പേജുകള്‍‌

2010 ജനുവരി 6, ബുധനാഴ്‌ച

ഒരു പ്രവാസത്തിന്റെ അന്ത്യം....

പ്രതീക്ഷകള്‍ നല്‍കി കൊണ്ടു ഒരു പുതു വര്‍ഷം കൂടി പൊട്ടിവീണു.ഓഫീസില്‍ എല്ലാവരുടെയും മുഖം മ്മ്ലാനത നിറഞ്ഞിരുന്നു.ഷെയര്‍ മാര്‍ക്കറ്റിലെ ഇടിവും,സാമ്പത്തിക മാന്ദ്യവും കമ്പനിയുടെ മുന്നോട്ടൂള്ള പ്രയാണത്തിനു തടസ്സം നേരിട്ടപ്പോള്‍ ചെയര്‍മാനാണ് അമേരിക്കന്‍ കണ്‍സള്‍ട്ടിംഗ് കമ്പനിയെ നിയമിച്ചത്.
കമ്പനി എങ്ങനെ ലാഭത്തില്‍ വരുത്താം എന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ടു നല്‍കാന്‍,
ഒരു മാസത്തെ അവധിയും നല്‍കി.ഇന്നാണു റിപ്പോര്‍ട്ടു നല്‍കുക.
അനന്തരം നടപടി എന്താണെന്നുള്ള ആശങ്ക ഓരോ മുഖത്തും നിഴലിച്ചിരുന്നു.
ആശങ്കകള്‍ക്കും,അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ട് റിപ്പോര്‍ട്ടു വന്നു.20% ആള്‍ക്കാരെ കുറയ്ക്കണം.എപ്പോഴും തിരക്കിട്ട് നടന്നു കൊണ്ടിരുന്ന ജോലികള്‍ പലതും ഇഴഞ്ഞിഴഞ്ഞ് നീങ്ങി.
രാവിലെ വന്നാല്‍ സോഷ്യല്‍ നെറ്റ്വര്‍ക്കു സൈറ്റുകളിലും,പത്രവായനുമായ നടന്നവര്‍ പോലും അതിനെല്ലാം താല്‍ക്കാലിക വിരാമമിട്ടു.വൈകിട്ടു നടക്കുന്ന ഷെയര്‍ ഹോള്‍ഡേഴ്സിന്റെ മീറ്റിങ്ങില്‍
അന്തിമരൂപം ഉണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍മാത്രം എല്ലാ കാതുകളിലും കറങ്ങി നടന്നു.തുടര്‍ന്നുള്ള ദിനങ്ങളിലും ഇത് തുടര്‍ന്നു കൊണ്ടിരുന്നു.
വേണു എക്സല്‍ഷീറ്റിലെ ഡെബിറ്റിന്റെയും,ക്രെഡിറ്റിന്റെയും കോളങ്ങളില്‍ എഴുതി ചേര്‍ക്കാന്‍ മറന്നുപോയ അക്കങ്ങളെക്കുറിച്ചു വേവലാതിപെട്ടില്ല.സ്വന്തം ജീവിതത്തിലെ ക്രെഡിറ്റു കോളങ്ങളില്‍ മാത്രമായിരുന്നു ചിന്ത.
പത്തുവര്‍ഷമായി ഈ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു.സ്നേഹിച്ച പെണ്ണിനെ തന്നെ വിവാഹം കഴിക്കാന്‍ ധൈര്യം കാണിച്ചപ്പോള്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയി.
പണം എന്ന നഗ്നമായ സത്യം തിരിച്ചറിഞ്ഞപ്പോള്‍ അത് എങ്ങനെയും ഉണ്ടാക്കിയേ അടങ്ങൂ എന്ന വാശിയില്‍ ഗള്‍ഫിലേക്ക് കയറി.ഓരോ പടി ചവട്ടികയറുമ്പോഴും മനസ്സില്‍ ആഹ്ലാദമായിരുന്നു.
മില്ല്യണുകളുടെ കണക്കുകള്‍ കൂട്ടുമ്പോഴും മാസാവസാനം വന്നെത്തുന്ന ചെറിയ തുകകളില്‍ മാത്രമായിരുന്നു ശ്രദ്ദ.ജീവിതത്തെ മെല്ലെ മെല്ലെ ഒരു കോണില്‍ അടുപ്പിച്ചു.ഒരു വീടായിരുന്നു ലക്ഷ്യം.
മകളുടെ പഠന സൗകര്യം കണക്കിലെടുത്ത് എറണാകുളം നഗരത്തിനുപുറത്ത് ഒരു ചെറിയ വീട് വാങ്ങി.അതിനായി കമ്പനിയിലെ സര്‍വ്വീസ് പൈസയും എല്ലാം കൂടെ കൂട്ടി തന്റെ ലക്ഷ്യം വിജയകരമായി പൂര്‍ത്തിയാക്കി.
സന്തോഷ സമ്രുദ്ദമായി ജീവിതം മുന്നോട്ടു പോകുമ്പോഴാണ് കേരള സര്‍ക്കാരിന്റെ സ്വപ്ന പദ്ദതിയായ സ്മാര്‍ട്ട് സിറ്റിക്കായുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നത്.അക്കൗണ്ടന്റായ വേണുവിന്റെ മനസ്സില്‍ ഉറങ്ങികിടന്ന ബിസിനസുകാരന്‍ ഉണര്‍ന്നു.സ്മാര്‍ട്ട് സിറ്റി പദ്ദതി പ്രദേശത്തിനടുത്തുതന്നെയുള്ള കാക്കനാട്ടെ പണി നടന്നു കൊണ്ടീരിക്കുന്ന വലിയ കെട്ടിട സമുച്ചയത്തില്‍ ഒരു ഫ്ലാറ്റ് സ്വന്തമാക്കണം എന്ന ആഗ്രഹം ഉടലെടുത്തു.
ധാരാളം തൊഴിലവസരങ്ങള്‍ ,സ്വദേശികളും,വിദേശികളുമായി ഒരു വലിയ വിഭാഗം
ആള്‍ക്കാര്‍ ഇവിടെ വരും എല്ലാവര്‍ക്കും താമസിക്കാന്‍ നഗരത്തില്‍ സ്ഥലം വേണ്ടേ?ഇപ്പോഴേ ഒരു ഫ്ലാറ്റ് ബുക്ക് ചെയ്താല്‍ പദ്ദതിതീര്‍ന്ന് പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ തന്റെ ഫ്ലാറ്റ് വാടകയ്ക്കോ,വില്‍ക്കുകയോ ചെയ്യാം.
പ്രവാസം വിട്ട് നാട്ടില്‍ പോയാലും സുഖമായി ജീവിക്കാനുള്ള ഒരു മുന്‍കരുതല്‍.അതിനുള്ള പണം സങ്കടിപ്പിക്കാനുള്ള നെട്ടോട്ടത്തില്‍ വീടിന്റെ ആധാരം ബാങ്കില്‍ വച്ച് ലോണ്‍ എടുത്തു.തന്റെ ശമ്പളത്തിന്റെ കുറച്ചുപൈസാ വീതം മാസാമാസം അടച്ചാല്‍ ബാങ്കിലെ കടവും തീരും,ഒപ്പം ഒരു ഫ്ലാറ്റും സ്വന്തമാകും.
വരാനിരിക്കുന്ന സൗഭാഗ്യത്തിന്റെ ബാലന്‍സ് ഷീറ്റ് നേരത്തെ തന്നെ തീര്‍ത്തു.
പെട്ടന്നു ഇന്റര്‍കോം ശബ്ദിച്ചു..വേണു പ്ലീസ് കം ടു മൈ ഓഫീസ് ചെയര്‍മാന്റെ ശബ്ദം എന്റെ ചിന്തക്കളെ ഉണര്‍ത്തി.എസിയുടെ കുളിമയിലും ചെയര്‍മാന്‍ വിയര്‍ക്കുന്നതുപോലെ തോന്നി.
സാര്‍....മുന്നിലെ കസേരയിലേക്കു വിരല്‍ ചൂണ്ടി പറഞ്ഞു വേണു ഇരിക്ക്.ചെയര്‍മാന്റെ ശബ്ദത്തില്‍ ഒരു പതര്‍ച്ച.
ഐ ആം സോറി...കമ്പനിയുടെ ഇന്നത്തെ പരിതാപകരമായ അവസ്ഥ അറിയാമല്ലോ?വേണുവിനെപ്പോലെ ഇന്റലിജന്റായ ഒരാളെ ഒഴിവാക്കുക എനിക്ക് ഓഹിക്കാന്‍ കഴിയുന്നതിനപ്പുറമാണ് ബട്ട്...ഫെയ്ത്ത് ,
എനിക്കിതല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയില്ല ഇത് മുകളില്‍ നിന്നുള്ള ഓര്‍ഡര്‍ ആണ്.
നീട്ടിയ പേപ്പര്‍ കഷണം കൈകളില്‍ ഇരുന്ന് വിറച്ചു.കണ്ണുകള്‍ അറിയാതെ നിറഞ്ഞുപോയി.
പത്തുവര്‍ഷം താനിരുന്ന ഓഫീസില്‍ തിരിച്ചെത്തിയപ്പോള്‍ വികാരഭരിതനായി.ഇന്നുവരെ ഉപയോഗിച്ച സിസ്റ്റത്തിലൂടെ വിരലുകള്‍ തഴുകി ഇറങ്ങി.ഇനി എന്ത്?? ഒരു വലിയ ചോദ്യ ചിഹ്നം
മനസ്സില്‍ നിറഞ്ഞു നിന്നു.സഹപ്രവര്‍ത്തകരില്‍ പലര്‍ക്കും എന്നെപ്പോലെ പിരിച്ചു വിടല്‍ നോട്ടീസ് കിട്ടിയിരിക്കുന്നു.കിട്ടാത്തവരുടെ സഹതാപം വേറെ.വേണുവിന്റെ ഉള്ളില്‍ കടല്‍ ആടി തിമിര്‍ക്കുകയായിരുന്നു.പണം ഉണ്ടാക്കാനായി ഞാനിവിടെ വന്നു.അതില്ലാതെ തിരികെ പോകുന്നു.കണ്ണുകളില്‍ ഇരുട്ടു കയറി.റൂമില്‍ തിരികെ എത്തുമ്പോഴേക്കും സമനിലതെറ്റിയവനെപ്പോലെ ആയി.....
പുതിയ ജോലി ,ഗള്‍ഫില്‍ മാന്ദ്യം ബാധിച്ചതിനാല്‍ എങ്ങും ഒഴിവുകള്‍ ഇല്ല.ഉള്ളതാകട്ടെ തദ്ദേശിയര്‍ക്കായി മാറ്റി വച്ചിരിക്കുന്നു.ആസന്നമായ മടങ്ങിപ്പോക്ക് വയ്യ....ഓര്‍ക്കുവാന്‍ ഭയമാകുന്നു
സ്മാര്‍ട്ട് സിറ്റിവന്നും ഇല്ല ...കടങ്ങള്‍ പെരുകുന്നു,ജോലിയും കൂടി നഷ്ടപ്പെട്ടു എങ്ങനെ സമൂഹത്തെ നോക്കും...ചിന്തകള്‍ കാടുകയറുവാന്‍ തുടങ്ങി.ആത്മഹത്യ അതുമാത്രമേ ഇനി എന്റെ മുന്നില്‍ കാണുന്നുള്ളൂ,ബാധ്യതകള്‍ കൂടി എനിക്കുപോകാന്‍ വയ്യ.ഞാന്‍ മരിച്ചാല്‍ സര്‍ക്കാര്‍ എന്റെ കടങ്ങള്‍എഴുതി തള്ളിയാലോ?? ചിന്തകള്‍ അണ്ണാറക്കണ്ണനെപ്പോലെ ഓടി നടന്നു.എപ്പോഴോ കണ്ണുകള്‍ക്ക് ഖനം വച്ചു.
നിദ്രയില്‍ മെല്ലെ ഊളിയിട്ടു......ഒരു കൂട്ടം ആള്‍ക്കാര്‍ വീടു വളയുന്നു,അവരുടെ നടുവില്‍ ഭാര്യ കരയുന്നു,മകള്‍ പേടിച്ച കണ്ണുമായി അമ്മയുടെ ഒപ്പം തേങ്ങുന്നു.അസഭ്യങ്ങളും,ആക്രോശങ്ങളും ആരോ ചിലര്‍ വീടിനു തീയിടുന്നു....
കത്തുന്ന പന്തങ്ങള്‍ പോലെ ഭാര്യയും മകളും.....അമ്മേ.....മ്മേ....വേണു ഉറക്കെ നിലവിളിച്ചു
വിയര്‍പ്പില്‍ മുങ്ങി കുളിച്ചു ഉറക്കത്തില്‍ നിന്നു ഞെട്ടിയുണര്‍ന്നു.ഒരു സ്വപ്നം മാത്രമാണെന്നറിയാന്‍ അയാള്‍ക്കു നിമിഷങ്ങള്‍ വേണ്ടി വന്നു.വല്ലാത്ത കിതപ്പ് ടേബിളിന്റെ മുകളില്‍ ഇരുന്ന വെള്ളമെടുത്തു കുടിച്ചു.
എന്നിട്ടും സമാധാനം ആകാതെ മൊബൈല്‍ എടുത്ത് ഭാര്യക്ക് വിളിച്ചു.എന്താ ഏട്ടാ ഈ പാതിരായ്ക്ക് അവളുടെ ശബ്ദം മനസ്സിന് കുറച്ചു കുളിര്‍മയേകി.ഒന്നും ഇല്ല വെറുതെ വിളിച്ചതാ എന്റെ മറുപടിയില്‍ അവള്‍ക്ക് വിശ്വാസം വന്നോ ആവോ?. വേണു ഒരു അന്തിമ തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു.ഞാന്‍ ആത്മഹത്യ ചെയ്താല്‍ അവള്‍ക്ക് ആരുമില്ല
എന്റെ സ്വപ്നത്തിന്റെ പ്രതിഫലനം ഒരു പക്ഷെ നടന്നു കൂടായ്കയില്ല.എനിക്കു ജീവിക്കണം.
ഈ മണലാരണ്യത്തില്‍ കഷ്ടപ്പെടുന്ന അത്രയും സമയം എന്റെ നാട്ടില്‍ കഷ്ടപ്പെട്ടാല്‍ സുഖമായി ജീവിക്കാം .
ഞാന്‍ പോകുന്നത് രക്തരൂക്ഷിതമായ പലസ്തീനിലേക്കോ,അഫ്ഗാനിസ്താനിലേക്കോ ,
പട്ടിണി മരണം നടമാടുന്ന സോമാലിയയിലേക്കോ അല്ല .രാഷ്ട്രീയ കോമരങ്ങളുടെ അതിപ്രസരമുണ്ടെങ്കിലും എന്റെ നാട് എന്നും ദൈവത്തിന്റെ സ്വന്തം നാടുതന്നെ.ആത്മവിശ്വാസത്തിന്റെ പുതിയ മുഖവുമായി വേണു നാട്ടിലേക്കുള്ള യാത്രയുടെ ഒരുക്കള്‍ തുടങ്ങി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ