പേജുകള്‍‌

2010, ഓഗസ്റ്റ് 15, ഞായറാഴ്‌ച

ഓരോന്നിനും പറയാനുള്ളത്......

ഒരു അവധിക്കാലം ,
പ്രവാസ ജീവിതത്തിനിടയിലെ ഒരു പരോള്‍ കാലം.,ഞാന്‍ ഓടിച്ചാടി നടന്ന വഴികളിലൂടെ
വീണ്ടും ഒരു യാത്ര.നഷ്ടമായ വര്‍ഷങ്ങള്‍ ചെറിയ ഇടവേളയില്‍
സ്വന്തമാക്കാമെന്ന വിഫല ശ്രമം .അനിവാര്യമായ മാറ്റങ്ങള്‍ എല്ലാ ഭാഗത്തും.... അമ്മയുടെ സ്നേഹത്തിനു മാത്രം ഇന്നും യാതൊരു വ്യത്യാസവും ഇല്ല.
തിരക്കില്ലാതെ അമ്മയുടെയും ,അച്ഛന്‍റെയും നല്ല മകനായി അടങ്ങി ഒതുങ്ങി ഒരു മാസം......

.അമ്മ വിളമ്പി തന്ന ആഹാരം കഴിക്കുമ്പോള്‍ ആണു മനസിലാകുന്നത് ഭക്ഷണത്തിനു ഇത്രമാത്രം രുചിയുണ്ട് എന്ന്....
കുക്കറി ക്ലാസില്‍ പഠിച്ച ചേച്ചിയെ പോലെയാണ് എന്‍റെ പരീക്ഷണം .കണ്ണില്‍ കാണുന്ന മസാല ഒക്കെ ഇട്ട് കറി എന്ന രൂപത്തില്‍ ആക്കാറുണ്ട്.കറി ഒക്കെ വച്ചിട്ട് അതു കാണുമ്പോള്‍ ഞാന്‍ ഒരു സംഭവമാണെന്ന് മനസിലാകുന്നത്.
അപ്രതീക്ഷിതമായി വന്നു പെട്ട പനി രണ്ടു ദിവസം എന്നെ വല്ലാതെ അലട്ടി.
വല്ലാത്ത ബോറടി
ചുമരിലെ അലമാരയില്‍ ഇരുന്ന പഴയ പുസ്തകങ്ങളിലേക്ക് ശ്രദ്ദ പതിഞ്ഞത്.
ബുക്ക് കീപ്പിങ് ആന്‍ഡ് അക്കൌഡന്‍സി ചില്ലലമാരയില്‍ നിന്നെനെ നോക്കി ചിരിക്കുന്നു.
അതിനു അടുത്തായി ബിസ്സിനസ് ലോ തുടങ്ങിയ പുസ്തകവും ഇരിക്കുന്നു.ഒരു രസത്തിനു ഞാന്‍ അതെടുത്തു മറിച്ചു നോക്കിയത്.പെന്‍സില്‍ കൊണ്ട് കോറിയിട്ട വരകള്‍.അടിവരയിട്ടു വച്ചിരിക്കുന്ന ചില വരികള്‍.
അപ്പോഴാണു അത് കണ്ണില്‍ പെട്ടത്
പഴയ തുകലിന്‍റെ പെട്ടി , എന്‍റെ എല്ലാ വിധ സ്ഥാവര ജംഗമ വസ്തുക്കളും അതിലാണ്, ഞാന്‍ അതു മെല്ലെ തുറന്നു.വര്‍ഷങ്ങളായി കര സ്പര്‍ശമേല്‍ക്കാതെ ഇരിക്കുകയാണ്.
ഞാന്‍ മെല്ലെ ഓരോന്നും മറിച്ചു നോക്കി.ഞാന്‍ കടന്നു പോയ വഴികളുടെ ഒരു ചെറിയ രേഖാ ചിത്രം തന്നെയായിരുന്നു അതില്‍,
തുകല്‍ പെട്ടിയിലെ ഓരോ സാധനങ്ങളും ഞാനുമായി സംസാരിക്കുന്നു.പഴയ കളിക്കൂട്ടുകാരനെ കണ്ടെത്തിയ സംതൃപ്തി ആയിരുന്നു എന്നില്‍,
ഒരു പഴയ നോട്ടീസ് പല ഭാഗങ്ങളിലും നിറം മങ്ങി പോയിരുന്നു.ഞാന്‍ അതെടുത്തു നോക്കി.......
“ജിംഘാനാ ക്രിക്കറ്റ് ടൂര്‍ണമെന്‍റ്”
ആള്‍ കേരള ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ഇനാഗുരറ്റേഡ് ബയി സുനില്‍ ഒയാസിസ്............
ജെ.കെ ബോന്‍ഡ് പേപ്പറില്‍ ഇംഗ്ലീഷില്‍ അച്ചടിച്ച നോട്ടീസ്......
വൈകിട്ടത്തെ കളി കഴിഞ്ഞ് ഗ്രൌന്‍ഡിനു സമീപമുള്ള മരത്തിനു ചുവട്ടിലാണു ഞങ്ങള്‍
നാലുപേര്‍.... ബുദ്ദിജീവി എന്നു ഞങ്ങള്‍ വിളിക്കുന്ന മാത്യു ശാമുവേല്‍ ആണു സംസാരിക്കുന്നത്.... നമുക്കും വേണ്ടേ ക്രിക്കറ്റ് ബാറ്റ്,പാഡ്,ഹെല്‍മറ്റ്...... നമുക്കു ഒരു ക്രിക്കറ്റ് ടൂര്‍ണമെന്‍റ്
നടത്താം,നാട്ടുകാരില്‍ നിന്നു പിരിക്കാം.എന്‍റെ കൈയില്‍ ചില ഐഡിയ ഉണ്ട്
നിങ്ങള്‍ സഹകരികുമോ? അവന്‍റെ ചോദ്യത്തിനു മറുത്ത് ഞങ്ങള്‍ ആരും പറഞ്ഞില്ല.... .അവന്‍റെ സംസാരം ഞങ്ങളെ ഹരം പിടിപ്പിച്ചു.
നോട്ടീസ് ഇംഗ്ലീഷില്‍,അടിക്കുന്ന പേപ്പര്‍ വില കൂടിയ ജെ.കെ ബോന്‍ഡ്,പിന്നില്‍
പരസ്യം പാടില്ല..... .അങ്ങനെ ചെറുതും വലുതുമായ എല്ലാകാര്യത്തിലും തികഞ്ഞ കണിശത..... വലിയ പദ്ദതികള്‍ ആസൂത്രണം ചെയ്യുന്ന തീവ്രവാദികളെ പോലെ ഞങ്ങള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു.
ജിംഘാന
ക്രിക്കറ്റ് അസോസിയേഷന്‍ എന്ന പേരും നല്‍കി. തുടര്‍ച്ചയായി രണ്ടാഴ്ച ശക്തമായ പിരിവ്.ഇംഗ്ലീഷ് നോട്ടീസ് കണ്ടതു കൊണ്ടാകണം പത്തുരൂപ പിരിവു നല്‍കിയവര്‍ പോലും അതിന്‍റെ തോതു വര്ദ്ധിപ്പിക്കാന്‍ ഇടയാക്കിയത്...
ഒരു വീട്ടില്‍ ചെന്നപ്പോഴാണ് ഒരപ്പൂപ്പന്‍ മാത്രം ,മുന്നിലെ ചാരു കസേരയിലിരുന്ന് മുറുക്കുകയാണ്.
അപ്പൂപ്പാ..
........നോട്ടീസ് നീട്ടികൊണ്ട് ഹണി...
.എന്തുവാമക്കളെ.....ആള്‍ കേരളാ ക്രിക്കറ്റ് ടൂര്‍ണമെന്‍റാ....അത്
എന്നതാ മോനേ ഈ ക്രിക്കറ്റ് ടൂര്‍ണമെന്‍റ്? പെട്ടന്നായിരുന്നു എന്‍റെ പിന്നില്‍ നിന്നും ബിനുവിന്‍റെ ശബ്ദം..
അത് പാവപെട്ട കുട്ടികള്‍ക്ക്
സ്ലേറ്റും ,പെന്‍സിലും കൊടുക്കുന്നതാ, ഞാന്‍ ബിനുവിനെ നോക്കിയാതൊരു കൂസലുമില്ലാതെയാണവന്‍റെ വര്‍ത്തമാനം,ചിരി വരുന്നുണ്ട്.... ചിരിക്കല്ലെ എന്നു കണ്ണുരുട്ടി കൊണ്ട് ബിനുവും......
ആഹാ...പാവപ്പെട്ട കുട്ടികള്‍ക്ക് സ്ലേറ്റും പെന്‍സിലും വാങ്ങാനാ...നീട്ടിയ നൂറു രൂപയില്‍
ഞങ്ങളുടെ കണ്ണു തെള്ളി പോയി......അന്നത്തോടെ ഞങ്ങള്‍ പിരിവു നിര്‍ത്തി
ഓര്‍ത്തപ്പോള്‍ അറിയാതെ ചിരി പൊട്ടി....
അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്ന പേപ്പറുകള്‍ ,അതില്‍ ഞാന്‍ കുറിച്ചു വച്ചിരുന്ന കവിതകള്‍ ...... പ്രണയ കവിതകള്‍ ആയിരുന്നു എല്ലാം......വെറുതെ മറിച്ചു നോക്കി..."ഒരു മഴനിലാവ് വിരിയിച്ചു നീ
ഒരു മഴ‌വില്ലായ് തെളിഞ്ഞു നീ
ഒരു പൂവായ് വിടര്‍ന്നു നീ
ഒരു സ്‌നേഹമായ് പടര്‍‌ന്നു നീ ".......
എന്‍റെ പൊട്ടത്തരങ്ങള്‍ ഇപ്പോള്‍ വായിക്കുമ്പോള്‍ ചിരി വരും ,
പെട്ടിയുടെ അടിയില്‍ ആയിരുന്നു അതു കണ്ടത് ,നീല നിറത്തിലുള്ള ഒരു
ഫയല്‍ അതു തുറന്നു..
അടുക്കി സൂക്ഷിച്ചിരുന്ന കുറെ പേപ്പറുകള്‍ ,ഞാന്‍ തുറന്നു നോക്കി .....
അവളുടെ മനോഹരമായ അക്ഷരങ്ങള്‍,അടുക്കും ചിട്ടയോടെ എഴുതിയിരിക്കുന്ന
വരികള്‍. രണ്ടുവര്‍ഷം എനിക്കായി തന്ന കത്തുകളുടെ സമാഹാരം,ഓര്‍മയുടെ ചുഴിയില്‍ ഞാന്‍ മെല്ലെ താഴ്ന്നു പോകുകയായിരുന്നു......എസ് .എന്‍ കോളേജിന്‍റെ വഴികളില്‍ ഞങ്ങള്‍ മാത്രമാണ്,പറഞ്ഞു തീരാത്ത കഥകള്‍........
നടന്നു തീരാത്ത വഴികള്‍,മലമ്പുഴയിലേക്ക് പോയ വിനോദയാത്രയില്‍ എന്‍റെ ചാരത്തിരുന്നവള്‍,
റോപ് വേയിലെ ഗ്ലാസ് കൂടിനുള്ളില്‍ എന്‍റെ കൈയും പിടിച്ച് ഭയന്നിരുന്നവള്‍........
ആട്ടോഗ്രാഫില്‍ എഴുതിയ വരികള്‍, വിട പറഞ്ഞ വാക്കുകള്‍................കണ്ണില്‍ നിന്നു
അറിയാതെ അടര്‍ന്നു വീഴുകയായിരുന്നു കണ്ണുനീര്‍........
ടി വിയില്‍ വരുന്ന സിനിമയുടെ ട്രെയിലര്‍ പോലെ ഓരോ നിമിഷവും മനസില്‍ പുനര്‍ജനിച്ചു......
പ്രവാസം നേടി തന്ന നഷ്ടങ്ങളുടെ പട്ടികയില്‍ ആ പ്രണയവും ഉള്‍പ്പെട്ടു പോയിരുന്നു........
കത്തുകള്‍ പഴയതു പോലെ അടുക്കി വച്ചു ,മറവിയുടെ മായിക വലയത്തില്‍ നിന്നും എന്നെ മുക്തനാക്കുന്ന സാധനങ്ങള്‍..കൈ വിരലുകള്‍ക്കിടയിലൂടെ ഊര്‍ന്നു പോയ എന്‍റെ ദിനങ്ങള്‍,സന്തോഷങ്ങള്‍....
ഇനി ഒരിക്കലും തിരികെ വരാത്ത ആ ദിവസങ്ങളുടെ ഓര്‍മകുറിപ്പുകള്‍ എല്ലാം എല്ലാം ഈ ബിംബങ്ങള്‍ മാത്രം.......
പെട്ടന്നായിരുന്നു എന്‍റെ മൊബൈല്‍ ശബ്ദിച്ചത്,ഭൂത കാലത്തിന്‍റെ ഭാണ്ഡത്തില്‍ നിന്നും
വര്‍ത്തമാന കാലത്തിന്‍റെ മണിയറയിലേക്ക് എന്നെ കൂട്ടി കൊണ്ടുവന്നു അതിന്‍റെ
ശബ്ദം........ പരിചിതമല്ലാത്ത നമ്പര്‍,ഒരു നിമിഷം ശങ്കിച്ചു നിന്നശേഷം മൊബൈലില്‍ വിരലമര്‍ത്തി.....
“ആറ്റിന്‍ കരയോരത്ത് ചാറ്റല്‍ മഴ പെയ്യും .......”പ്രശസ്തമായ മലയാള ഗാനത്തിനു
പിന്നാലെ , ഈ ഗാനം നിങ്ങളുടെ മൊബൈലില്‍ കോളര്‍ട്യൂണിനായി സബ്സ്ക്രൈബ് ചെയ്യാന്‍ 2 അമര്‍ത്തുക..... ഐഡിയ മൊബൈലിന്‍റെ കസ്റ്റമര്‍കേറില്‍ നിന്നുള്ള വിളിയാണ്........അവര്‍ക്കും പറയാനുള്ളത് പറഞ്ഞു....
നഷ്ടങ്ങള്‍ മാത്രം ബാക്കിയായ ഒരു പ്രവാസിയുടെ അടുത്ത അവധിക്കാലം വരെ ആയുസ്സു നീട്ടി തരുന്ന ഗൃഹാതുരുതയുടെ ഓര്‍മകള്‍ വീണ്ടും അടച്ചു താഴിട്ട്, ജനല്‍ തുറന്ന് പുറത്തേക്ക് നോക്കി നിന്നു.
മുറ്റത്തു പൂത്തു നിന്ന മുല്ലപ്പൂവിന്‍റെ ഗന്ധം നാസാരന്ദ്രങ്ങളില്‍ അടിച്ചു കയറുന്നുണ്ടായിരുന്നു അപ്പോള്‍......

1 അഭിപ്രായം: