പേജുകള്‍‌

2010, ഓഗസ്റ്റ് 17, ചൊവ്വാഴ്ച

തിരക്കഥ (ചെറുകഥ)

അയാള്‍ എഴുതികൊണ്ടിരിക്കുന്ന സ്ക്രിപ്റ്റ് ഒരാവര്‍ത്തി വായിച്ചു.എഴുത്തിന്‍റെ പുരോഗതിയില്‍ അയാള്‍ സംതൃപ്തനായിരുന്നു.അടുത്ത കാലത്തൊന്നും ഇതുപോലെ വരികള്‍ അനര്‍ഗളമായി തന്നെ തേടി
എത്തിയിട്ടില്ല.അയാള്‍ അറിയപെടുന്ന ഒരു തിരക്കഥാകൃത്തായിരുന്നു.കഴിഞ്ഞ രണ്ടു
സിനിമകള്‍ സാമ്പത്തികമായി പരാജയപെട്ടപ്പോള്‍ നിരൂപകര്‍ വിരല്‍ ചൂണ്ടിയത്
കഥയുടെ കെട്ടുറുപ്പില്ലായ്മയിലേക്കായിരുന്നു.

പുതിയ ചിത്രങ്ങള്‍ ഒന്നുമില്ല ,വ്യത്യസ്ഥത,വ്യത്യസ്ഥത എന്നു ഓരോ സം‌വിധായകരും മുറവിളി കൂട്ടികൊണ്ടേയിരിക്കുന്നു......
എന്താണു വ്യത്യസ്ഥത?

നേരത്തെ ആണെങ്കില്‍ തമിഴില്‍ നിന്നോ തെലുങ്കില്‍ നിന്നോ,പഴയ
ഇംഗ്ലീഷ് ചിത്രങ്ങളില്‍ നിന്നു കോപ്പി അടിച്ചാല്‍ മതിയായിരുന്നു.ഇന്നു
ആധുനിക യുഗത്തില്‍ വിരല്‍തുമ്പിലാണെല്ലോ ലോകം....
.
തന്‍റെ സുഹൃത്തും,പ്രശസ്തനായ സം‌വിധായകനുമായ വിനുവിനുവേണ്ടി എഴുതുന്ന
സ്ക്രിപ്റ്റ് ആണിത്,കച്ചവട സിനിമയില്‍ നിന്നു വ്യതിചലിച്ചു നല്ല സിനിമ എന്ന
ലക്ഷ്യത്തോടുകൂടി എഴുതുകയാണ്.....തങ്ങള്‍ രണ്ടാളും ഒന്നിച്ചപ്പോഴൊക്കെ
സിനിമ വന്‍ വിജയമായിരുന്നു.പ്രേക്ഷകര്‍ ഇതിലും പ്രതീക്ഷിക്കുന്നു
ധാരാളം........
അയാള്‍ കഥ എഴുതുന്നത് ഒരു പ്രത്യേക ശൈലിയില്‍ ആയിരുന്നു.എപ്പോഴും കഥാപാത്രങ്ങളോട് നിരന്തരം സം‌വദിച്ചു കൊണ്ടിരിക്കും....
ആധുനിക കാലഘട്ടത്തിന്‍റെ നായകന്‍ പേപ്പറില്‍ നിന്നിറങ്ങി അയാളുടെ മുന്നില്‍
വന്നു നിന്നു,എന്നിട്ടു പറഞ്ഞു ,എനിക്കിത്തിരി മദ്യം വേണം...

ഞാനെന്തിനു നിനക്ക് മദ്യം തരണം?

നിങ്ങളാണ് എന്‍റെ സൃഷ്ടാവ്,എനിക്കു എന്തെങ്കിലും തരാന്‍ ഉള്ള അവകാശം
താങ്കള്‍ക്കു മാത്രം ആണ്.വേഗം തരൂ......എനിക്ക് ആത്മഹത്യ
ചെയ്യാനുള്ളതാണ്...

ആത്മഹത്യയോ?അതെന്തിന്?
ബാങ്കില്‍ നിന്നെടുത്ത ലോണ്‍ ,ബ്ലേഡുകാരില്‍ നിന്നു വാങ്ങിയ പണം ഇതൊന്നും
തിരികെ അടയ്ക്കാന്‍ കഴിഞ്ഞില്ല,അപമാനങ്ങളെ ഞാന്‍ ഭയക്കുന്നു...

അതിനു ആത്മഹത്യ ചെയ്യണോ?ഭീരുക്കള്‍ അല്ലേ സാധാരണ അതു ചെയ്യാറുള്ളത്?

അല്ല,അല്ല.....ഏറ്റവുമധികം ധൈര്യം വേണ്ടത് ആത്മഹത്യ ചെയ്യാനാണ്....പിന്നെ ഇതല്ലേ ഇപ്പോള്‍ നമ്മുടെ നാട്ടിലെ ട്രെന്‍ഡ്....
അല്ല സൃഷ്ടാവേ എന്‍റെ ആത്മഹത്യ എങ്ങനെയാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്?

നീ ഇതെല്ലാം അറിയുന്നത് എന്തിനാ?
എന്‍റെ മരണം നേരത്തെ തന്നെ എല്ല്ലാവരെയും ഇ മെയില്‍ മുഖാന്തരം അറിയിക്കണം ഒരു വ്യത്യസ്ഥത ഒക്കെ വേണ്ടേ?
ഒരു സെലിബ്രറ്റിക്കു കിട്ടുന്നതുപോലെ ഒരു യാത്ര അയപ്പ് എനിക്കും വേണം
അയാള്‍ അപ്പോള്‍ മാത്രമാണ് ചിന്തിച്ചത്.തന്‍റെ
കഥാപാത്രത്തിന്‍റെ മരണം...
ചിന്തകള്‍ പല വഴിക്ക് നീങ്ങി തുടങ്ങി ,കൃത്യമായ ഒരു ദിശയില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ല,തളര്‍ച്ച ശരീരമാകമാനം ,രണ്ടു ദിവസമായുള്ള ഉറങ്ങാതെയുള്ള എഴുത്ത്
കഥാപാത്രങ്ങളുമായുള്ള നിരന്തര സം‌വാദം തന്‍റെ ശക്തി ക്ഷയിച്ചിരിക്കുന്നു.
തന്‍റെ കഥാപാത്രം ആവശ്യപ്പെട്ടതു പോലെ തനിക്കും ലഹരി ആവശ്യമായി വന്നിരിക്കുന്നു.
റമ്മിന്‍റെ കുപ്പിയുടെ മൂടി ഊരി വായിലേക്ക് കമഴ് ത്തി,
ദാഹം തീരുന്നില്ല......
അടങ്ങാത്ത അഭിനിവേശം ,സിരകള്‍ ചൂടുപിടിക്കാന്‍ തുടങ്ങി.ഒരു പെണ്ണിന്‍റെ സാന്നിധ്യം തനിക്കാവശ്യമാണ് ഈ രാത്രിയില്‍.....
സാര്‍ ഇവളെ രാവിലെ തന്നെ വിടണം,എന്‍ജിനീയറിംഗിനു പടിക്കുന്നതാ
പരിചാരകന്‍ കൊണ്ടുവന്ന പെണ്‍കുട്ടിയെ നോക്കി,മെലിഞ്ഞ
ശരീരമാണെങ്കിലും കണ്ണുകളില്‍ ഏതോ നിഗൂഡത ഒളിഞ്ഞിരിക്കുന്നു.റം ഒരു
ഗ്ലാസില്‍ ഒഴിച്ച് അവള്‍ക്കു നേരെ നീട്ടി....
ഇതെന്താ താങ്കളുടെ രക്തമാണോ?
ചുവന്ന നിറത്തിലേക്ക് നോക്കി അവള്‍ ചോദിച്ചു.

അയാളുടെ വിരലുകള്‍ അവളുടെ അധരങ്ങളില്‍ തുടങ്ങി ശരീരമാസകലം ചലിച്ചു തുടങ്ങി....
സൃഷ്ടാവേ താങ്കള്‍ ഇതുവരെ പറഞ്ഞില്ല എന്‍റെ മരണത്തെക്കുറിച്ച് ....
പിന്നെയും തന്‍റെ കഥാപാത്രം മുന്നില്‍ വന്നു ചോദിക്കാന്‍ തുടങ്ങി
ഒരു നിമിഷം അയാളുടെ ലഹരി കെട്ടുപോയി ,ശരീരം തണുത്തു,
ഉദ്ദരിക്കാനാകാതെ ലിംഗം അവളുടെ കൈകളില്‍ മാംസ പിണ്ഡം പോലെ കുഴഞ്ഞു കൊണ്ടിരുന്നു.
വേദനയോടെയും,വെറുപ്പോടെയും അവള്‍ ചോദിച്ചു ,എന്താ...
നിങ്ങള്‍ക്കെന്നെ ഇഷ്ടമായില്ലേ?
തന്‍റെ കഥാപാത്രം പോലെ അയാള്‍ അവളോട് സം‌വദിച്ചു.നിനക്ക് പണം പോരേ?
എങ്ങനെ ആയാല്‍ എന്താ...?
ത്ഫു...പണം താനൊരു ആണാണോ?ഒരു സ്ത്രീയുടെ വികാരം ശമിപ്പിക്കാന്‍ കഴിയാത്ത താനെങ്ങനെ ലോകത്തിന്‍റെ കണ്ണീരൊപ്പും.....
ഒരു വിഖ്യാത കഥാകാരന്‍..!!
നീട്ടിയ പണം മുഖത്തേക്ക് വലിച്ചെറിഞ്ഞവള്‍ ഇറങ്ങിപോയി....
അയാള്‍ തളര്‍ന്നു,ആദ്യമായി
തന്‍റെ പുരുഷത്വത്തെ അപമാനിച്ചിരിക്കുന്നു,റമ്മിന്‍റെ കുപ്പി കാലി ആയത് അയാള്‍ അറിഞ്ഞില്ല,വെളിപാടുപോലെ അയാള്‍ എഴുതി തുടങ്ങി....

അടച്ചിട്ട മുറിക്കുള്ളില്‍ കഥാപാത്രം പരതുകയായിരുന്നു....ഒരു കസേരയെടുത്ത് ഫാനിന്‍റെ ചുവട്ടിലേക്ക് നീക്കിയിട്ടു .കിടക്ക വിരി ഫാനില്‍ കൊളുത്തി മറ്റേഅറ്റത്ത്
ഒരു കുടുക്കുണ്ടാക്കി കഴുത്തിലേക്ക് ഇട്ടു....അയാള്‍ എഴുത്ത്
ഒന്നു നിര്‍ത്തി..അതുവരെ എഴുതിയ കാര്യങ്ങള്‍ ഓരോ ഫ്രെയിമിലേക്കെന്നവണ്ണം
മനസ്സില്‍ പകര്‍ത്തി....ഇനി ഒരു ഡയലോഗ് പ്രേക്ഷകരെ തീയറ്ററില്‍
പിടിച്ചിരുത്താന്‍ ഇത് ആവശ്യമാണ്....
കുടുക്ക് കഴുത്തിലേക്കിട്ട് ഇങ്ങനെ പറഞ്ഞു... ഞാന്‍ ആധുനിക സമൂഹത്തിന്‍റെ പ്രതിനിധി അടിസ്ഥാനമില്ലാതെ
പണിതുയര്‍ത്തിയ ചീട്ടുകൊട്ടാരത്തിലെ രാജ കുമാരന്‍,നാളെ എന്നു ചിന്തിക്കാതെ
സുഖലോലുപനായി ഇന്നിനെ സ്നേഹിച്ചവന്‍‍,അപമാനങ്ങളെ ഭയന്നു ഞാന്‍ ആത്മഹത്യ ചെയ്യുന്നു.....
ഗുഡ് ബയി
തൂങ്ങിയാടുന്ന തന്‍റെ കഥാപാത്രം ഒരു ക്ലോസ് അപ്പ് ഷോട്ടില്‍ അയാളുടെ മനസിലേക്ക് വന്നു....
അവള്‍ എറിഞ്ഞുപോയ പണത്തിനു മുകളിലൂടെ നടന്ന്
എഴുതി
പൂര്‍ത്തിയാക്കിയ തിരക്കഥ
മേശപ്പുറത്തു വച്ചു,അതിന്‍റെ സംതൃപ്തിയോടെ അയാള്‍ കട്ടിലിലേക്ക് വീണു....
വാല്‍ക്കഷണം :പിറ്റേന്ന് അയാളെ തേടിയെത്തിയ സം‌വിധായകനു കഥാപാത്രവും ,കഥാകാരനും ഒന്നായി തീര്‍ന്ന വ്യത്യസ്ഥമായ തിരക്കഥ ലഭിച്ചു

2010, ഓഗസ്റ്റ് 15, ഞായറാഴ്‌ച

ഓരോന്നിനും പറയാനുള്ളത്......

ഒരു അവധിക്കാലം ,
പ്രവാസ ജീവിതത്തിനിടയിലെ ഒരു പരോള്‍ കാലം.,ഞാന്‍ ഓടിച്ചാടി നടന്ന വഴികളിലൂടെ
വീണ്ടും ഒരു യാത്ര.നഷ്ടമായ വര്‍ഷങ്ങള്‍ ചെറിയ ഇടവേളയില്‍
സ്വന്തമാക്കാമെന്ന വിഫല ശ്രമം .അനിവാര്യമായ മാറ്റങ്ങള്‍ എല്ലാ ഭാഗത്തും.... അമ്മയുടെ സ്നേഹത്തിനു മാത്രം ഇന്നും യാതൊരു വ്യത്യാസവും ഇല്ല.
തിരക്കില്ലാതെ അമ്മയുടെയും ,അച്ഛന്‍റെയും നല്ല മകനായി അടങ്ങി ഒതുങ്ങി ഒരു മാസം......

.അമ്മ വിളമ്പി തന്ന ആഹാരം കഴിക്കുമ്പോള്‍ ആണു മനസിലാകുന്നത് ഭക്ഷണത്തിനു ഇത്രമാത്രം രുചിയുണ്ട് എന്ന്....
കുക്കറി ക്ലാസില്‍ പഠിച്ച ചേച്ചിയെ പോലെയാണ് എന്‍റെ പരീക്ഷണം .കണ്ണില്‍ കാണുന്ന മസാല ഒക്കെ ഇട്ട് കറി എന്ന രൂപത്തില്‍ ആക്കാറുണ്ട്.കറി ഒക്കെ വച്ചിട്ട് അതു കാണുമ്പോള്‍ ഞാന്‍ ഒരു സംഭവമാണെന്ന് മനസിലാകുന്നത്.
അപ്രതീക്ഷിതമായി വന്നു പെട്ട പനി രണ്ടു ദിവസം എന്നെ വല്ലാതെ അലട്ടി.
വല്ലാത്ത ബോറടി
ചുമരിലെ അലമാരയില്‍ ഇരുന്ന പഴയ പുസ്തകങ്ങളിലേക്ക് ശ്രദ്ദ പതിഞ്ഞത്.
ബുക്ക് കീപ്പിങ് ആന്‍ഡ് അക്കൌഡന്‍സി ചില്ലലമാരയില്‍ നിന്നെനെ നോക്കി ചിരിക്കുന്നു.
അതിനു അടുത്തായി ബിസ്സിനസ് ലോ തുടങ്ങിയ പുസ്തകവും ഇരിക്കുന്നു.ഒരു രസത്തിനു ഞാന്‍ അതെടുത്തു മറിച്ചു നോക്കിയത്.പെന്‍സില്‍ കൊണ്ട് കോറിയിട്ട വരകള്‍.അടിവരയിട്ടു വച്ചിരിക്കുന്ന ചില വരികള്‍.
അപ്പോഴാണു അത് കണ്ണില്‍ പെട്ടത്
പഴയ തുകലിന്‍റെ പെട്ടി , എന്‍റെ എല്ലാ വിധ സ്ഥാവര ജംഗമ വസ്തുക്കളും അതിലാണ്, ഞാന്‍ അതു മെല്ലെ തുറന്നു.വര്‍ഷങ്ങളായി കര സ്പര്‍ശമേല്‍ക്കാതെ ഇരിക്കുകയാണ്.
ഞാന്‍ മെല്ലെ ഓരോന്നും മറിച്ചു നോക്കി.ഞാന്‍ കടന്നു പോയ വഴികളുടെ ഒരു ചെറിയ രേഖാ ചിത്രം തന്നെയായിരുന്നു അതില്‍,
തുകല്‍ പെട്ടിയിലെ ഓരോ സാധനങ്ങളും ഞാനുമായി സംസാരിക്കുന്നു.പഴയ കളിക്കൂട്ടുകാരനെ കണ്ടെത്തിയ സംതൃപ്തി ആയിരുന്നു എന്നില്‍,
ഒരു പഴയ നോട്ടീസ് പല ഭാഗങ്ങളിലും നിറം മങ്ങി പോയിരുന്നു.ഞാന്‍ അതെടുത്തു നോക്കി.......
“ജിംഘാനാ ക്രിക്കറ്റ് ടൂര്‍ണമെന്‍റ്”
ആള്‍ കേരള ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ഇനാഗുരറ്റേഡ് ബയി സുനില്‍ ഒയാസിസ്............
ജെ.കെ ബോന്‍ഡ് പേപ്പറില്‍ ഇംഗ്ലീഷില്‍ അച്ചടിച്ച നോട്ടീസ്......
വൈകിട്ടത്തെ കളി കഴിഞ്ഞ് ഗ്രൌന്‍ഡിനു സമീപമുള്ള മരത്തിനു ചുവട്ടിലാണു ഞങ്ങള്‍
നാലുപേര്‍.... ബുദ്ദിജീവി എന്നു ഞങ്ങള്‍ വിളിക്കുന്ന മാത്യു ശാമുവേല്‍ ആണു സംസാരിക്കുന്നത്.... നമുക്കും വേണ്ടേ ക്രിക്കറ്റ് ബാറ്റ്,പാഡ്,ഹെല്‍മറ്റ്...... നമുക്കു ഒരു ക്രിക്കറ്റ് ടൂര്‍ണമെന്‍റ്
നടത്താം,നാട്ടുകാരില്‍ നിന്നു പിരിക്കാം.എന്‍റെ കൈയില്‍ ചില ഐഡിയ ഉണ്ട്
നിങ്ങള്‍ സഹകരികുമോ? അവന്‍റെ ചോദ്യത്തിനു മറുത്ത് ഞങ്ങള്‍ ആരും പറഞ്ഞില്ല.... .അവന്‍റെ സംസാരം ഞങ്ങളെ ഹരം പിടിപ്പിച്ചു.
നോട്ടീസ് ഇംഗ്ലീഷില്‍,അടിക്കുന്ന പേപ്പര്‍ വില കൂടിയ ജെ.കെ ബോന്‍ഡ്,പിന്നില്‍
പരസ്യം പാടില്ല..... .അങ്ങനെ ചെറുതും വലുതുമായ എല്ലാകാര്യത്തിലും തികഞ്ഞ കണിശത..... വലിയ പദ്ദതികള്‍ ആസൂത്രണം ചെയ്യുന്ന തീവ്രവാദികളെ പോലെ ഞങ്ങള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു.
ജിംഘാന
ക്രിക്കറ്റ് അസോസിയേഷന്‍ എന്ന പേരും നല്‍കി. തുടര്‍ച്ചയായി രണ്ടാഴ്ച ശക്തമായ പിരിവ്.ഇംഗ്ലീഷ് നോട്ടീസ് കണ്ടതു കൊണ്ടാകണം പത്തുരൂപ പിരിവു നല്‍കിയവര്‍ പോലും അതിന്‍റെ തോതു വര്ദ്ധിപ്പിക്കാന്‍ ഇടയാക്കിയത്...
ഒരു വീട്ടില്‍ ചെന്നപ്പോഴാണ് ഒരപ്പൂപ്പന്‍ മാത്രം ,മുന്നിലെ ചാരു കസേരയിലിരുന്ന് മുറുക്കുകയാണ്.
അപ്പൂപ്പാ..
........നോട്ടീസ് നീട്ടികൊണ്ട് ഹണി...
.എന്തുവാമക്കളെ.....ആള്‍ കേരളാ ക്രിക്കറ്റ് ടൂര്‍ണമെന്‍റാ....അത്
എന്നതാ മോനേ ഈ ക്രിക്കറ്റ് ടൂര്‍ണമെന്‍റ്? പെട്ടന്നായിരുന്നു എന്‍റെ പിന്നില്‍ നിന്നും ബിനുവിന്‍റെ ശബ്ദം..
അത് പാവപെട്ട കുട്ടികള്‍ക്ക്
സ്ലേറ്റും ,പെന്‍സിലും കൊടുക്കുന്നതാ, ഞാന്‍ ബിനുവിനെ നോക്കിയാതൊരു കൂസലുമില്ലാതെയാണവന്‍റെ വര്‍ത്തമാനം,ചിരി വരുന്നുണ്ട്.... ചിരിക്കല്ലെ എന്നു കണ്ണുരുട്ടി കൊണ്ട് ബിനുവും......
ആഹാ...പാവപ്പെട്ട കുട്ടികള്‍ക്ക് സ്ലേറ്റും പെന്‍സിലും വാങ്ങാനാ...നീട്ടിയ നൂറു രൂപയില്‍
ഞങ്ങളുടെ കണ്ണു തെള്ളി പോയി......അന്നത്തോടെ ഞങ്ങള്‍ പിരിവു നിര്‍ത്തി
ഓര്‍ത്തപ്പോള്‍ അറിയാതെ ചിരി പൊട്ടി....
അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്ന പേപ്പറുകള്‍ ,അതില്‍ ഞാന്‍ കുറിച്ചു വച്ചിരുന്ന കവിതകള്‍ ...... പ്രണയ കവിതകള്‍ ആയിരുന്നു എല്ലാം......വെറുതെ മറിച്ചു നോക്കി..."ഒരു മഴനിലാവ് വിരിയിച്ചു നീ
ഒരു മഴ‌വില്ലായ് തെളിഞ്ഞു നീ
ഒരു പൂവായ് വിടര്‍ന്നു നീ
ഒരു സ്‌നേഹമായ് പടര്‍‌ന്നു നീ ".......
എന്‍റെ പൊട്ടത്തരങ്ങള്‍ ഇപ്പോള്‍ വായിക്കുമ്പോള്‍ ചിരി വരും ,
പെട്ടിയുടെ അടിയില്‍ ആയിരുന്നു അതു കണ്ടത് ,നീല നിറത്തിലുള്ള ഒരു
ഫയല്‍ അതു തുറന്നു..
അടുക്കി സൂക്ഷിച്ചിരുന്ന കുറെ പേപ്പറുകള്‍ ,ഞാന്‍ തുറന്നു നോക്കി .....
അവളുടെ മനോഹരമായ അക്ഷരങ്ങള്‍,അടുക്കും ചിട്ടയോടെ എഴുതിയിരിക്കുന്ന
വരികള്‍. രണ്ടുവര്‍ഷം എനിക്കായി തന്ന കത്തുകളുടെ സമാഹാരം,ഓര്‍മയുടെ ചുഴിയില്‍ ഞാന്‍ മെല്ലെ താഴ്ന്നു പോകുകയായിരുന്നു......എസ് .എന്‍ കോളേജിന്‍റെ വഴികളില്‍ ഞങ്ങള്‍ മാത്രമാണ്,പറഞ്ഞു തീരാത്ത കഥകള്‍........
നടന്നു തീരാത്ത വഴികള്‍,മലമ്പുഴയിലേക്ക് പോയ വിനോദയാത്രയില്‍ എന്‍റെ ചാരത്തിരുന്നവള്‍,
റോപ് വേയിലെ ഗ്ലാസ് കൂടിനുള്ളില്‍ എന്‍റെ കൈയും പിടിച്ച് ഭയന്നിരുന്നവള്‍........
ആട്ടോഗ്രാഫില്‍ എഴുതിയ വരികള്‍, വിട പറഞ്ഞ വാക്കുകള്‍................കണ്ണില്‍ നിന്നു
അറിയാതെ അടര്‍ന്നു വീഴുകയായിരുന്നു കണ്ണുനീര്‍........
ടി വിയില്‍ വരുന്ന സിനിമയുടെ ട്രെയിലര്‍ പോലെ ഓരോ നിമിഷവും മനസില്‍ പുനര്‍ജനിച്ചു......
പ്രവാസം നേടി തന്ന നഷ്ടങ്ങളുടെ പട്ടികയില്‍ ആ പ്രണയവും ഉള്‍പ്പെട്ടു പോയിരുന്നു........
കത്തുകള്‍ പഴയതു പോലെ അടുക്കി വച്ചു ,മറവിയുടെ മായിക വലയത്തില്‍ നിന്നും എന്നെ മുക്തനാക്കുന്ന സാധനങ്ങള്‍..കൈ വിരലുകള്‍ക്കിടയിലൂടെ ഊര്‍ന്നു പോയ എന്‍റെ ദിനങ്ങള്‍,സന്തോഷങ്ങള്‍....
ഇനി ഒരിക്കലും തിരികെ വരാത്ത ആ ദിവസങ്ങളുടെ ഓര്‍മകുറിപ്പുകള്‍ എല്ലാം എല്ലാം ഈ ബിംബങ്ങള്‍ മാത്രം.......
പെട്ടന്നായിരുന്നു എന്‍റെ മൊബൈല്‍ ശബ്ദിച്ചത്,ഭൂത കാലത്തിന്‍റെ ഭാണ്ഡത്തില്‍ നിന്നും
വര്‍ത്തമാന കാലത്തിന്‍റെ മണിയറയിലേക്ക് എന്നെ കൂട്ടി കൊണ്ടുവന്നു അതിന്‍റെ
ശബ്ദം........ പരിചിതമല്ലാത്ത നമ്പര്‍,ഒരു നിമിഷം ശങ്കിച്ചു നിന്നശേഷം മൊബൈലില്‍ വിരലമര്‍ത്തി.....
“ആറ്റിന്‍ കരയോരത്ത് ചാറ്റല്‍ മഴ പെയ്യും .......”പ്രശസ്തമായ മലയാള ഗാനത്തിനു
പിന്നാലെ , ഈ ഗാനം നിങ്ങളുടെ മൊബൈലില്‍ കോളര്‍ട്യൂണിനായി സബ്സ്ക്രൈബ് ചെയ്യാന്‍ 2 അമര്‍ത്തുക..... ഐഡിയ മൊബൈലിന്‍റെ കസ്റ്റമര്‍കേറില്‍ നിന്നുള്ള വിളിയാണ്........അവര്‍ക്കും പറയാനുള്ളത് പറഞ്ഞു....
നഷ്ടങ്ങള്‍ മാത്രം ബാക്കിയായ ഒരു പ്രവാസിയുടെ അടുത്ത അവധിക്കാലം വരെ ആയുസ്സു നീട്ടി തരുന്ന ഗൃഹാതുരുതയുടെ ഓര്‍മകള്‍ വീണ്ടും അടച്ചു താഴിട്ട്, ജനല്‍ തുറന്ന് പുറത്തേക്ക് നോക്കി നിന്നു.
മുറ്റത്തു പൂത്തു നിന്ന മുല്ലപ്പൂവിന്‍റെ ഗന്ധം നാസാരന്ദ്രങ്ങളില്‍ അടിച്ചു കയറുന്നുണ്ടായിരുന്നു അപ്പോള്‍......

2010, ജൂലൈ 18, ഞായറാഴ്‌ച

അഭിനവ ഭ്രാന്തന്‍

എന്‍റെ യാത്രകള്‍ പലപ്പോഴും അവസാനിക്കുന്നത് ദിക്കറിയാത്ത പേരറിയാത്ത സ്ഥലങ്ങളില്‍ ആയിരുന്നു.സുഹൃത്തുക്കള്‍ ചിലപ്പോഴൊക്കെ എന്നെ ഭ്രാന്തനെന്നു വിളിച്ചു.ഞാന്‍ ആ ഭ്രാന്ത് ഇഷ്ടപ്പെടുന്നു,ആസ്വദിക്കുന്നു.ഒരു ദിവസത്തെ എന്‍റെ യാത്ര കരിമ്പനകള്‍ നിറഞ്ഞ കാട്ടു പാതയിലൂടെ ആയിരുന്നു.എന്‍റെ പൂര്‍വ്വികര്‍ നടന്ന വഴിത്താരകള്‍ ,കാലചക്രത്തിന്‍റെ പരിണാമത്തില്‍ കാട്ടു വഴികള്‍ പലതും നാട്ടുവഴി ആയി.എന്നാല്‍ ഇന്നും പൈതൃകങ്ങള്‍ നശിക്കാത്ത ആ വഴിയില്‍ ഞാന്‍ കണ്ടകാഴ്ച എന്നെ വിസ്മയിപ്പിച്ചു.

അയാള്‍ പാടുകയാണോ....അതോ പുലമ്പുകയണോ?പേരറിയാത്ത ആ മനുഷ്യനെ ഞാന്‍ എന്തു പേര്‍ വിളിക്കും?അയാള്‍ അഭിനവ നാറാണത്തു ഭ്രാന്തനോ?
വലിയ പാറകള്‍ കാണുന്നില്ല ഉരുട്ടി കയറ്റാന്‍,അതെല്ലാം വന്‍ മാഫിയകളുടെ കൈവശം ആയി.മലകള്‍ ഇടിച്ചു നിരത്തി ഭൂമാഫിയായും ഇനി ഒരു നാറാണത്തു ഭ്രാന്തനെ വളര്‍ത്തുകയില്ലന്നു പ്രഖ്യാപിച്ചു.
ചെറിയ ഒരു മൊട്ടകുന്നുമാത്രമാണ് എനിക്കു ദര്‍ശിക്കാന്‍ കഴിഞ്ഞത്.അതും ഒരു പുരാതന അമ്പലം അവിടെ നിലനില്‍ക്കുന്നതു കൊണ്ടാകാം.അയാള്‍ അതിന്‍റെ മുകളിലേക്ക് കയറുവാന്‍ ശ്രമിക്കുകയാണ്.
എനിക്കിപ്പോള്‍ അയാളുടെ പുലമ്പല്‍ വ്യക്തമായി കേള്‍ക്കാം.......
ആരു പറഞ്ഞു അമൂല്യമാണു പ്രണയമെന്നു............
ആരു പറഞ്ഞു മനസിനു കുളിരാണു പ്രണയമെന്നു......
ആരു പറഞ്ഞു സ്വാന്തനമാണു പ്രണയമെന്നു.........
എല്ലാം കള്ളം,പച്ചകള്ളം........
അവളുടെ ശരീരം മാത്രമാണ് സത്യം......നഗ്നമേനിയാണ് അതി കേമം

എന്താണ് ഇയാള്‍ ഇങ്ങനെ സംസാരിക്കുന്നത് നഷ്ട പ്രണയത്തിന്‍റെ ചാപല്യങ്ങളാണോ ഇയാളെ ഭ്രാന്തനാക്കിയത്?ആരോടാണു ഒന്നു ചോദിക്കുക,വഴികള്‍ വിജനമാണ്,ചീറിയടിക്കുന്ന കാറ്റില്‍ കരിമ്പനയുടെ ഇലകള്‍ ശീല്‍ക്കാരമുണ്ടാക്കി....
ജിജ്ഞാസ ഉള്ളില്‍ ഒതുക്കാന്‍ കഴിയാതെ ഞാന്‍ അയാളുടെ പിന്നാലെ കൂടി......
ഇപ്പോള്‍ അയാള്‍ അമ്പലത്തിന്‍റെ മുന്നിലെ കല്‍വിളക്കിന്‍റെ സമീപം നിന്ന് ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയാണ്.....

ആരോടാണീ ചോദ്യങ്ങള്‍?ആരുത്തരം നല്‍കും ഈ ചോദ്യങ്ങള്‍ക്ക്?കത്തിതീര്‍ന്ന കരിന്തിരികള്‍ അയാളെ നോക്കി നെടുവീര്‍പ്പ് ഉതിര്‍ക്കുകയാണോ?അയാള്‍ തുടര്‍ന്നു....
പ്രണയിനി അല്ലെങ്കില്‍ നീ ആര്?സൌഹൃദത്തിന്‍റെ ചങ്ങലകള്‍ നീ എന്തിനു പൊട്ടിച്ചെറിഞ്ഞു?
അധരങ്ങളില്‍ ചുംബിച്ചപ്പോള്‍ നീ എന്തേ അരുതേ എന്നു പറഞ്ഞില്ല?
മൌനം സമ്മതമായിട്ടും ഞാനെന്തേ നിന്‍റെ നഗ്ന മേനി കാണാതെ പോയത്?
ഞാന്‍ മണ്ടന്‍ ഹഹഹ ഹ ആന മണ്ടന്‍............നീ മറ്റൊരുവന്‍റെ ഭാര്യയായിട്ടും എന്നെ തിരക്കി എന്തിനു വന്നു?
പ്രണയത്തിന്‍റെ സിന്ദൂര നൂലില്‍ കോര്‍ത്ത എന്‍റെ വിശ്വാസത്തിനു നീ എന്തു വില നല്‍കി?
സുഖമാണു പ്രണയം......വെറും രതിസുഖം എന്നു പറയുന്ന യുവതലമുറയിലെ കണ്ണിയാണു നീ........

പൊട്ടിചിരിച്ചു കൊണ്ട് പിന്നെയും അയാള്‍ കുന്നിറങ്ങാന്‍ തുടങ്ങി.....കാല്പനിക പ്രണയത്തില്‍ നിന്നു ആധുനിക പ്രണയത്തില്‍ എത്തിപ്പെടാതെ

തലമുറകളുടെ വിടവിന്‍റെ ഇടയില്‍ കണ്ണികള്‍ കരുപ്പിടിക്കാന്‍ കഴിയാതെ ഇന്നും അയാള്‍ ആ കുന്നുകള്‍ കയറി ഇറങ്ങുന്നു.

പിന്തിരിഞ്ഞു നടക്കുമ്പോഴും അയാളുടെ വാക്കുകള്‍ എനിക്കു കേള്‍ക്കാമായിരുന്നു......
ആരു പറഞ്ഞു അമൂല്യമാണു പ്രണയമെന്നു............
ആരു പറഞ്ഞു മനസിനു കുളിരാണു
പ്രണയമെന്നു.......
ആരു പറഞ്ഞു സ്വാന്തനമാണു പ്രണയമെന്നു.........
എല്ലാം കള്ളം,പച്ചകള്ളം........
അവളുടെ ശരീരം മാത്രമാണ് സത്യം......നഗ്നമേനിയാണ് അതി കേമം

2010, മേയ് 18, ചൊവ്വാഴ്ച

സക്കീര്‍ഭായിയുടെ ബ്ലോഗര്‍മീറ്റ്

ടേയ്....സേതുവേ...നമ്മുടെ കാട്ടാക്കടക്കാരന്‍റെ പാട്ട് എടുത്തിടൂ.....രംഗം ഒന്നു കൊഴുക്കട്ടെ....
ഏതാ ഭായ്,മുരുകന്‍ കാട്ടാക്കട...ങാ അതുതന്നെ.അതുപാട്ടല്ലാ ഭായ്..കവിതയാ..
എന്തായാലും നീ അങ്ങോട്ട് പിടിപ്പിക്ക്.രേണുകേ,രാഗരേണുകേ....
അതല്ലടേയ്....ചുവപ്പന്മാരുടെ പാട്ട്...രക്തസാക്ഷി..
“അവനവനു വേണ്ടി അല്ലാതെ അപരനു ചുടുരക്തമൂറ്റി കുലം വിട്ടുപോയവന്‍ രക്തസാക്ഷി“
മുരുകന്‍ കാട്ടാക്കടയുടെ മുഴങ്ങുന്ന ശബ്ദം ഓഡിറ്റോറിയത്തില്‍ മുഴങ്ങി.എല്ലായിടത്തും നിറഞ്ഞ സാന്നിധ്യമായി സക്കീര്‍ ഭായി.ഒരു ഇരട്ടപ്പേര്‍കൂടി ഉണ്ട്”കോളാമ്പി സക്കീര്‍“മൈക്ക് കണ്ടാല്‍ പിന്നെ അതിനു മുന്നില്‍ നിന്നു മാറുകയില്ല.ആരെങ്കിലും വലിച്ചു പിടിച്ചു കൊണ്ടു പോകണം.അങ്ങനെ വീണപേരാണ്.

പ്രശസ്തനാവണം എന്നു മോഹിച്ചു എത്തപ്പെട്ട പുലിമട സൌദി അറേബ്യ ആയിരുന്നു.ഉള്ളിലുള്ള വികാര വിചാരങ്ങളെ തളച്ചിടാന്‍ കഴിയാത്തതു കൊണ്ട് സാമൂഹിക സംഘടനയില്‍ അംഗമായി.പ്രവാസ സമൂഹത്തില്‍ പഞ്ഞമില്ലാത്ത സംഘടന കളില്‍ സ്വന്തം മക്കളുടെ കഴിവ് മറ്റുള്ളവരെ കാണിക്കാനുള്ള വ്യഗ്രതയില്‍ എന്തു ഹീനപ്രവൃത്തിയും ചെയ്യാന്‍ മടിയില്ലാത്ത ആള്‍ക്കാരെ കൊണ്ടു നിറഞ്ഞ ഇടം കണ്ടു മടുത്തിട്ടും,ഇവിടെ തന്‍റെ ഭാവി ശോചനീയമല്ല എന്ന തിരിച്ചറിവ് പഴയകാല എസ്.എഫ്.ഐ നേതാവിനെ മറ്റൊരു സംഘടന രൂപീകരിക്കുന്നതില്‍ കൊണ്ടെത്തിച്ചു.

തന്‍റെ സംഘടനയുടെ ആദ്യ സംരഭമാണ് ഇന്നു നടക്കാന്‍ പോകുന്നത് “ബ്ലോഗര്‍ മീറ്റ്”.ഈ വര്‍ഷത്തെ മികച്ച ബ്ലോഗറായി തിരഞ്ഞെടുത്ത ഉണ്ണിമാഷിനു സ്വീകരണം.
ആനുകാലിക പ്രസ്ദ്ദീകരണങ്ങളില്‍ എഴുതുന്നവരുടെ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നു തോന്നും എല്ലാവരും ബ്ലോഗിലേക്ക് ചേക്കേറി.പഴയകാല കോട്ടയം അച്ചായന്മാരെ അനുസ്മരിപ്പിക്കും വിധം.കൊക്കോയ്ക്കു വിലയേറിയപ്പോള്‍ റബ്ബര്‍ വെട്ടികളഞ്ഞ് കൊക്കോ പിടിപ്പിച്ചവര്‍ പില്‍ക്കാലത്ത് റബ്ബറിലേക്കു തന്നെ മടങ്ങി വന്നതു പോലെ നമുകും പ്രത്യാശിക്കാം ....
കഴിഞ്ഞമാസമായിരുന്നു സക്കീര്‍ഭായിയുടെ സംഘടന നിലവില്‍ വന്നത്.പത്രത്തില്‍ ഫോട്ടോയും ,പേരും,മൊബൈല്‍ നമ്പറും വന്നപ്പോള്‍ ആഹ്ലാദം തോന്നി,അങ്ങനെ താനും പ്രശസ്തനായതില്‍...

അപ്രതീക്ഷിതമാണ് ഒരു ഫോണ്‍കാള്‍...
സക്കീര്‍ സാര്‍.....അതെ ആരാണ്?
സാറേ ഞാന്‍ നാരായണന്‍. ഏതു നാരായണന്‍ എന്താ നിങ്ങളുടെ പ്രശ്നം? സക്കിര്‍ഭായി പൊടുന്നനെ രാഷ്ട്രീയക്കാരനായി മാറി.
സാറേ ഞാനീ നാട്ടില്‍ കുടുങ്ങി കിടക്കുകയാണ്...നാരായണന്‍ പതുക്കെ എങ്കിലും ദൃഡമായ ശബ്ദത്തില്‍ പറഞ്ഞു തുടങ്ങി.എന്തുപറ്റി?
എന്നെ സ്പോണ്‍സര്‍ പീഡിപ്പിക്കുകയാണ് ഭക്ഷണം കൂടി തരുന്നില്ല.ഇതു കേട്ടമാത്രയില്‍ സക്കീര്‍ഭായിയുടെ രക്തം തിളച്ചു ഉറങ്ങി കിടന്ന വിപ്ലവകാരി സടകുടഞ്ഞെഴുന്നേറ്റു,തന്‍റെ സഹോദരന്‍ അതും ഈ മണലാരണ്യത്തില്‍ പീഡിപ്പിക്കപ്പെടുന്നു...ഇല്ല ഇതനുവദിക്കാനാവില്ല...വികാരത്താല്‍ സക്കീര്‍ഭായിക്കു സംസാരിക്കാന്‍ കഴിഞ്ഞില്ല....
മറുഭാഗത്ത് നാരായണന്‍ തേങ്ങുന്നുവോ?നിമിഷങ്ങള്‍ക്കുള്ളില്‍ സക്കീര്‍ഭായസമനില വീണ്ടെടുത്തു.
പറയൂ നാരായണാ ഞാന്‍ നിനക്കെന്താ ചെയ്യേണ്ടത്?
സാറേ എനിക്കു നാട്ടിലേക്കു പോകാനുള്ള ടിക്കറ്റ് മാത്രം മതി....ഞാന്‍ നാട്ടിലേക്ക് പൊയ്ക്കോളാം.
എന്താ നിന്‍റെ പ്രശ്നം അതു പറയ്?സാറേ നാട്ടില്‍വച്ച് ഏജന്‍റു പറഞ്ഞ ശമ്പളം ഇവിടെ കിട്ടുന്നില്ല.
അതു ചിലപ്പോള്‍ ഇവിടെ കിട്ടുകയില്ല നാരായണാ...അതെല്ലാം നിസ്സാരകാര്യമാ....
ഭക്ഷണം,താമസം......ഇതെല്ലാം കിട്ടുന്നുണ്ട് സാറേ.....പിന്നെ?
ഏജന്‍റു പറഞ്ഞ ശമ്പളം തരാഞ്ഞതു കൊണ്ട് ഞാന്‍ ജോലിക്ക് കയറിയില്ല.അതിന്‍റെ പ്രതികാരമായിട്ട് അവര്‍ ഭക്ഷണം പോലും തരുന്നില്ല,അല്ല നാരായണാ താന്‍ എത്ര രൂപ കൊടുത്തു ഈ വിസയ്ക്ക്....
ഒരു നിമിഷം ശങ്കിച്ചു നാരായണന്‍ പറഞ്ഞു ഇതു ഫ്രീയാണു സാറേ,എന്‍റെ സുഹൃത്തു ഏജന്‍റു സങ്കടിപ്പിച്ചു തന്നതാ....വിസ ഫ്രീ ആയി കിട്ടിയതും പോരാ ശമ്പളം പോരാന്നോ?
അല്ല തന്നെ കൂടാതെ ആരുമില്ലേ അവിടെ?ഉണ്ട് സാര്‍...എന്‍റെ നാട്ടുകാര്‍ ആണ്,അവര്‍ക്കൊന്നും ഈ പ്രശ്നമില്ല,സക്കീര്‍ഭായി മൌനി ആയി.
ശരി നാളെ വിളിക്കാം എന്നു പറഞ്ഞു ഫോണ്‍കട്ടു ചെയ്തു.
അടുത്ത ദിവസം നേരം പുലരുന്നതേ ഉള്ളായിരുന്നു,പ്രഭാതത്തിലെ ഉറക്കത്തിന്‍റെ സുഖ നിര്‍വൃതിയില്‍ ലയിച്ചു കിടക്കുകയായിരുന്നു,
അപ്പോഴാണ് മൊബൈല്‍ റിംഗ് ചെയ്തത്...
ഹലോ.....
സാറേ ഞാനാ നാരായണന്‍...
പൈസ റെഡി ആയോ? മറുഭാഗത്തെ ചോദ്യത്തില്‍ സക്കീര്‍ഭായ് ഒന്നമ്പരന്നു.ഇവനെന്താ എന്‍റെ അളിയനോ?രാവിലെ വന്നുകയറുന്ന ഓരോ മാരണങ്ങളേ.....
ശാന്തനായി ഇങ്ങനെ പറഞ്ഞു നാരായണാ നീ നേരെ ബാങ്കിലേക്കു പൊയ്ക്കോ? അവിടെ ചെന്നു സക്കീര്‍ഭായി പറഞ്ഞതാണ് എന്നു പറഞ്ഞാല്‍ അവര്‍ പൈസതരും.സക്കീര്‍ഭായിയുടെ മറുപടിയില്‍ മറുഭാഗത്തു നിന്നു യാതൊരു പ്രതികരണവും ഇല്ലായിരുന്നു.മൊബൈല്‍ കട്ട് ചെയ്തതിന്‍റെ ട്യൂണ്‍ മാത്രം ഒരു സിംഫണിയായി കാതില്‍ വന്നലിഞ്ഞു.പ്രവാസികളുടെ പേരു കളയാന്‍ ആയി ഇറങ്ങിതിരിച്ചവര്‍.യാഥാര്‍ഥ്യ സമയത്ത് എങ്ങനെ ഒരാളെ സഹായിക്കാന്‍ കഴിയും.

ആദ്യ സംരഭം എട്ടുനിലയില്‍ ചീറ്റി പോയതിന്‍റെ വിഷമം മാറി വരുമ്പോള്‍ ആയിരുന്നു ,പത്രത്തില്‍ വന്ന വാര്‍ത്ത.പ്രശസ്ത ബ്ലോഗര്‍ ഉണ്ണിമാഷിനു സൌദിയിലെ മലയാളി സങ്കടനയുടെ പുരസ്ക്കാരം ലഭിച്ചിരിക്കുന്നത്,അന്വേഷിച്ചപ്പോള്‍ അറിയാന്‍ സാധിച്ചത് തന്‍റെ അടുത്തു തന്നെ താമസം.പിന്നെ ഒട്ടും അമാന്തിച്ചില്ല പുതിയ പദ്ദതിയുമായി സക്കീര്‍ഭയി മുന്നിട്ടിറങ്ങി.
“ബ്ലോഗര്‍മീറ്റ്”പുതുമയുള്ള സംരഭം.....ആഹാ....ചുണ്ടില്‍ പഴയ ഒരു മൂളിപാട്ടു കടന്നു പോയി.
പ്രശസ്തി തേടി ഇനി എവിടെയും പോകണ്ട......
ഓഡിറ്റോറിയം നിറഞ്ഞു കഴിഞ്ഞിരിക്കുന്നു.ഹെന്‍റെ ഉമ്മോ ...ഇത്രയും ബ്ലോഗര്‍മാരോ?
പേരുകേട്ടാല്‍ നമ്മള്‍ ഞെട്ടിപോകും,മലയാള സാഹിത്യത്തെ പരിപോഷിപ്പിക്കുന്ന ബ്ലോഗര്‍മാരുടെ പേര് ഇത്ര വൃത്തി ഹീനമോ?മണ്‍കടം,പൊട്ടക്കലം,ടൈപ്പിസ്സ്റ്റ്.......
മുന്നിലെ നിരയില്‍ വന്‍പുലികള്‍ കൈയടക്കിയിരിക്കുന്നു......വള്ളീക്കുന്നം,നീര്‍വിളാകന്‍,മുല്ലവള്ളി...
എന്നു വേണ്ട സര്‍വ്വ ഘിലാടികളും എത്തിച്ചേര്‍ന്നിട്ടുണ്ട്.ബുള്‍ഗാന്‍ താടി വച്ച ഉണ്ടക്കണ്ണനെയും കണ്ടു കൈകളില്‍ പമ്മന്‍ പുസതകം ,വലിയ പരിചയം ഇല്ല.
ഉണ്ണിമാഷ് ഇതുവരെ എത്തിയിട്ടില്ല,സമയം പിന്നെയും കടന്നു പോകുന്നു.സക്കീര്‍ ഭായി പുറത്തേക്കുള്ള വാതിലില്‍ കണ്ണും നട്ടിരിക്കുകയാണ്.ആരെല്ലാമോ എന്തെല്ലാമോ ചോദിക്കുന്നു.മറുപടി പറയാന്‍ കഴിയാതെ സക്കീര്‍ഭായി വിളറി പൂണ്ടിരിക്കുന്നു.
പ്രീയപ്പെട്ടവരെ ഉണ്ണിമാഷ് ഏതാനും നിമിഷിത്തനുള്ളില്‍ വരുന്നതാണ്.നാലാമത്തെ തവണയാണ് മൈക്കിലൂടെ അനൌണ്‍സ്മെന്‍റ് മുഴങ്ങുന്നത്.
ഉണ്ണിമാഷിന്‍റെ മൊബൈലും ഓഫിലാണ്...എന്താ ചെയ്യേണ്ടതെന്നറിയാതെ നില്‍ക്കുമ്പോഴാണു ഒരു ഫോണ്‍ വരുന്നത്....
സക്കീര്‍ഭായി ഞാനാ ഉണ്ണി മാഷ്......സാറേ എവിടെ? എല്ലാവരും കാത്തു നില്‍ക്കുന്നു....
സക്കീര്‍ഭായി ഞാന്‍ അകത്താ....എന്തിന്‍റെ അകത്ത്? സാറേ തെളിച്ചു പറയ്?
സക്കീര്‍ഭായി ഉത്കണ്ട ഉച്ചസ്ഥായില്‍ എത്തി.
സക്കീര്‍ഭായി പോലീസ് എന്നെ പിടിച്ചിരിക്കുകയാണ്.എന്‍റെ വാഹനം നോ എന്‍ട്രിയിലൂടെ കടന്നു പോയി,പോലീസിന്‍റെ മുന്നില്‍ തന്നെ പെട്ടു.....ഉണ്ണിമാഷ് പറഞ്ഞു നിര്‍ത്തി.
അള്ളോ.....കഷ്ടകാലം കഴുതപ്പുറത്തേറിയാണോ വരവ്?
ഓഡിറ്റോറിയത്തില്‍ വന്നെത്തിയ ബ്ലോഗര്‍മാരോട് എന്തു പറയണം എന്നറിയാതെ തരിച്ചിരുന്നു.
എവിടെ നിന്നോ വീണു കിട്ടിയ ആത്മവിശ്വാസവുമായി സക്കീര്‍ഭായി മൈക്കിനു മുന്നിലെത്തി.മൈക്ക് കണ്ടാല്‍ അതിനു മുന്നില്‍ നിന്നു മാറാത്ത സക്കീര്‍ഭായി അന്നാദ്യമായി ഭയന്നു......
പ്രീയപ്പെട്ട....സുഹൃത്തുക്കളെ.....ബ്ലോഗര്‍മാരെ.....
ചില പ്രത്യേക കാരണങ്ങളാല്‍ ഉണ്ണിമാഷിനു......
പറഞ്ഞു മുഴുമിപ്പിക്കാന്‍ ഇടവരുത്തുന്നതിനു മുന്‍പേ ബുള്‍ഗാന്‍ താടിക്കാരന്‍ എന്തോ എടുത്ത് വലിച്ചെറിഞ്ഞു.......ഉമ്മോ..........ചീമുട്ട?
അതിനു പിന്നാലെ ആക്രോശവും.....ഫ !! നായിന്‍റെ മോനേ........
മുഖത്തു പതിച്ച ഭാരമുള്ള വസ്തു എന്തെന്നറിയാന്‍ തപ്പി നോക്കി......സിഗരട്ട് പായ്ക്കറ്റ്.......
ബൂഫിയായിലെ പാതിരാത്രി വരെയുള്ള ജോലികഴിഞ്ഞു ഒന്നു നടു നിവര്‍ത്താന്‍ നോക്കുമ്പോഴാ അവന്‍റെ ഒടുക്കത്തെ പ്രസംഗം....അടുത്ത ബെഡ്ഡില്‍ കിടക്കുന്ന മലപ്പുറത്തുകാരന്‍ കാക്കയാണ്.....
പിന്നെയും എന്തോ പിറുപിറുത്ത് അയാള്‍ തിരിഞ്ഞു കിടന്നു......
തന്‍റെ സ്വപ്നങ്ങള്‍,സ്വപ്നങ്ങള്‍ മാത്രമായി അവശേഷിപ്പിച്ചു കൊണ്ട് ബ്ലാങ്കറ്റ് തലയ്ക്കു മുകളിലേക്ക് വലിച്ചിട്ട് മെല്ലെ കണ്ണടച്ചു കിടന്നു.......
പ്രശസ്തനായേക്കാവുന്ന പുലരിക്കായി.........

2010, ഏപ്രിൽ 16, വെള്ളിയാഴ്‌ച

ബലിമൃഗങ്ങള്‍.....

യു.എ.ഇ എക്സേഞ്ചിന്റെ ശാഖയില്‍ പണം അയക്കാന്‍ എത്തിയതായിരുന്നു ഞാന്‍.ശമ്പളം കിട്ടി തുടങ്ങിയിട്ടേ ഉള്ളൂ,അതാകണം മണിട്രാന്‍സ്ഫറിന്റെ ക്യൂവിനു നീളം കുറവ്.
രാവിലെ തന്നെ ഭാര്യയുടെ പായാരം കേട്ടാണ് മിഴി തുറന്നത്.ഫോണ്‍ വിളിച്ചാല്‍ പിന്നെ ആവലാതികള്‍ മാത്രമാണ് കേള്‍ക്കുക.അതിനിടയില്‍ മകള്‍ക്കു സുഖമില്ല പൈസയുടെ ബുദ്ദിമുട്ട്
അങ്ങനെ നീണ്ടുപോകുന്നു....ഇന്നു വൈകിട്ട് ശമ്പളം കിട്ടും അപ്പോഴേക്കും അയക്കാം വിഷമിക്കേണ്ട നീ.....
ഈ സ്വാന്തനമല്ലേ അവള്‍ പ്രതീകഷിക്കുന്നത്.വിവാഹം കഴിഞ്ഞപ്പോള്‍ ഒന്നും അറിയാത്ത പൊട്ടിപ്പെണ്ണ് എത്ര പെട്ടന്നാ കാര്യക്കാരി ആയി മാറിയത്.ഭാര്യയെയും ,മകളെയും ഓര്‍ത്തപ്പോള്‍ മനസ്സില്‍ എവിടെയോ വിങ്ങല്‍.ഒരു പ്രവാസിയുടെ ഗതികേട്....

എക്സേഞ്ച് റേറ്റ് ഇന്ന് അല്‍പ്പം കുറവാണ് എത്ര പൈസ അയക്കാം എന്നതിനെപ്പറ്റി മനസ്സില്‍ കണക്കുകൂട്ടുകയായിരുന്നു,പെട്ടന്നായിരുന്നു പിന്നില്‍ ആരോ തട്ടി വിളിച്ചത്
സാര്‍...പേനയുണ്ടോ?ചോദ്യം കേട്ട ഭാഗത്തേക്ക് ഞാന്‍ നോക്കി ഒരു മധ്യവയസ്ക്ക ഏകദേശം നാല്‍പതിനടുത്തു പ്രായം വരും,തലയില്‍ കറുത്ത തട്ടം ഇട്ടിരിക്കുന്നു,കണ്ണുകളില്‍ ഒരു വിഷാദ ഭാവം...എവിടെയോ കണ്ടു മറന്ന മുഖം..പേന അവരുടെ നേരെ നീട്ടി .അവരുടെ മുഖത്തും എന്തോ ഒരു സംശയം നിഴലിക്കുന്നു.ഓര്‍മയുടെ ഭാണ്ഡം ഞാന്‍ ചികഞ്ഞു നോക്കി,ഓര്‍മ കിട്ടുന്നില്ല,പക്ഷെ ഈ മുഖം....നല്ല പരിചയം എപ്പോള്‍ എവിടെ?ഞാന്‍ പിന്തിരിഞ്ഞു ഒരിക്കല്‍ കൂടി നോക്കി അവര്‍ എഴുതുകയാണ്.ക്യൂവിന്റെ നീളം കുറഞ്ഞിരിക്കുന്നു ഇപ്പോള്‍ എന്റെ ഊഴത്തിനു ഇനി രണ്ടു ആള്‍ക്കാര്‍ കൂടി മാത്രം.

ആ സ്ത്രീ ഇപ്പോള്‍ എഴുതി കഴിഞ്ഞിരിക്കുന്നു,എഴുതിയത് ഒരാവര്‍ത്തി വായിക്കുകയാണ്.തലയിലെ തട്ടം മെല്ലെ വഴുതി താഴേക്കു വീണു.പെട്ടന്നാണ് ഞാനതു ശ്രദ്ദിച്ചത് ഇടത്തേ കണ്ണിനു സമീപമായി നീളത്തില്‍ ഉള്ള കറുത്ത മറുക്.ഈ മറുക്.....ഈശ്വരാ..ഷൈല ഇത്ത,അവര്‍ ഇവിടെ??
പിന്നില്‍ നിന്ന ആള്‍ തട്ടി വിളിച്ചു ,ഹേയ്...പൈസ അയക്ക്.എന്റെ മുന്നില്‍ നിന്ന ആളും പൊയ്ക്കഴിഞ്ഞിരിക്കുന്നു.കൗണ്‍ഡറില്‍ പൂരിപ്പിച്ച ഫോറവും പൈസയും കൊടുത്ത് കാത്തിരുന്നു.
ബാക്കി തന്ന പൈസയും രസീതും വാങ്ങി പുറത്തേക്ക് വന്നപ്പോള്‍ ആ സ്ത്രീ എന്നെയും കാത്ത് നില്‍ക്കുകയായിരുന്നു.
സാര്‍...പേന.ഒരു ചെറു പുഞ്ചിരിയില്‍ നന്ദി അറിയിച്ചു തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോഴായിരുന്നു എന്റെ ചോദ്യം.ഷൈല ഇത്ത അല്ലേ?..
അവരുടെ കണ്ണുകളില്‍ പെട്ടന്നൊരു തിളക്കം,അതെ...കുട്ടി ഏതാ എനിക്കങ്ങോട്ട് മനസ്സിലാകുന്നില്ല.
ഞാന്‍ വടക്കേപ്പാട്ടുള്ള ശ്രീധരന്റെ മകന്‍....ദീപു അല്ലേ?പെട്ടന്നവര്‍ ചോദിച്ചു.....ഹെന്റെ കുട്ടി നീ എത്ര മാറിയിരിക്കുന്നു.ഇത്ത എന്താ ഇവിടെ?എന്റെ ചോദ്യത്തിനു മറുപടി ആയി അവര്‍ പറഞ്ഞു ഞാനീ പൈസ അയച്ചിട്ടു വരാം,അവര്‍ കൗണ്‍ഡറിലേക്ക് നീങ്ങിയപ്പോള്‍ എന്റെ മനസ്സ് ഗ്രാമത്തിലേക്കു പായുകയായിരുന്നു.

അരയാലിന്‍ ചുവട്ടില്‍ ഇരിക്കുന്ന സലാമിക്ക,ഞങ്ങളുടെ ഗ്രാമത്തിലെ വിദ്യാസമ്പന്നന്‍,വായനശാലയില്‍ ഇംഗ്ലീഷ് മാഗസിന്‍ വായിച്ച് നാട്ടുകാര്‍ക്ക് അര്‍ അര്‍ത്ഥം പറഞ്ഞു മനസ്സിലാക്കുന്ന സലമിക്ക ,ഞാന്‍ എപ്പോഴും ആരാധനയോടെ മാത്രം നോക്കി നിന്ന മനുഷ്യന്‍.

ഒരിക്കല്‍ കണ്ടു അരയാലിന്‍ ചുവട്ടില്‍ ഷൈല ഇത്തയുമായി സംസാരിക്കുന്നു,ഇത്ത കൊഞ്ചി കുഴയുന്നുണ്ടായിരുന്നു ഇടയ്ക്കിടെ പൊട്ടി ചിരിക്കുന്നു.ഇത്ത ചിരിക്കുമ്പോള്‍ കാണാന്‍ നല്ല രസമാണ്.ഞാന്‍ അവരെ നോക്കി നില്‍ക്കുന്നതു കണ്ടതു കൊണ്ടാകണം സലാമിക്ക എന്നെ കൈ ആട്ടി വിളിച്ചത്.
നീയെന്താ നോക്കുന്നത് ദീപു?ചുമലുകള്‍ മേല്‍പ്പോട്ടാക്കി ഒന്നുമില്ല എന്നാംഗ്യം കാണിച്ചു.ഇത്തയുടെ കൈകള്‍ എന്റെ മുടിയില്‍ തലോടി.
ഞാമ്പോട്ടെ എന്നു പറഞ്ഞു മുന്നോട്ടൂ നീങ്ങിയപ്പോള്‍ എന്റെ കൈകളില്‍ ഇത്ത പിടിച്ചു നില്‍ക്കൂ ട്ടോ ഞാനും വരുന്നു.വീട്ടിലേക്കുള്ള നടത്തത്തിലും ഇത്ത പുഞ്ചിരിക്കുന്നുണ്ടായിരുന്നു.

ഇത്ത...ങും...എന്തേ? എന്റെ വിളിയില്‍ ഇത്ത നിന്നു,നിങ്ങള്‍ തമ്മില്‍ ലൗവ്വാ.....ഇത്തായുടെ മുഖം ചുവന്നു തുടുക്കുന്നു,കണ്ണുകളില്‍ നാണം...അന്നോടാരാ പറഞ്ഞേ....
ഇങ്ങനെയൊക്കെ പറയാന്‍,എന്റെ ചെവിയില്‍ പിടിച്ചെങ്കിലും നോവിച്ചില്ല എന്നിട്ടു നാലുപാടും നോക്കി ഒരു രഹസ്യം പോലെ എന്റെ ചെവിയില്‍ മന്ത്രിച്ചു ഇജ്ജ് ഇതാരോടും പറയല്ലേ...
സ്നേഹത്തോടെ എന്റെ കവിളില്‍ തലോടി.

ഒരു ശനിയാഴ്ച തൊടിയില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നപ്പോഴാണ് ഇത്ത ഓടി കിതച്ചു വരുന്നത്.ജ്ജ് ന്നോടൊപ്പം വാ...ഒരിടം വരെ പോകാനുണ്ട്.എങ്ങോട്ടാ ഇത്ത?ഞാന്‍ അമ്മയോടു പറഞ്ഞിട്ടുവരാം.നീ ആരോടൂം പറയണ്ട വേഗം വാ....ഇത്തായുടെ പരിഭ്രമം കാരണം ഒന്നും ചോദിക്കാന്‍ തുനിഞ്ഞില്ല ചെന്നെത്തിയത് ഞങ്ങളുടെ ഗ്രാമത്തിന്റെ തെക്കേ അറ്റത്തുള്ള തങ്ങളുപ്പാപ്പാന്റെ വീട്ടില്‍ ആയിരുന്നു.ഇത്താ എന്താ ഇവിടെ?ശ്ശ്..ശ്ശ് ..മിണ്ടല്ലേ..ഞാനിപ്പം വരാം.ഇത്ത ഉള്ളിലേക്ക് കയറിപ്പോയി.വല്ലാത്ത വിമ്മിഷ്ടം ഞാന്‍ മെല്ലെ വീടിനു വലയം വച്ചു.തുറന്നു കിടന്ന ജനാലയിലൂടെ അകത്തേക്ക് എത്തി നോക്കി,കറുത്ത പ്രതലത്തില്‍ മഞ്ഞ വരയിട്ട കള്ളികള്‍ അതിലെന്തോ അറബിയില്‍ എഴുതി വച്ചിരിക്കുന്നു.തങ്ങളുപ്പാപ്പ ഇത്തായുടെ തലയില്‍ കൈവച്ച് എന്തോ മന്ത്രിക്കുന്നു,ഇടയ്ക്കിടെ തലയില്‍ ശക്തിയായി ഊതുന്നുമുണ്ട്.അരമണിക്കൂറോളം ഈ പ്രക്രിയ തുടര്‍ന്നു,ഒരു പേപ്പറില്‍ പൊതിഞ്ഞ എന്തോ ഇത്തയുടെ കൈകളില്‍ കൊടുക്കുന്നതു കണ്ടു കൊണ്ടാണ് ഞാന്‍ അവിടെ നിന്നു എഴുന്നേറ്റത്.ഞാനോടി വീണ്ടും പഴയ സ്ഥലത്ത് എത്തി.ഇപ്പോള്‍ ഇത്തായ്ക്ക് പരിഭ്രമമില്ല,മുഖത്ത് നല്ല ആത്മവിശ്വാസം.ഇത്ത എന്തിനാ നമ്മള്‍ ഇവിടെ വന്നത്?എന്റെ മൂക്കില്‍ പിടിച്ച് ഇത്ത ഇങ്ങനെ പറഞ്ഞു ഞമ്മളും സലാമിക്കയും തമ്മിലുള്ള നിക്കാഹ് നടക്കാന്‍ തങ്ങളുപ്പാപ്പ ഓതിതന്ന ഉറുക്കാ ഇത് കൈയിലിരുന്ന പൊതി കാട്ടി പറഞ്ഞു.ഇത് കെട്ടിയാല്‍ നിക്കാഹ് നടക്കുമോ?പിന്നില്ലാതെ തങ്ങളുപ്പാപ്പായുടെ ഉറുക്കിനു ഭയങ്കര ശക്തിയാ...ഇത്തായുടെ മറുപടി എന്നെ വല്ലാതെ സന്തോഷിപ്പിച്ചു.എന്റെ കൈയും പിടിച്ച് ഇത്ത വേഗത്തില്‍ നടന്നു.
ദൂരെ നിന്നേ കാണാമായിരുന്നു വയലിന്റെ കരയ്ക്കുള്ള മരത്തണലില്‍ ഞങ്ങളെയും പ്രതീക്ഷിചെന്നപോലെ സലാമിക്ക.
ഇക്കാ ഞമ്മളു ഒരു കാര്യം പറഞ്ഞാല്‍ നിങ്ങളു കേള്‍ക്കുമോ?
എന്താ നീ കാര്യം പറയ് ഷൈല.ഉറുക്കു കാട്ടി ഇത്ത പറഞ്ഞു തങ്ങളുപ്പാപ്പ ഓതിതന്ന ഉറുക്കാ ഞമ്മടെ നിക്കാഹ് നടക്കാന്‍ നിങ്ങളിത് കയിലു കെട്ടുമോ?
അന്റെ ഒരു കാര്യം ഷൈല.ഇത് അനാചാരമാണ്,ഇത് ഇപ്പോഴും നീ കൊണ്ടൂ നടക്കുകയാ?അങ്ങനെ എല്ലാ കാര്യവും നടക്കുകയാണെങ്കില്‍ നമ്മളെന്തിനാ മറ്റുള്ള വഴി നോക്കണേ?
തങ്ങളുപ്പാപ്പമാര്‍ മതിയല്ലോ?എന്നാലും എന്റെ സമാധാനത്തിനുവേണ്ടി നിങ്ങളിത് വാങ്ങൂ...ഇല്ല ഞാനിത് വാങ്ങില്ല ദേഷ്യം കൊണ്ട് സലാമിക്കായുടെ മുഖം ചുവന്നു .ഉറുക്കിന്റെ പൊതി വാങ്ങി വയലിലേക്ക് ലക്ഷ്യമില്ലാതെ എറിഞ്ഞു.ഇത്തായുടെ കണ്ണുകളില്‍ നിന്നു കുടുകുടെ കണ്ണീര്‍ പൊടിയാന്‍ തുടങ്ങി.
ഇത്തതിരികെ വീട്ടിലേക്ക് ഓടി എന്നെയും കൂട്ടാതെ തന്നെ.സലാമിക്കായുടെ പ്രവൃത്തിയില്‍ എനിക്കും ദേഷ്യം വന്നു തുടങ്ങിയിരുന്നു.പിറ്റേന്ന് ഇത്തായെ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി ഇത്തായുടെ കണ്ണുകള്‍ ആകെ ചുവന്നിരിക്കുന്നു.ഉറങ്ങിയിട്ടില്ല എന്നു മുഖം കണ്ടാല്‍ തന്നെ മനസ്സിലാകുന്നുണ്ട്.എന്താ ഇത്ത ?ഞമ്മടെ നിക്കാഹ് ഉറപ്പിച്ചു .സലാമിക്കായുമായാണോ?
എന്റെ ചോദ്യത്തില്‍ ഇത്ത പൊട്ടികരഞ്ഞു.അല്ല പിന്നെ??
ഒന്നും മിണ്ടാതെ ഇത്ത തിരികെപ്പോയി.ചുരുങ്ങിയ ദിവസത്തിനുള്ളീല്‍ ഷൈലാത്തായുടെ നിക്കാഹു കഴിഞ്ഞു പോകുമ്പോള്‍.....
വയലിന്റെ കരയില്‍ നിന്നു സലാമിക്കായുടെ ഒപ്പം ഞാനും കാണുന്നുണ്ടായിരുന്നു.......
സലാമിക്ക തങ്ങളുപ്പാപ്പാന്റെ ഉറുക്ക് കെട്ടാത്തതു കൊണ്ടാണ് ഇത്തായുമായി നിക്കാഹ് നടക്കാത്തതെന്നു ഞാനും വിശ്വസിച്ചു.

അല്ല കുട്ടിയേ അന്റെ കിനാവു കാണലു ഇന്യും കഴിഞ്ഞില്ലേ?ഷൈലാത്തായുടെ ചോദ്യമാണ് എന്നെ ഓര്‍മകളില്‍ നിന്നു വിടുതല ചെയ്തത്.

എക്സേഞ്ചിനു പുറത്തെ കഫ്റ്റീരിയയിലെ ഫാമിലി ക്യാബിനില്‍ എന്റെ അഭിമുഖമായി ഇത്ത ഇരിക്കുകയായിരുന്നു.ഇത്തായെ ഞാന്‍ സാകൂതം വീക്ഷിച്ചു,വലിയ ജിമുക്ക ഇട്ടിരുന്ന കാതില്‍
കടുകുമണിയോളം പോന്ന കമ്മല്‍,തലയില്‍ ഇട്ടിരിക്കുന്ന തട്ടത്തില്‍ നിന്നു പുറത്തേക്ക് എത്തിനോക്കുന്ന മുടികള്‍ക്കു വെള്ളിനിറം.കഠിനമായി ഭാരം ചുമക്കുന്നവരെപ്പോലെ മുഖത്തിനു പലയിടത്തും ചുളിവ്....

ജ്ജ് എന്താ നോക്കണേ?എത്ര സുന്ദരി ആയിരുന്നു എന്റെ ഇത്ത,മുഖത്തു പെട്ടന്നു വന്ന ചിരി വികൃതമായപ്പോലെ...
അതൊരു വലിയ കഥയാണു കുട്ടിയേ?ജ്ജ് എത്രകാലമായി നാട്ടില്‍ പോയിട്ട്?ഞാന്‍ എല്ലാ വര്‍ഷവും പോകും, നമ്മുടെ ആ പഴയ ഗ്രാമത്തില്‍ പോകാറില്ല.എനിക്കവിടെ ആരുമില്ലല്ലോ?ഇത്തായുടെ നിക്കാഹ് കഴിഞ്ഞു കുറെക്കാലം കഴിഞ്ഞു ഞങ്ങളും ആ ഗ്രാമം ഉപേക്ഷിച്ചു ,പട്ടണത്തിന്റെ തിരക്കില്‍ ഞങ്ങളും അലിഞ്ഞു ചേര്‍ന്നിരുന്നു.
ഒരിക്കല്‍കൂടി ഞാനാ ഗ്രാമത്തില്‍ പോയിരുന്നു,അപ്പോഴേക്കും ഞാന്‍ മുതിര്‍ന്ന ചെറുപ്പക്കാരന്‍ ആയി കഴിഞ്ഞിരുന്നു.സലാമിക്കായെ അവസാനമായി കണ്ടതും അന്നായിരുന്നു.ആ പഴയ മരത്തിന്‍ ചുവട്ടില്‍ പ്രാകൃതനായ മനുഷ്യന്‍ സലാമിക്ക ആണെന്നു തിരിച്ചറിയാന്‍ കുറച്ചു സമയം വേണ്ടീ വന്നു.മുഷിഞ്ഞ വേഷം,കുഴിഞ്ഞ കണ്ണുകള്‍,കൈകളില്‍ എരിയുന്ന ബീഡി....
സലാമിക്കാ....എന്റെ വിളിയില്‍ മുഖം ഉയര്‍ത്തി,എന്നെ മനസ്സിലായോ ? ഞാനാ ദീപു...
ഒരു ടൊന്റി ഫൈവ് ബൈസ തരുമോ?ഉണ്ടെങ്കില്‍ മതി.ഞന്‍ നീട്ടിയ പത്തു രൂപ തിരിച്ചും മറിച്ചും നോക്കിയിട്ട് തിരികെ തന്നു.ടൊന്റി ഫൈവ് ബൈസ മതി.അടുത്ത പ്രാവിശ്യം തന്നാല്‍ മതി..ഒ.കെ..പിന്നെ കാണാം.ഊര്‍ജ്ജസ്വലനായ ചെറുപ്പക്കാരന്റെ വിധി.....മനസ്സില്‍ വല്ലാത്ത ഭാരം.
മുന്നില്‍ കൊണ്ടുവച്ച ശീതള പാനീയത്തിന്റെ ഗ്ലാസ് ഒരിറക്ക് കുടിച്ചതിനു ശേഷം ഇത്ത പറഞ്ഞു.കുട്ടീ ഞാനിവിടെ എത്തിയിട്ട് ആറുമാസം കഴിഞ്ഞു.ഒരു ആശുപത്രിയിലെ ക്ലീനിംഗ് ആണ്.ഇത്തായുടെ ഭര്‍ത്താവ്...??
മരിച്ചു... ശബ്ദം മുറിച്ചു,മുറിച്ചാണു പറഞ്ഞത്.എന്റെ ജേഷ്ടത്തിയുടെ ഭര്‍ത്താവിന്റെ അനുജനായിരുന്നല്ലോ എന്നെ നിക്കഹ് കഴിച്ചിരുന്നത്.കുറുക്കു വഴിയിലൂടെ എന്നെ സ്വന്തമാക്കി,സലാമിക്കായെ എന്നില്‍ നിന്നു അകറ്റി.ഉപ്പാന്റെ ഗതികേട്....ജേഷ്ടത്തിക്കു കൊടുക്കാനുള്ള സ്ത്രീധനത്തിന്റെ ബാക്കിക്കായി നെട്ടോട്ടമോടുന്ന സമയം ഓടെ ഭര്‍ത്താവാണ് പറഞ്ഞത് നിങ്ങള് ഷൈലായെ ഞമ്മടെ അനുജനെ നിക്കാഹ് കഴിപ്പിക്ക് ഞമ്മള്‍ക്ക് തരാനുള്ള പൈസ വേണ്ടെന്ന് വയ്ക്കാം.
അയാളെയോ....എനിക്ക് വേണ്ട കള്ളും കുടിച്ച് വക്കാണമായി നടക്കുന്നയാളെ എനിക്ക് വേണ്ട....ഞാനും മകളും വഴിയാധാരമായാലും വേണ്ട.... അനക്ക് അന്റെ കാര്യം മാത്രം നോക്കിയാ മതി ജേഷ്ടത്തിയുടെ കരച്ചില്‍ ഒപ്പം ഒരു ആശ്വാസവാക്കും,ഓന്റെ നിക്കാഹ് കഴിഞ്ഞാല്‍ എല്ലാം ശരിയാകും ഞാന്‍ തങ്ങളുപ്പാപ്പാന്റെ അടുത്ത് ചോദിച്ചിരിക്കണ് ഓന്റെ ദേഹത്ത് കൂടിയിരിക്കണ ജിന്ന് പോകണമെങ്കില്‍ നിക്കാഹ് തന്നെ കഴിക്കണം,ജ്ജ് സമ്മതം മൂളൂ ഞമ്മള്‍ എല്ലാം രക്ഷപെടും.ഉപ്പായ്ക്കും മറുത്തൊരു മറുപടി ഇല്ലായിരുന്നു.എന്റെ വീട്ടില്‍ ഞാനൊറ്റപ്പെട്ടു.

അയാളുടെ സ്വഭാവം കൂടുതല്‍ മോശമാകുകയായിരുന്നു,ഓന്റെ ദേഹത്ത് ജിന്നും ഇല്ല ,പൂതവും ഇല്ല...നല്ല തല്ലു കിട്ടാത്തതിന്റെ കുഴപ്പമാ...
സലാമിക്കായെ ഞാനെന്നോ മറന്നു.ദുരിത ജീവിതത്തിലും ഞമ്മക്ക് ഒരു മോള് പിറന്നു,എന്നിട്ടും ഓന്‍ കുടി നിര്‍ത്തിയില്ല ചങ്ക് പൊട്ടി മരിക്കോളം ...
മരണത്തോടെ കൂടി ഞാനും മോളും ഒറ്റയ്ക്കായി,ജീവിക്കാന്‍ നിവൃത്തിയില്ലാണ്ടായപ്പോഴാണ് ഇക്കരയ്ക്ക് ഒരു വിസ കിട്ടിയത്.അല്‍ഹംദുലില്ല ഇപ്പോള്‍ എല്ലാം ഉഷാറായി പോകുന്നു.മോളു സ്കൂളില്‍ പഠിക്കുന്നു,ഓളെ ആരുടെയെങ്കിലും കൈയില്‍ ഏല്‍പ്പിക്കണം.ഇത്ത എത്രമാത്രം മാറിയിരിക്കുന്നു,ആത്മ വിശ്വാസം തുടിക്കുന്ന വാക്കുകള്‍.

സലാമിക്കായെ ഇത്ത പിന്നീട് കണ്ടിരുന്നോ?ഉറുക്ക് എറിഞ്ഞു കളഞ്ഞതില്‍ പിന്നെ....ഇത്തയുടെ കണ്ണുകള്‍ വീണ്ടും ഈറനണിഞ്ഞു.
സലാമിക്ക ആകെ മാറിപ്പോയിരുന്നു.മാനസിക വിഭ്രാന്തിയില്‍ അടിമപ്പെട്ട് നടന്നിരുന്ന ഇക്കായെ നാട്ടുകാര്‍ ചേര്‍ന്ന് തമിഴ് നാട്ടിലെ ഏതോ ഷെയ്ക്കിന്റെ ദര്‍ഗയില്‍ ചങ്ങലയ്ക്കിട്ടു....ആരും തിരിഞ്ഞു നോക്കാനില്ലാതെ....
ജ്ജും പത്രത്തില്‍ വായിച്ചു കാണും കരണ്ട് ഓലപ്പുരയില്‍ പിടിച്ച് കത്തികരിഞ്ഞ മാനസിക രോഗികള്‍.....അതില്‍ ഞമ്മടെ സലാമിക്കായും ഉണ്ടായിരുന്നു.
അഞ്ജതയുടെ ,അന്ധവിശ്വാസത്തിന്റെ ബലിയാടായി ഷേയ്ക്കിന്‍ ദര്‍ഗയില്‍ കത്തികരിഞ്ഞ മൃതദേഹങ്ങള്‍ എന്റെ ചുറ്റും താണ്ഡവമാടുന്നു....സലാമിക്കായുടെ വാക്കുകള്‍ എന്റെ കാതില്‍ പ്രതിധ്വനിച്ചു"ഒരു ടൊന്റി ഫൈവ് ബൈസ തരുമോ?"

ഇത്തായുടെ കരച്ചിലിനു ശക്തിയേറി,എന്തു പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ നില്‍ക്കുമ്പോഴും എന്റെ മനസ്സില്‍ സലാമിക്ക മാത്രമായിരുന്നു.

സമര്‍പ്പണം :ഒന്നുമറിയാതെ അഗ്നിയുടെ കരങ്ങളില്‍ അന്ത്യ വിശ്രമം കൊണ്ട സലാമിക്കായ്ക്ക്.

2010, ജനുവരി 28, വ്യാഴാഴ്‌ച

പാണ്ടി മണിയന്‍

ഒരു അവധി ദിനം വിരസമായി നീങ്ങി കൊണ്ടിരിക്കുന്നു.ഒന്നും ചെയ്യാനില്ല
വല്ലാത്ത മടുപ്പ് ഒന്നു പുറത്തിറങ്ങികളയാം.ടൗണിലൂടെ പതുക്കെ നടന്നു.ട്രാന്‍സ്പോര്‍ട്ട് ബസ്റ്റാന്‍ഡിലെത്തിയത് അറിഞ്ഞില്ല.ബസുകള്‍ വന്നും പോയിരിക്കുന്നതും നോക്കി നിന്നു.മിക്ക ബസുകളും എനിക്കു പരിചിതമായ സ്ഥലങ്ങളോ അല്ലെങ്കില്‍ കേരളത്തിലെ അറിയപ്പെടുന്ന നഗരത്തിലേക്കോ ഉള്ളതായിരുന്നു.
അപ്പോഴാണു ഒരു ബസ് സ്റ്റാന്‍ഡില്‍ പിടിച്ചത്"ചീരാറ്റു കോണം" ഞാന്‍ കേട്ടിട്ടില്ലാത്ത ഒരു സ്ഥലം.
ഒരു ആകാംക്ഷയുടെ പുറത്ത് ഞാനാബസില്‍ കയറി.ബസു നിറയെ ജനങ്ങള്‍ മിക്കവാറും ജനങ്ങള്‍ തമിഴ് ചുവയുള്ള മലയാളം സംസാരിക്കുന്നു,കെട്ടുകളും,ഭാണ്ഡങ്ങളുമായി എല്ലാവരും സ്ഥലം കയ്യടക്കിയിരിക്കുന്നു.
ഞാനിരുന്ന സീറ്റിലേക്ക് ഒരു അമ്മൂമ്മ വന്നിരുന്നു ഉടനെ തന്നെ വെറ്റിലയും അടയ്ക്കയും എടുത്ത് മുറുക്കുവാന്‍ തുടങ്ങി.പുകയിലയുടെയും ,ചുണ്ണാമ്പിന്റെയും രൂക്ഷ ഗന്ധം എന്റെ നാസാരന്ധ്രങ്ങളില്‍ തുളച്ചു കയറി.

ണിം...ണിം..ഡബിള്‍ ബെല്ലടിച്ച് കണ്ടക്ടര്‍ യാത്ര പുറപ്പെടുന്നതിന്റെ സൂചന നല്‍കി.ബസ് മെല്ലെ യാത്ര ആരംഭിച്ചു. പരിചിത സ്ഥലങ്ങള്‍ വിട്ട് ബസ് അപരിചിതമായ വഴികളിലൂടെ നീങ്ങി.ടിക്കറ്റ്...ടിക്കറ്റ്...കണ്ടക്ടര്‍ എന്റെ അടുക്കല്‍ എത്തി.ഒരു ചീരാറ്റുകോണം നീട്ടിയ പൈസ വാങ്ങി എനിക്കു ടിക്കറ്റ് കീറി നല്‍കി.
സാര്‍ അവിടെ ആരെ കാണാനാ....കണ്ടക്ടറു ചോദ്യം എന്നെ കുഴക്കി.ഹേയ് വെറുതെ ഒന്നു നാടുകാണാന്‍.
ഈ ബസ് ഇനി എപ്പോഴാ അവിടെ നിന്നു തിരികെ വരിക?നാളെയുള്ളൂ സാര്‍ എന്റെ മറു ചോദ്യത്തിനു ഉത്തരം നല്‍കി കണ്ടക്ടര്‍ അടുത്ത യാത്രക്കാരനിലേക്കു നീങ്ങി.
ഞാന്‍ പുറത്തേക്കു നോക്കി ജനങ്ങള്‍ അധിവസിക്കുന്നതിന്റെ യാതൊരു സൂചനയും കാണുന്നില്ല .
എന്റെ അരികില്‍ ഇരുന്ന അമ്മൂമ്മ ചെറിയ മയക്കത്തില്‍ ആണ്.വായുടെ ഒരരുകിലൂടെ മുറുക്കി ചുവപ്പിച്ച ഉമിനീര്‍ ഒഴുകുന്നുണ്ടായിരുന്നു.ടിക്കറ്റ് എല്ലാം കൊടുത്തുകഴിഞ്ഞ കണ്ടക്ടര്‍ ഞാനുമായി ചങ്ങാത്തത്തിലായി.
ഇതിനിടയില്‍ അയാള്‍ ചീരാറ്റുകോണത്തെക്കുറിച്ച് ഒരു ചെറു വിവരണം എനിക്കു നല്‍കി.വംശീയ ലഹളയില്‍ ശ്രീലങ്കയില്‍ നിന്നു കുടിയേറിയ തമിഴ് ജനതയാണ് അവിടെ ഭൂരിഭാഗവും താമസിക്കുന്നത്.അഗതികള്‍ ആയതുകൊണ്ട് ഇവരുടെ കാര്യത്തില്‍ ആര്‍ക്കും താല്പര്യമില്ല .അതുകൊണ്ട് വികസനവും എത്തിയിട്ടില്ല.സര്‍ക്കാരിന്റെ ഔദാര്യത്തില്‍ വന്നു പോകുന്ന ബസ് ചീരാറ്റുകോണത്തെ വികസനവുമായി ബന്ധിപ്പിക്കുന്ന കണ്ണി.കണ്ടക്ടര്‍ എന്നെക്കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചു മനസ്സില്ലാക്കിയിരുന്നു ഇതിനുള്ളില്‍. ഞാനൊരു ഗവണ്മെന്റ് ഉദ്യോഗസ്ഥന്‍ ആണെന്നും ഇങ്ങനെ പരിചിതമല്ലാത്ത നാടുകള്‍ കാണുന്നത് എന്റെ ഒരു ഹോബി ആണെന്നും ഒക്കെ മനസ്സിലാക്കി.അല്ല സാറേ അവിടെ താമസിക്കാന്‍ വല്ല .......എന്റെ സാറെ അവിടെ അങ്ങനത്തെ യാതൊരു സംവിധാനവും ഇല്ല.നമുക്കു ബസില്‍ കൂടാം സാറേ !!
കണ്ടക്ടറുടെ വാക്കുകള്‍ കുറച്ച് ആത്മവിശ്വാസമേകി.
ഒന്നു ചെറുതായി മയങ്ങി.സാറേ....കണ്ടക്ടറുടെ തട്ടിവിളിയില്‍ ഞാനുണര്‍ന്നു.ഈ വലിയ കയറ്റം കയറി ഇറങ്ങുന്നതാണ് ചീരാറ്റുകോണം.പിന്നെയും അരമണിക്കൂര്‍ കഴിഞ്ഞു അവിടെ എത്താന്‍.റോഡ് നല്ലതായിരുന്നു.
ഏതോ എം.ല്‍.എ യുടെ ഫണ്ടില്‍ നിന്നു പണിതതാ അത്രയും സമാധാനം.

ചീരാറ്റുകോണം പേരു പോലെ ഒരു ഓണം കേറാമൂല.ഒരു മൈതാനം പോലെ ചുറ്റി നില്‍ക്കുന്നു.
നടുക്ക് ഒരു പ്രതിമ നില്‍ക്കുന്നു.ഒരു ചായക്കട.രണ്ടുമൂന്നു ചെറിയ കടകള്‍.റോഡ് അവസാനിക്കുന്നയിടത്ത് ഏതോ പേരറിയാത്ത മരം പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു അതിന്റെ ഓരം ചേര്‍ന്ന് ഒരു ചെറിയ പുഴ ഒഴുകുന്നു.
ഇത്രയും ആയാല്‍ ചീരാറ്റുകോണം പൂര്‍ണ്ണമായി.

ഞാന്‍ ബസില്‍ നിന്നു മെല്ലെ പുറത്തിറങ്ങി.വളരെ ദൂരം യാത്ര ചെയ്തതിന്റെ ഫലമാണെന്നു തോന്നു തലയ്ക്കെല്ലാം ഭയങ്കര ഭാരം.സാറേ വല്ല ഭക്ഷണവും വേണമെങ്കില്‍ ചായക്കടയില്‍ പറഞ്ഞ് ഏല്‍പ്പിക്കണം പിന്നില്‍ നിന്നു കണ്ടക്ടറുടെ ശബ്ദം ഞാന്‍ തലയാട്ടി നടന്നു.പുഴയില്‍ ഇറങ്ങി മുഖം നന്നായി കഴുകി.
തണുത്തവെള്ളം മനസ്സിനും ശരീരത്തിനും കുളിര്‍മയേകി.തിരികെ ചായ കടയില്‍ എത്തി.ഒരു ചായ..അപരിചിതനെ കണ്ടതിനാലാകണം എന്നെ അടിമുടി ഒരു നോട്ടം.നാണുവേട്ടാ പേടിക്കേണ്ടാ നമ്മുടെ ആളാണ്.
വീണ്ടൂം കണ്ടക്ടര്‍ രക്ഷകന്റെ റോളില്‍.പീടികയ്ക്കു മുന്നിലെ പഴയ ബഞ്ചില്‍ ഇരുന്ന് ഞാന്‍ ചുറ്റുപാടും സാകൂതം വീക്ഷിച്ചു.
നേരത്തെ ശ്രദ്ദിക്കാതെ പോയ പ്രതിമ എന്നില്‍ ആശ്ചര്യം ജനിപ്പിച്ചു.ഒരു കള്ളിമുണ്ടുടുത്ത് തലയില്‍ വട്ടക്കെട്ടും കെട്ടി നില്‍ക്കുന്ന കറുത്തരൂപം.അല്ല സാറേ ഇതാരാ ഇവിടുത്തെ മൂപ്പന്‍ വല്ലതും ആണോ?
ഉത്തരം കിട്ടാതെ കണ്ടക്ടര്‍ വിഷമിച്ചു.സാറേ ഞാന്‍ മിക്കവാറും ഇവിടെ വരുന്നുണ്ടെങ്കിലും ഞാന്‍ ഈ പ്രതിമ ശ്രദ്ദിച്ചിട്ടില്ല.നമുക്ക് നാണുവേട്ടനോടുതന്നെ ചോദിക്കാം.നാണുവേട്ടാ ഈ പ്രതിമ ആരുടെയാണ്?

അത് പുള്ളെ ഇത് വന്ത് പാണ്ടി മണിയെന്റേതാക്കും.ഇതാരാ പാണ്ടി മണിയന്‍?എന്റെ ചോദ്യം കേട്ടിട്ട് നാണുവേട്ടന്‍ പറഞ്ഞു "യത് എനക്കും തെരിയകൂടാത്..അമ്മാവോട് കേള്‍ക്കലാം.."
അമ്മാ ....മ്മാ..യാര് എന്നെവേണം?ശബ്ദം കേട്ട ഭാഗത്തേക്ക് ഞാന്‍ നോക്കി നേരത്തെ എന്റെ ഒപ്പം ബസില്‍ ഉണ്ടായിരുന്ന അമ്മൂമ്മ, അപ്പോഴും അവര്‍ മുറുക്കാന്‍ ചവച്ചുകൊണ്ടേയിരുന്നു...
അമ്മാ ഇന്ത സാറുക്ക് പാണ്ടിമണീയന്‍ കഥയെ സൊല്ലി കൊടുങ്കോ?നാണുവേട്ടന്റെ ആവശ്യപ്രകാരം അമ്മൂമ്മ കഥ പറയാന്‍ തയ്യാറായി .അതിനു മുന്നോടിയായി അവര്‍ നീട്ടി പുറത്തേക്ക് തുപ്പി.
വെറ്റിലയുടെ ഒരു ചെറിയ ചീളു മുഖത്തേക്ക് തെറിച്ചങ്കിലും കഥ കേള്‍ക്കാനുള്ള ഇമ്പത്തില്‍ ഞാന്‍ മിണ്ടാതെ ഇരുന്നു.

എന്നുടെ ചിന്നകാലത്താക്കും ഒരു പയലു ഇങ്കെ വന്തത് അവന്‍ പേരാക്കും മണിയന്‍,സ്വന്തം ഊരു വന്ത് കമ്പം അതാക്കും അവനു പാണ്ടി മണിയന്‍ എന്നു കൂപ്പിടറത്.അവന്‍ വന്ത് ഭയങ്കര തൊന്തരവുപണ്ണുമേ എല്ലാര്‍ക്കും.
അവരുടെ തമിഴ് എനിക്കു കുറച്ചുമാത്രം മനസ്സിലാകുന്നതുകൊണ്ട് നാണുവേട്ടന്‍ എനിക്കു തര്‍ജ്ജിമ ചെയ്തു തന്നു.
മണിയന്‍ അവന്‍ ശരിക്കും ഒരു ഭയങ്കരന്‍.എല്ലാവര്‍ക്കും ഉപദ്രവം ,മോഷണം,ഏഷണി തമ്മില്‍ തല്ലിക്കല്‍ ഇതെല്ലാം അവന്റെ പ്രധാന വിദ്യകള്‍.ഇവിടുത്തെ പേരെടുത്ത കള്ളന്‍.അതിനാല്‍ പോലീസെല്ലാം അവന്റെ കൂട്ടുകാര്‍.
എല്ലാവര്‍ക്കും ഭയം തിരിച്ചൊന്നും ചെയ്യാന്‍ കഴിയില്ല ചെയ്താല്‍ പോലീസില്‍ പിടിപ്പിക്കും .
നാട്ടുകാര്‍ അവനെ കൊണ്ട് പൊറുതി മുട്ടി.ദിനംപ്രതി അവന്റെ ശല്യം അധികരിച്ചു വന്നു.
നാട്ടുകാര്‍ രഹസ്യയോഗം ചേര്‍ന്ന് ഒരു തീരുമാനം എടുത്തു,മണിയനെ രാത്രിയില്‍ ഇരുട്ടടി കൊടുക്കണം.
എല്ലാവരും അതിനെ പിന്തുണച്ചു.ദിവസം രാത്രിയില്‍ മണിയനു പുറത്തിറങ്ങാന്‍ ഭയമായി ഇറങ്ങിയാല്‍ തല്ലുറപ്പ്.
ഇത് ഒരു നിത്യ സംഭവമായപ്പോള്‍ മണിയന്‍ ഒരു പ്രഖ്യാപനം നടത്തി.
പ്രതിമ ഇപ്പോള്‍ നില്‍ക്കുന്ന ഭാഗത്ത് നിന്നു ഇങ്ങനെ പറഞ്ഞു.

അന്‍പുള്ള അപ്പ,അമ്മ,അണ്ണന്‍,അണ്ണി ഇന്നു സായം കാലം നാന്‍ തല്‍കൊല പണ്ണപോറേന്‍..നാന്‍ സെയ്ത കൊടുമയ്ക്ക് നീങ്കെ എന്നെ മന്നിച്ചിടുങ്കോ....
മണിയന്റെ പ്രഖ്യാപനം നാട്ടുകാര്‍ക്ക് അമ്പരപ്പു ശ്രിഷ്ടിച്ചെങ്കിലും ആഹ്ലാദമായിരുന്നു മനസ്സു നിറയെ എല്ലാവര്‍ക്കും. മണിയനു പിന്നാലെ കൂടി എല്ലാവരും.ഏന്‍ മണിയാ എന്ന പ്രചനം??
നീങ്കെ എല്ലാം എനിക്കു സിന്ന ഉദവി സെയ്യണം.എല്ലാവരും മുഖത്തോടു മുഖം നോക്കി.
മണിയന്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.ഞാന്‍ മരിച്ചാല്‍ എന്റെ ശരീരം നിങ്ങള്‍ വെട്ടി നുറുക്കണം.
ഞാന്‍ ചെയ്തതെറ്റിനു പ്രായ്ശ്ചിത്തം ആകട്ടെ ഇത്.നാട്ടുകാര്‍ എല്ലാവരും സമ്മതിച്ചു.
വൈകുന്നേരം എല്ലാ ജനങ്ങളും മണിയന്റെ വീട്ടിലേക്കു പ്രവഹിച്ചു.ദൂരെ നിന്നേകാണാമായിരുന്നു മുറ്റത്തെ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന മണിയനെ......
അവന്റെ അവസാന ആഗ്രഹം തീര്‍ക്കാന്‍ ജനങ്ങള്‍ മത്സരിച്ചു.നിമിഷനേരം കൊണ്ട് അവന്റെ ദേഹം വെട്ടി നുറുക്കി കഷണങ്ങള്‍ ആക്കി മാറ്റി അവന്റെ ആത്മാവിനു നിത്യശാന്തി നേര്‍ന്നു.
ആ ആത്മസംത്രിപ്തിയോടെ ഉറങ്ങാന്‍ കിടന്നു.

പിറ്റേന്നു നേരം പതിവുപോലെ പുലര്‍ന്നത് വീടുതേടിയുള്ള പോലീസിന്റെ തിരച്ചില്‍ ആയിരുന്നു.നാട്ടിലെ മിക്ക പുരുഷന്മാരെയും അറസ്റ്റു ചെയ്തിരിക്കുന്നുഎന്താകാരണമെന്നറിയാതെ മിഴിച്ചു നിന്നവരോട് പോലീസ് പറഞ്ഞത് ഇപ്രകാരം ആയിരുന്നു.നാട്ടുകാര്‍ മണിയനെ വെട്ടി നുറുക്കി കൊല്ലും എന്ന് മണിയന്‍ കഴിഞ്ഞ ദിവസം പരാതിപെട്ടിരുന്നു.അതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടത് നുറുങ്ങിയ മണിയന്റെ ദേഹമാണ്.അതുകൊണ്ട് എല്ലാവരെയും അറസ്റ്റു ചെയ്തിരിക്കുന്നു.നിങ്ങളെ കൊണ്ട് പോകാതെ നിര്‍വാഹമില്ല.
ആള്‍ക്കാരെ കയറ്റിയ വാഹനം കണ്മുന്നില്‍ നിന്നു മറയുന്നതുപോലെ തോന്നിച്ചു അമ്മൂമ്മയുടെ വാക്കുകളില്‍ .
പാണ്ടി മണിയന്‍ ജീവിച്ചാലും വിന..ചത്താലും വിന.അങ്ങനെയാണീ പഴഞ്ചൊല്ലുണ്ടായത് ...
അവര്‍ കഥ പറഞ്ഞു നിര്‍ത്തി.

നാട്ടുകാരെ ഇങ്ങനെ ഒരു ചതിയിലൂടെ ദ്രോഹിച്ച മണിയന്റെ ഓര്‍മയ്ക്കായി പണികഴിപ്പിച്ചതാണീ പ്രതിമ.

രാവിലെ ബസ് അവിടെ നിന്നു യാത്രയാകുമ്പോഴും ചീരാറ്റുകോണത്തിന്റെ ഇതിഹാസം പാണ്ടി മണിയന്‍ ആയിരുന്നു എന്റെ ചിന്തകളില്‍ മുഴുവന്‍.

2010, ജനുവരി 6, ബുധനാഴ്‌ച

ഒരു പ്രവാസത്തിന്റെ അന്ത്യം....

പ്രതീക്ഷകള്‍ നല്‍കി കൊണ്ടു ഒരു പുതു വര്‍ഷം കൂടി പൊട്ടിവീണു.ഓഫീസില്‍ എല്ലാവരുടെയും മുഖം മ്മ്ലാനത നിറഞ്ഞിരുന്നു.ഷെയര്‍ മാര്‍ക്കറ്റിലെ ഇടിവും,സാമ്പത്തിക മാന്ദ്യവും കമ്പനിയുടെ മുന്നോട്ടൂള്ള പ്രയാണത്തിനു തടസ്സം നേരിട്ടപ്പോള്‍ ചെയര്‍മാനാണ് അമേരിക്കന്‍ കണ്‍സള്‍ട്ടിംഗ് കമ്പനിയെ നിയമിച്ചത്.
കമ്പനി എങ്ങനെ ലാഭത്തില്‍ വരുത്താം എന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ടു നല്‍കാന്‍,
ഒരു മാസത്തെ അവധിയും നല്‍കി.ഇന്നാണു റിപ്പോര്‍ട്ടു നല്‍കുക.
അനന്തരം നടപടി എന്താണെന്നുള്ള ആശങ്ക ഓരോ മുഖത്തും നിഴലിച്ചിരുന്നു.
ആശങ്കകള്‍ക്കും,അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ട് റിപ്പോര്‍ട്ടു വന്നു.20% ആള്‍ക്കാരെ കുറയ്ക്കണം.എപ്പോഴും തിരക്കിട്ട് നടന്നു കൊണ്ടിരുന്ന ജോലികള്‍ പലതും ഇഴഞ്ഞിഴഞ്ഞ് നീങ്ങി.
രാവിലെ വന്നാല്‍ സോഷ്യല്‍ നെറ്റ്വര്‍ക്കു സൈറ്റുകളിലും,പത്രവായനുമായ നടന്നവര്‍ പോലും അതിനെല്ലാം താല്‍ക്കാലിക വിരാമമിട്ടു.വൈകിട്ടു നടക്കുന്ന ഷെയര്‍ ഹോള്‍ഡേഴ്സിന്റെ മീറ്റിങ്ങില്‍
അന്തിമരൂപം ഉണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍മാത്രം എല്ലാ കാതുകളിലും കറങ്ങി നടന്നു.തുടര്‍ന്നുള്ള ദിനങ്ങളിലും ഇത് തുടര്‍ന്നു കൊണ്ടിരുന്നു.
വേണു എക്സല്‍ഷീറ്റിലെ ഡെബിറ്റിന്റെയും,ക്രെഡിറ്റിന്റെയും കോളങ്ങളില്‍ എഴുതി ചേര്‍ക്കാന്‍ മറന്നുപോയ അക്കങ്ങളെക്കുറിച്ചു വേവലാതിപെട്ടില്ല.സ്വന്തം ജീവിതത്തിലെ ക്രെഡിറ്റു കോളങ്ങളില്‍ മാത്രമായിരുന്നു ചിന്ത.
പത്തുവര്‍ഷമായി ഈ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു.സ്നേഹിച്ച പെണ്ണിനെ തന്നെ വിവാഹം കഴിക്കാന്‍ ധൈര്യം കാണിച്ചപ്പോള്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയി.
പണം എന്ന നഗ്നമായ സത്യം തിരിച്ചറിഞ്ഞപ്പോള്‍ അത് എങ്ങനെയും ഉണ്ടാക്കിയേ അടങ്ങൂ എന്ന വാശിയില്‍ ഗള്‍ഫിലേക്ക് കയറി.ഓരോ പടി ചവട്ടികയറുമ്പോഴും മനസ്സില്‍ ആഹ്ലാദമായിരുന്നു.
മില്ല്യണുകളുടെ കണക്കുകള്‍ കൂട്ടുമ്പോഴും മാസാവസാനം വന്നെത്തുന്ന ചെറിയ തുകകളില്‍ മാത്രമായിരുന്നു ശ്രദ്ദ.ജീവിതത്തെ മെല്ലെ മെല്ലെ ഒരു കോണില്‍ അടുപ്പിച്ചു.ഒരു വീടായിരുന്നു ലക്ഷ്യം.
മകളുടെ പഠന സൗകര്യം കണക്കിലെടുത്ത് എറണാകുളം നഗരത്തിനുപുറത്ത് ഒരു ചെറിയ വീട് വാങ്ങി.അതിനായി കമ്പനിയിലെ സര്‍വ്വീസ് പൈസയും എല്ലാം കൂടെ കൂട്ടി തന്റെ ലക്ഷ്യം വിജയകരമായി പൂര്‍ത്തിയാക്കി.
സന്തോഷ സമ്രുദ്ദമായി ജീവിതം മുന്നോട്ടു പോകുമ്പോഴാണ് കേരള സര്‍ക്കാരിന്റെ സ്വപ്ന പദ്ദതിയായ സ്മാര്‍ട്ട് സിറ്റിക്കായുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നത്.അക്കൗണ്ടന്റായ വേണുവിന്റെ മനസ്സില്‍ ഉറങ്ങികിടന്ന ബിസിനസുകാരന്‍ ഉണര്‍ന്നു.സ്മാര്‍ട്ട് സിറ്റി പദ്ദതി പ്രദേശത്തിനടുത്തുതന്നെയുള്ള കാക്കനാട്ടെ പണി നടന്നു കൊണ്ടീരിക്കുന്ന വലിയ കെട്ടിട സമുച്ചയത്തില്‍ ഒരു ഫ്ലാറ്റ് സ്വന്തമാക്കണം എന്ന ആഗ്രഹം ഉടലെടുത്തു.
ധാരാളം തൊഴിലവസരങ്ങള്‍ ,സ്വദേശികളും,വിദേശികളുമായി ഒരു വലിയ വിഭാഗം
ആള്‍ക്കാര്‍ ഇവിടെ വരും എല്ലാവര്‍ക്കും താമസിക്കാന്‍ നഗരത്തില്‍ സ്ഥലം വേണ്ടേ?ഇപ്പോഴേ ഒരു ഫ്ലാറ്റ് ബുക്ക് ചെയ്താല്‍ പദ്ദതിതീര്‍ന്ന് പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ തന്റെ ഫ്ലാറ്റ് വാടകയ്ക്കോ,വില്‍ക്കുകയോ ചെയ്യാം.
പ്രവാസം വിട്ട് നാട്ടില്‍ പോയാലും സുഖമായി ജീവിക്കാനുള്ള ഒരു മുന്‍കരുതല്‍.അതിനുള്ള പണം സങ്കടിപ്പിക്കാനുള്ള നെട്ടോട്ടത്തില്‍ വീടിന്റെ ആധാരം ബാങ്കില്‍ വച്ച് ലോണ്‍ എടുത്തു.തന്റെ ശമ്പളത്തിന്റെ കുറച്ചുപൈസാ വീതം മാസാമാസം അടച്ചാല്‍ ബാങ്കിലെ കടവും തീരും,ഒപ്പം ഒരു ഫ്ലാറ്റും സ്വന്തമാകും.
വരാനിരിക്കുന്ന സൗഭാഗ്യത്തിന്റെ ബാലന്‍സ് ഷീറ്റ് നേരത്തെ തന്നെ തീര്‍ത്തു.
പെട്ടന്നു ഇന്റര്‍കോം ശബ്ദിച്ചു..വേണു പ്ലീസ് കം ടു മൈ ഓഫീസ് ചെയര്‍മാന്റെ ശബ്ദം എന്റെ ചിന്തക്കളെ ഉണര്‍ത്തി.എസിയുടെ കുളിമയിലും ചെയര്‍മാന്‍ വിയര്‍ക്കുന്നതുപോലെ തോന്നി.
സാര്‍....മുന്നിലെ കസേരയിലേക്കു വിരല്‍ ചൂണ്ടി പറഞ്ഞു വേണു ഇരിക്ക്.ചെയര്‍മാന്റെ ശബ്ദത്തില്‍ ഒരു പതര്‍ച്ച.
ഐ ആം സോറി...കമ്പനിയുടെ ഇന്നത്തെ പരിതാപകരമായ അവസ്ഥ അറിയാമല്ലോ?വേണുവിനെപ്പോലെ ഇന്റലിജന്റായ ഒരാളെ ഒഴിവാക്കുക എനിക്ക് ഓഹിക്കാന്‍ കഴിയുന്നതിനപ്പുറമാണ് ബട്ട്...ഫെയ്ത്ത് ,
എനിക്കിതല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയില്ല ഇത് മുകളില്‍ നിന്നുള്ള ഓര്‍ഡര്‍ ആണ്.
നീട്ടിയ പേപ്പര്‍ കഷണം കൈകളില്‍ ഇരുന്ന് വിറച്ചു.കണ്ണുകള്‍ അറിയാതെ നിറഞ്ഞുപോയി.
പത്തുവര്‍ഷം താനിരുന്ന ഓഫീസില്‍ തിരിച്ചെത്തിയപ്പോള്‍ വികാരഭരിതനായി.ഇന്നുവരെ ഉപയോഗിച്ച സിസ്റ്റത്തിലൂടെ വിരലുകള്‍ തഴുകി ഇറങ്ങി.ഇനി എന്ത്?? ഒരു വലിയ ചോദ്യ ചിഹ്നം
മനസ്സില്‍ നിറഞ്ഞു നിന്നു.സഹപ്രവര്‍ത്തകരില്‍ പലര്‍ക്കും എന്നെപ്പോലെ പിരിച്ചു വിടല്‍ നോട്ടീസ് കിട്ടിയിരിക്കുന്നു.കിട്ടാത്തവരുടെ സഹതാപം വേറെ.വേണുവിന്റെ ഉള്ളില്‍ കടല്‍ ആടി തിമിര്‍ക്കുകയായിരുന്നു.പണം ഉണ്ടാക്കാനായി ഞാനിവിടെ വന്നു.അതില്ലാതെ തിരികെ പോകുന്നു.കണ്ണുകളില്‍ ഇരുട്ടു കയറി.റൂമില്‍ തിരികെ എത്തുമ്പോഴേക്കും സമനിലതെറ്റിയവനെപ്പോലെ ആയി.....
പുതിയ ജോലി ,ഗള്‍ഫില്‍ മാന്ദ്യം ബാധിച്ചതിനാല്‍ എങ്ങും ഒഴിവുകള്‍ ഇല്ല.ഉള്ളതാകട്ടെ തദ്ദേശിയര്‍ക്കായി മാറ്റി വച്ചിരിക്കുന്നു.ആസന്നമായ മടങ്ങിപ്പോക്ക് വയ്യ....ഓര്‍ക്കുവാന്‍ ഭയമാകുന്നു
സ്മാര്‍ട്ട് സിറ്റിവന്നും ഇല്ല ...കടങ്ങള്‍ പെരുകുന്നു,ജോലിയും കൂടി നഷ്ടപ്പെട്ടു എങ്ങനെ സമൂഹത്തെ നോക്കും...ചിന്തകള്‍ കാടുകയറുവാന്‍ തുടങ്ങി.ആത്മഹത്യ അതുമാത്രമേ ഇനി എന്റെ മുന്നില്‍ കാണുന്നുള്ളൂ,ബാധ്യതകള്‍ കൂടി എനിക്കുപോകാന്‍ വയ്യ.ഞാന്‍ മരിച്ചാല്‍ സര്‍ക്കാര്‍ എന്റെ കടങ്ങള്‍എഴുതി തള്ളിയാലോ?? ചിന്തകള്‍ അണ്ണാറക്കണ്ണനെപ്പോലെ ഓടി നടന്നു.എപ്പോഴോ കണ്ണുകള്‍ക്ക് ഖനം വച്ചു.
നിദ്രയില്‍ മെല്ലെ ഊളിയിട്ടു......ഒരു കൂട്ടം ആള്‍ക്കാര്‍ വീടു വളയുന്നു,അവരുടെ നടുവില്‍ ഭാര്യ കരയുന്നു,മകള്‍ പേടിച്ച കണ്ണുമായി അമ്മയുടെ ഒപ്പം തേങ്ങുന്നു.അസഭ്യങ്ങളും,ആക്രോശങ്ങളും ആരോ ചിലര്‍ വീടിനു തീയിടുന്നു....
കത്തുന്ന പന്തങ്ങള്‍ പോലെ ഭാര്യയും മകളും.....അമ്മേ.....മ്മേ....വേണു ഉറക്കെ നിലവിളിച്ചു
വിയര്‍പ്പില്‍ മുങ്ങി കുളിച്ചു ഉറക്കത്തില്‍ നിന്നു ഞെട്ടിയുണര്‍ന്നു.ഒരു സ്വപ്നം മാത്രമാണെന്നറിയാന്‍ അയാള്‍ക്കു നിമിഷങ്ങള്‍ വേണ്ടി വന്നു.വല്ലാത്ത കിതപ്പ് ടേബിളിന്റെ മുകളില്‍ ഇരുന്ന വെള്ളമെടുത്തു കുടിച്ചു.
എന്നിട്ടും സമാധാനം ആകാതെ മൊബൈല്‍ എടുത്ത് ഭാര്യക്ക് വിളിച്ചു.എന്താ ഏട്ടാ ഈ പാതിരായ്ക്ക് അവളുടെ ശബ്ദം മനസ്സിന് കുറച്ചു കുളിര്‍മയേകി.ഒന്നും ഇല്ല വെറുതെ വിളിച്ചതാ എന്റെ മറുപടിയില്‍ അവള്‍ക്ക് വിശ്വാസം വന്നോ ആവോ?. വേണു ഒരു അന്തിമ തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു.ഞാന്‍ ആത്മഹത്യ ചെയ്താല്‍ അവള്‍ക്ക് ആരുമില്ല
എന്റെ സ്വപ്നത്തിന്റെ പ്രതിഫലനം ഒരു പക്ഷെ നടന്നു കൂടായ്കയില്ല.എനിക്കു ജീവിക്കണം.
ഈ മണലാരണ്യത്തില്‍ കഷ്ടപ്പെടുന്ന അത്രയും സമയം എന്റെ നാട്ടില്‍ കഷ്ടപ്പെട്ടാല്‍ സുഖമായി ജീവിക്കാം .
ഞാന്‍ പോകുന്നത് രക്തരൂക്ഷിതമായ പലസ്തീനിലേക്കോ,അഫ്ഗാനിസ്താനിലേക്കോ ,
പട്ടിണി മരണം നടമാടുന്ന സോമാലിയയിലേക്കോ അല്ല .രാഷ്ട്രീയ കോമരങ്ങളുടെ അതിപ്രസരമുണ്ടെങ്കിലും എന്റെ നാട് എന്നും ദൈവത്തിന്റെ സ്വന്തം നാടുതന്നെ.ആത്മവിശ്വാസത്തിന്റെ പുതിയ മുഖവുമായി വേണു നാട്ടിലേക്കുള്ള യാത്രയുടെ ഒരുക്കള്‍ തുടങ്ങി.