്വപ്നം കണ്ടത്,അമ്മയുടെ ചോദ്യം നീ അവളെ മറന്നു അല്ലേ?
പ്രായാധിക്യത്താല്‍ സഞ്ചരിക്കാന്‍ കഴിയില്ലങ്കിലും അവളെ കാണാതിരിക്കാന്‍
മനസു സമ്മതിച്ചില്ല.
ഏട്ടാ...എന്താ ആലോചിക്കുന്നത്?
ഓ....നിന്‍റെ ഒരു കോലം,ഈശ്വരാ എത്ര നാളായി ഏട്ടനെ ഒന്നു കണ്ടിട്ട്....വല്ലപ്പോഴും കേള്‍ക്കുന്ന ശബ്ദം മാത്രം അതും ഫോണിലൂടെ മറന്നു അല്ലേ?അവളുടെ പായാരം ,
പുഞ്ചിരിച്ചു കൊണ്ട് അവളുടെ ശിരസ്സില്‍ തലോടി...
എന്നെക്കാള്‍ പ്രായം തോന്നുന്നു അവള്‍ക്ക്,നരച്ച തലമുടി,കട്ടി ഫ്രെയിമുള്ള കണ്ണട.ഏട്ടാ എന്നു വിളിച്ച് എന്‍റെ പിന്നാലെ കൂടുന്ന അനുജത്തിയുടെ മുഖം ഓര്‍മവന്നു,എത്ര അന്തരം...
ഏട്ടത്തിക്കും കുട്ടികള്‍ക്കും.....സുഖമാണ് ,അവള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയില്ല അല്ലായിരുന്നെങ്കില്‍ ഞാന്‍ കൂട്ടിയേനെ,കുട്ടികള്‍ എല്ലാം വിദേശത്ത്....
എവിടെ അളിയന്‍?പുറത്തു പോയതാണ് ഊണു കാലമാകുമ്പോഴേക്കും ഇങ്ങെത്തും ,
കുട്ടി എന്തിയേ?അവന്‍ അമേരിക്കയില്‍ അല്ലേ,ഇടയ്ക്കു വിളിക്കും വലിയ തുകകളുടെ ചെക്കയക്കും....ഒന്നു കാണാന്‍ കൊതിയാകുന്നു അവനെ....

ഏട്ടനു നാട്ടില്‍ വന്നു കൂടെ?എന്തിനാ ഇത്രയും ദൂരെ....
അതു നിയോഗമാണു മോളെ...ദേശാടനത്തില്‍ കണ്ടു മുട്ടി അവളെ,അനാഥമായ ജന്മം ,കുട്ടികളായി സ്വന്തമെന്നു പറയാന്‍ വീടായി ഇഴുകി ചേര്‍ന്നു ഉത്തരേന്ത്യയുമായി.ഇനിയൊരു പറിച്ചു നടല്‍ അസാധ്യമാണ്.
ഞാനിപ്പോള്‍ വരാം ഏട്ടനു എന്‍റെ കൈകള്‍ കൊണ്ട് ഭക്ഷണമുണ്ടാക്കി തരണം.

ഞാന്‍ പിന്നെയും കണ്ണടച്ചു കിടന്നു.ഫാനിന്‍റെ നേര്‍ത്ത മുരള്‍ച്ച കണ്ണുകള്‍ മെല്ലെ അടഞ്ഞു......
അമ്മേ എന്താ അവിടെ?എന്തിനാ അവള്‍ കരയുന്നേ?ചായയുമായി വന്ന അമ്മയോട് ചോദിച്ചു....
പുഞ്ചിരിച്ചു കൊണ്ട് അമ്മ പറഞ്ഞു അതോ അവളുടെ വാലു മുറിഞ്ഞു പോയി...വാലോ?
അമ്മ എപ്പോഴും അങ്ങനെയാണ് തമാശ രീതിയിലേ കാര്യങ്ങള്‍ അവതരിപ്പിക്കൂ...
അതോ ...നമ്മുടെ പിങ്കു ഇല്ലേ ചത്തു പോയി.പിങ്കുവോ?അനുജത്തിയുടെ വാലു തന്നെയാണു ആ പൂച്ച.ബോബനും മോളിയുടെ ചിത്രകഥയിലെ പട്ടിയെ പോലെ എപ്പോള്‍ അനുജത്തിയെ കാണുന്നുവോ അപ്പോഴൊക്കെ പിങ്കുവും കൂടെ കാണും...
ഞാന്‍ എപ്പോഴും കളിയാക്കും ഇരട്ടപെറ്റതാണമ്മ എന്ന്,അവളെ പോലെ ഒരു മടിച്ചി പൂച്ച അനുജത്തി ഉറങ്ങുകയാണെങ്കില്‍ കട്ടിലിന്‍റെ ചുവട്ടില്‍ ഇതിനെകാണാം...
അങ്ങനെ ഏതു സമയവും അതാണു ചത്തത്..

ഒരു വേനല്‍ക്കാലത്ത് അനുജത്തി പതിവു പോലെ ഉച്ച ഭക്ഷണത്തിനു ശേഷം തറയില്‍ കിടന്നുറങ്ങുകയായിരുന്നു,പിങ്കുവും കൂട്ടിനുണ്ട്.എപ്പോഴാണെന്നു അറിയില്ല ശീല്‍ഖാരവും ആക്രോശവും കേട്ടവള്‍ കണ്ണു തുറക്കുമ്പോള്‍ പത്തി വിടര്‍ത്തിയാടുന്ന പാമ്പും അതിനെ അവളുടെ അടുക്കലേക്ക് വരാന്‍ കഴിയാത്ത വിധം തടുക്കുന്ന പിങ്കുവും ,അനുജത്തിയുടെ അലറി കരച്ചിലില്‍ അയല്‍ പക്കക്കാര്‍ ഓടി കൂടി പാമ്പിനെ തല്ലി കൊന്നു,ഒറ്റദിവസം കൊണ്ട് പിങ്കു ഹീറോ ആയി വീട്ടില്‍...
പിന്നെ എപ്പോഴും അത് കൂട്ടിനുണ്ടാകും അതാണിന്നു ചത്തത് അവള്‍ക്കു സഹിക്കുമോ?
അതിന്‍റെ ദു:ഖത്തിലാണവള്‍.എല്ലാരെയും സ്നേഹിക്കുന്ന അനുജത്തി...
ഏട്ടാ,ഏട്ടാ....ഭക്ഷണം തയ്യാര്‍...
അവളുടെ വിളിയില്‍ ഞാനുണര്‍ന്നു,അമ്മയുടെ അതേ കൈപുണ്യം,
മാമ്പഴ പുളിശ്ശേരിയും,പൂനെല്ലിന്‍റെ ചോറും....
അറിയാതെ കണ്ണില്‍ നിന്നു രണ്ടു തുള്ളി അടര്‍ന്നു വീണു...അമ്മ മുന്നില്‍ വന്നു വിളമ്പി തരുന്നതു പോലെ....

നേരം മയങ്ങിയതും,രാത്രി വന്നതും രണ്ടാളും അറിഞ്ഞില്ല,നാട്ടു കാര്യവും,വീട്ടു കാര്യവും കുട്ടിക്കാലത്തെ കുസൃതിയും എല്ലാം പറഞ്ഞു കൊണ്ടിരുന്നു,വര്‍ഷങ്ങളുടെ ദൈര്‍ഘ്യം മഞ്ഞുരുകി പോയതുപോലെ...
രാത്രിയുടെ ഏതോ യാമത്തില്‍ ഉറങ്ങി ,ഇനി യാത്ര പറച്ചില്‍ അനുജത്തിയുടെ മുഖത്തേക്ക് നോക്കുവാന്‍ ശക്തിയില്ലാണ്ടായി,അവളുടെ കണ്ണില്‍ നിന്നു ധാര ധാരയായി കണ്ണീര്‍ ഇറ്റു വീണു കൊണ്ടിരുന്നു,ഞങ്ങള്‍ക്കിടയില്‍ അദൃശ്യമായ മതില്‍ കെട്ടുകള്‍ ആരോ പണിതു കൊണ്ടിരിക്കുന്നു.
ബാഗുമായി ഞാന്‍ പുറത്തേക്കിറങ്ങി,നിഴല്‍ പോലെ അനുജത്തിയും
...

ഏട്ടാ ഇനി .... നമ്മള്‍ വീണ്ടും കാണുമോ?അനുജത്തിയുടെ ചോദ്യത്തിനു മറുപടി പറയാന്‍ കഴിഞ്ഞില്ല, സത്യത്തില്‍ രണ്ടാളും ഒരിക്കലുമിനി കണ്ടുമുട്ടാന്‍ കഴിയില്ല ,പ്രായമായി രണ്ടാള്‍ക്കും,വ്യത്യസ്ഥമായ ധ്രുവങ്ങളില്‍ വസിക്കുന്നവര്‍.
കാണില്ലായിരിക്കും അല്ലേ? മറുപടിയും അവള്‍ തന്നെ ....
നമ്മുടെ കുട്ടികള്‍ എങ്കിലും ഒരുമിച്ചു കൂടുമോ?നമ്മുടെ കുടുംബത്തിന്‍റെ ഓര്‍മയ്ക്കായി....
അനുജത്തിയുടെ വിറയാര്‍ന്ന കൈകള്‍ ഞാന്‍ കൂട്ടി പിടിച്ചു ,കണ്ണില്‍ നിന്നുതിര്‍ന്ന കണ്ണീര്‍ തുടച്ചു എന്നിട്ടു പറഞ്ഞു..
വേരറ്റു പോയാല്‍ ചില്ലകള്‍ സ്വാതന്ത്ര്യത്തിലേക്ക് .... വേരിനെ ആരും അന്വേഷിക്കാറില്ല....
ഒരു പക്ഷെ നമ്മുടെ കുട്ടികളും അങ്ങനെ ആകാം,വേഗത്തിന്‍റെയും ,പണത്തിന്‍റെയും പിന്നാലെ പായുന്ന ആധുനിക സമൂഹത്തില്‍ മൂല്യങ്ങള്‍ക്ക് എന്തു പ്രസക്തി....അവര്‍ക്ക് പറയാന്‍ കഥകളും അനുഭവങ്ങളുമില്ലല്ലോ?അങ്ങനെ നമ്മുടെ കുട്ടികളും ആയി പോയിട്ടൂണ്ടെങ്കില്‍ അത് അവരുടെ തെറ്റല്ല....ഈ കാലഘട്ടത്തിന്‍റെ ആണ്.
അങ്ങനെ ആകാതിരിക്കട്ടെ നമ്മുടെ കുട്ടികളും ശുഭാപ്തി വിശ്വാസത്തോടെ പടികളിറങ്ങുമ്പോള്‍ ആത്ബന്ധത്തെ കീറി മുറിച്ചു കൊണ്ടു പോകാനെന്നപോലെ ദൂരെ നിന്നു എനിക്കു പോകുവാനുള്ള ബസ് വരുന്നുണ്ടായിരുന്നു.