പേജുകള്‍‌

2013, ഡിസംബർ 6, വെള്ളിയാഴ്‌ച

സൈറയുടെ നൊമ്പരം








മൂന്നാം നിലയിലെ തന്റെ ഫ്ലാറ്റില്‍ നിന്ന് ജമാല്‍ താഴേക്കു നോക്കി റോഡിലൂടെ അതിവേഗതയില്‍ പോകുന്ന വാഹനങ്ങള്‍ ,പാതയോരത്ത് പതിവിനു വിപരീതമായി കച്ചവടക്കാര്‍ വളരെ കുറവ്‌ ,ജിദ്ദയിലെ ഈ മാറ്റം നിതാക്കത്തിന്റെ ചെക്കിംഗ് വന്നതുമുതല്‍ പ്രകടമായതാണ് ,വിരസമായ മറ്റൊരു ആഴ്ചയുടെ അന്ത്യം എന്ന്  മനസ്സിലോര്‍ത്തു .

ജമാല്‍ സുഡാനില്‍ നിന്ന് ജിദ്ദയില്‍ എത്തിയിട്ട് അധിക കാലം ആയിട്ടില്ല .
സുഹൃത്ത് വലയങ്ങള്‍ അവനില്ല .അത് കൊണ്ടുതന്നെ സ്വന്തമായി ഒരു ഫ്ലാറ്റ് എടുത്തു താമസിക്കുന്നു .അവന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു യൂറോപ്പിലേക്ക്  കുടിയേറുക എന്നത് ,തന്റെ ബാല്യകാല സുഹൃത്തുക്കള്‍ പലരും ഇതിനകം യൂറോപ്പില്‍ എത്തി .വൈകുന്നേരങ്ങളിലെ ഫേസ്ബുക്ക് ചാറ്റിംഗില്‍ ഗ്രിഹാതുരുത്വമായ ഓര്‍മ്മകള്‍ പങ്കുവയ്ക്കുമ്പോഴും യൂറോപ്പില്‍ എത്തുക ഒരു വിദൂര സ്വപ്നമായി അവന്റെ മനസ്സില്‍ അവശേഷിച്ചു .

ഇതിനിടയില്‍ താഴെ റോഡില്‍ നിന്ന് ഒരു ബഹളം കേട്ടത്,ഒരു കാര്‍ മറ്റൊന്നില്‍ മുട്ടിയിരിക്കുന്നു .രണ്ടും അറബികള്‍ പരസ്പരം ഹസ്തദാനം ചെയ്യുന്നതും
 കയര്‍ത്തു സംസാരിക്കുന്നതും എല്ലാം നോക്കിനിന്നു .

ഇതിനിടയിലൂടെ ഒരു സ്ത്രീ തന്റെ കെട്ടിടത്തിലേക്ക്‌ അതിവേഗം
 നടന്നു വരുന്നു .കറുത്ത മൂടപടവും,പര്‍ദയും ഇട്ടിട്ടുണ്ട്  എങ്കിലും ജമാലിന് അവളെ ഏതു ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നുപോലും തിരിച്ചറിയാം .
വിരസത എവിടെയോ പോയി ഒളിച്ചു .കാലിന്റെ തള്ളവിരലില്‍ നിന്ന് ഉന്മേഷം തലയോട്ടിവരെ പ്രവഹിച്ചു .ചുരുണ്ടു കൂടി കിടന്ന കട്ടിലിലെ വിരിയും ബ്ലാങ്കറ്റും നേരെയാക്കി ,വലിച്ചു കൂട്ടി ഇട്ടിരുന്ന ആസ്ട്രയിലെ സിഗരറ്റ് കുട്ടികള്‍ വേസ്റ്റ് ബോക്സിലെക്കിട്ടു ,റൂം ഫ്രഷ്‌നര്‍ എടുത്ത്‌ സ്പ്രേ ചെയ്തു
മുഷിപ്പിക്കുന്ന ഗന്ധത്തില്‍ നിന്ന് പെട്ടന്ന് മോചിതനായത് പോലെ.

അധികം  കാത്തു നില്‍ക്കേണ്ടി വന്നില്ല ,മൃദുവായ തട്ട് വാതിലില്‍ കേട്ടു.അവന്‍ മെല്ലെ കതകു തുറന്നു .അവള്‍ക്ക് അപ്പോഴും ധൃതിക്ക് കുറവ്‌ ഇല്ലായിരുന്നു
അവനെ അവഗണിച്ച് ഉള്ളിലേക്ക് നടന്നു .
ജമാല്‍ എനിക്കിത്തിരി വെള്ളം വേണം ,അവളുടെ ശബ്ദം എന്റെ മുറിയില്‍ മുഴങ്ങി അറബി ഭാഷയുടെ സൌന്ദര്യം ഇത്രമാനോഹരമാണോ എന്ന് അവന്‍ പലപ്പോഴും ഓര്‍ക്കുന്നത് അവളുടെ വാക്കുകള്‍ കേള്‍ക്കുമ്പോഴാണ് .
ജമാല്‍ ഫ്രിഡ്ജില്‍ നിന്ന് തണുത്ത വെള്ളം ഒരു ഗ്ലാസ്സിലേക്ക് പകര്‍ന്നെടുത്ത് അവള്‍ക്കായി നീട്ടി  അപ്പോഴേക്കും അവള്‍ മുഖപടം അഴിച്ചു മാറ്റിയിരുന്നു .
ഗോതമ്പിന്റെ നിറമുള്ള മുഖത്ത് നീളമേറിയ കണ്ണുകള്‍ ,നീണ്ട മൂക്ക് സ്വര്‍ണ്ണ ധൂളികള്‍ പോലെ നേര്‍ത്ത് രോമങ്ങള്‍, അവളുടെ ചുണ്ടിന് മുകളില്‍ വിയര്‍പ്പിന്റെ കണികകള്‍ പറ്റിപിടിച്ചു നില്‍ക്കുന്നു ,ദാഹിക്കുന്ന ചുണ്ടുകള്‍ അവന്‍ കൊടുത്ത ഗ്ലാസിനെ വശ്യതയോടെ ചുംബിച്ചു .
സൈറ അതായിരുന്നു അവളുടെ പേര്‍ .ഒരു വൈകുന്നേരം സുഡാന്‍ ഭക്ഷണം കഴിക്കാനായി ആഫ്രിക്കന്‍ വംശജര്‍ താമസിക്കുന്ന സ്ഥലത്ത് പോയി " സിഗിനി " എന്ന് വിളിക്കുന്ന ഭക്ഷണം വയര്‍  നിറയെ കഴിച്ചു ഒരു സിഗരറ്റിനു തീയും കൊളുത്തി നടന്നു വരാവേയാണ് സൈറയുമായി പരിചയമാകുന്നത്.
ശരീരം വിറ്റ്‌ ജീവിക്കുന്നവരും ,പിടിച്ചു പറിക്കാരും പോക്കറ്റടിക്കാരും എന്ന് വേണ്ട സമൂഹത്തിന്റെ അഴുക്ക് ചാല്‍ എന്ന് വിളിപ്പേരുള്ള
 ഇവിടെ എത്യോപ്യ ,സുഡാന്‍ ,യമന്‍  എന്ന് വേണ്ട ഒറ്റവാക്കില്‍ പറഞ്ഞാല്‍ കറുപ്പന്മാരും ,കറുപ്പത്തികളും തിങ്ങി നിറഞ്ഞ ഇവിടെയാണ് സൈറയും ഉണ്ടായിരുന്നത് അവളുമായുള്ള പരിചയം വേഗംതന്നെ വളര്‍ന്നു .വ്യാഴാഴ്ചരാത്രികളില്‍ അവളുടെ സാമീപ്യം ജമാലിന് ഒഴിച്ചു കൂടാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നു .
ഇന്നും വ്യാഴാഴ്ചയാണ്  സൈറ പതിവുപോലെ എത്തിയതാണ്  ജമാല്‍ അവളുടെ കണ്ണുകളിലേക്ക്‌ നോക്കി
സൈറ ...എന്ത് പറ്റി നിനക്ക് ?
നിന്റെ ധ്രിതിയും വെപ്രാളവും എനിക്ക് സഹിക്കാന്‍ കഴിയുന്നില്ല ?
ജമാലിന്റെ  ചോദ്യത്തിന് മറുപടി പറയാതെ അവള്‍ പര്‍ദ്ദ അഴിച്ചു മാറ്റി ഹാങ്കറിലെക്കിട്ടു ജീന്‍സും, ടീഷര്‍ട്ടും ധരിച്ച് ഷാമ്പു തേച്ച് നീളമുള്ള മുടി മുന്നിലെക്കെടുത്തിട്ടു എയര്‍കണ്ടീഷണറിന്റെ നേര്‍ത്ത കാറ്റ് അവളുടെ മുടിയിഴയില്‍ തട്ടി പറന്നു കൊണ്ടിരുന്നു .
ജമാല്‍ സൈറയെ ആദ്യമായി കാണുന്നത് പോലെ നോക്കി ,ഇളം നീല നിറത്തിലുള്ള ജീന്‍സില്‍  അവളുടെ തടിച്ച കാലുകള്‍ എടുത്തു കാട്ടി ,ഇടുങ്ങിയ അരക്കെട്ട്  അറബ് സ്ത്രീയുടെ സൌന്ദര്യം അവനെ വികാരത്തിന്റെ മത്ത്‌ പിടിപ്പിച്ചു അവളുടെ തോളില്‍ അവന്‍ പിടിച്ചു .
ജമാല്‍ ...ഒരു തേങ്ങലോടെ അവന്റെ മാറിടത്തില്‍ തല ചായ്ച്ചു അവളുടെ കണ്ണുകളില്‍ നിന്ന് വെള്ളം ധാര ധാരയായി അവന്റെ ശരീരത്തില്‍ പടര്‍ന്നപ്പോഴാണ് സ്ഥലകാല ബോധമുണ്ടായത് .
സൈറ എന്താണ് ?വേവലാതിയോടെയുള്ള  ചോദ്യത്തിന് ശക്തിയോടെയുള്ള കരച്ചില്‍ ആയിരുന്നു മറുപടി .
ജമാല്‍ തന്റെ ചുണ്ടു കൊണ്ടു അവളുടെ കണ്ണീരൊപ്പി ചുണ്ടുകള്‍ ചുണ്ടുകളോടെ ചേര്‍ത്തു.അവളുടെ വിറയ്ക്കുന്ന ചുണ്ടുകള്‍ അവന്‍ തിരിച്ചറിഞ്ഞു .സൈറ എന്താ നിന്റെ പ്രശ്നം എന്തായാലും നമുക്ക് പരിഹരിക്കാം ,അവന്റെ വാക്കുകളില്‍ അവള്‍ നേരത്ത് പുഞ്ചിരിച്ചു .അപ്പോഴും വിഷാദം അവളുടെ മുഖത്ത്‌ അലയടിച്ചു നിന്നിരുന്നു .
വാഷ്ബേസിനില്‍ മുഖം കഴുകിയിട്ട് അവള്‍ തിരികെ വന്നു .
ജമാല്‍ ഇത് നമ്മുടെ അവസാന രാവാണ് ഒന്നും മനസ്സിലാകാതെ അവന്‍ മിഴിച്ചു നിന്നു.
സൈറ ഇതുവരെ പറയാത്ത അവളുടെ കഥയുടെ ചുരുള്‍ അഴിക്കാന്‍ തുടങ്ങി .ജമാല്‍ ഞാന്‍ ആരെന്നു നിനക്ക് അറിയാമോ? ഏതോ കാലത്ത്‌ എത്യോപ്യയില്‍ നിന്ന് വന്ന കുടുംബത്തിലെ അംഗം ,ശരീരം വിറ്റ് ജീവിച്ച എന്റെ മാതാവിന് ഏതോ പുരുഷ്യന് ഉണ്ടായ മകള്‍ ,ബാപ്പ ആരെന്നറിയാതെ ഇത്രയും കാലം അതിന്റെ ആവശ്യവും ഉണ്ടായിരുന്നില്ല സൗദി തന്നെ എന്റെ രാജ്യം .ഇന്ന് ഞാന്‍ അനാഥയാണ് ഉമ്മയും ഇല്ല സഹോദരങ്ങളും...
 നിന്നെ പോലെ പലരും തരുന്ന പണമാണ് എന്റെ ജീവിത ചെലവ് .
നിയമങ്ങള്‍ മാറി വന്നത് കണ്ടില്ലേ ,നീയും കേട്ടില്ലേ"നിതാഖത്ത്  " എത്യോപ്യക്കാരെ പലരെയും പോലീസ്‌ പിടിച്ചു കൊണ്ടു പോകുന്നു നാട് കടത്തുന്നു ,ദിവസവും പത്രങ്ങളിലെ വാര്‍ത്തകള്‍ ....ജമാല്‍ എനിക്കാകെ ഭയമാകുന്നു ...ഞാന്‍ എങ്ങോട്ട് പോകും  ജനിച്ച രാജ്യത്തും സ്വന്തം രാജ്യത്തും രേഖകള്‍ വേണം
ഞാന്‍ എന്ത് ചെയ്യും ?
അവളുടെ ചോദ്യത്തില്‍ നാടുകടത്തലിന്റെ ഭീതിയുണ്ടായിരുന്നു.ഒരു പരിചയവും ഇല്ലാത്ത എത്യോപ്യയില്‍ പോയാല്‍ എങ്ങനെ ജീവിക്കും ജമാലിനും മറുപടി ഉണ്ടായിരുന്നില്ല .
ഉറക്കമില്ലാത്ത രാത്രിയില്‍ ആലിംഗനത്തിന്റെയും ആശ്ലേഷത്തിനുമിടയില്‍ എപ്പോഴോ സൈറ പറഞ്ഞു "ജമാല്‍ നിനക്കെന്നെ വിവാഹം കഴിക്കാന്‍ കഴിയുമോ?" ഇല്ലല്ലേ ?
മറുപടിയും അവള്‍ തന്നെ പറഞ്ഞു .രേഖകള്‍ കഥ പറയുന്ന നാട്ടില്‍ അതിനും കഴിയില്ലല്ലോ !!നഗ്നമായ അവളുടെ  ശരീരത്തിലൂടെ ഉഴറി നടന്ന കൈകള്‍ നിശ്ചലമായി ..മറുപടി പറയാനായി അവന്റെ ചുണ്ടുകള്‍ പിളര്‍ന്നെങ്കിലും അവന്‍ നിശബ്ദനായി ...
നേരം പുലര്‍ന്നിരുന്നു ജമാല്‍ തന്റെ കൈവശമുണ്ടായിരുന്ന പണം അവള്‍ക്കു നേരെ നീട്ടി ,ദീര്‍ഘമേറിയ ചുംബനമായിരുന്നു അതിനു മറുപടി ,
ഇന്‍ഷാഅള്ളാ പറഞ്ഞു മുഴുമിപ്പിക്കാന്‍ ആവാതെ അവള്‍  നടന്നു നീങ്ങി ...
എപ്പോഴോ ജമാല്‍ ഒന്ന് മയങ്ങി അപായ സൈറന്റെ കാതടിപ്പിക്കുന്ന ശബ്ദം കേട്ടാണ്  അവന്‍ കണ്ണുതുറന്നത് ,പുറത്ത്‌ ശക്തമായ പോലീസ്‌ ചെക്കിംഗ്
 രേഖകള്‍ ഇല്ലാത്തവരെ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തിലേക്ക്  മാറ്റുന്നു ...
ജമാല്‍ തന്റെ  ജനലിലൂടെ പുറത്തേക്ക്‌ നോക്കുമ്പോള്‍ ദൂരെ നിന്ന് ഒരു കൂട്ടം സ്ത്രീകളെയും കൊണ്ടു പുറപ്പെടാന്‍  ഒരു വാഹനം തയ്യാറായി നില്‍ക്കുന്നു ...
ജമാലിന്റെ നെഞ്ചിടിപ്പിന്റെ വേഗത വര്‍ദ്ദിച്ചു ...

സൈറ ഈ കൂട്ടത്തില്‍ എവിടെയെങ്കിലും ഉണ്ടോ ?കണ്ണുകള്‍ പലയിടത്തും പരത്തി ...

പിന്നീടുള്ള  വ്യാഴ്ചകളില്‍ അവളുടെ സാന്നിധ്യം ഒരിക്കലും അവനു കിട്ടിയില്ല ...

ജാലകം