പേജുകള്‍‌

2010, ജനുവരി 28, വ്യാഴാഴ്‌ച

പാണ്ടി മണിയന്‍

ഒരു അവധി ദിനം വിരസമായി നീങ്ങി കൊണ്ടിരിക്കുന്നു.ഒന്നും ചെയ്യാനില്ല
വല്ലാത്ത മടുപ്പ് ഒന്നു പുറത്തിറങ്ങികളയാം.ടൗണിലൂടെ പതുക്കെ നടന്നു.ട്രാന്‍സ്പോര്‍ട്ട് ബസ്റ്റാന്‍ഡിലെത്തിയത് അറിഞ്ഞില്ല.ബസുകള്‍ വന്നും പോയിരിക്കുന്നതും നോക്കി നിന്നു.മിക്ക ബസുകളും എനിക്കു പരിചിതമായ സ്ഥലങ്ങളോ അല്ലെങ്കില്‍ കേരളത്തിലെ അറിയപ്പെടുന്ന നഗരത്തിലേക്കോ ഉള്ളതായിരുന്നു.
അപ്പോഴാണു ഒരു ബസ് സ്റ്റാന്‍ഡില്‍ പിടിച്ചത്"ചീരാറ്റു കോണം" ഞാന്‍ കേട്ടിട്ടില്ലാത്ത ഒരു സ്ഥലം.
ഒരു ആകാംക്ഷയുടെ പുറത്ത് ഞാനാബസില്‍ കയറി.ബസു നിറയെ ജനങ്ങള്‍ മിക്കവാറും ജനങ്ങള്‍ തമിഴ് ചുവയുള്ള മലയാളം സംസാരിക്കുന്നു,കെട്ടുകളും,ഭാണ്ഡങ്ങളുമായി എല്ലാവരും സ്ഥലം കയ്യടക്കിയിരിക്കുന്നു.
ഞാനിരുന്ന സീറ്റിലേക്ക് ഒരു അമ്മൂമ്മ വന്നിരുന്നു ഉടനെ തന്നെ വെറ്റിലയും അടയ്ക്കയും എടുത്ത് മുറുക്കുവാന്‍ തുടങ്ങി.പുകയിലയുടെയും ,ചുണ്ണാമ്പിന്റെയും രൂക്ഷ ഗന്ധം എന്റെ നാസാരന്ധ്രങ്ങളില്‍ തുളച്ചു കയറി.

ണിം...ണിം..ഡബിള്‍ ബെല്ലടിച്ച് കണ്ടക്ടര്‍ യാത്ര പുറപ്പെടുന്നതിന്റെ സൂചന നല്‍കി.ബസ് മെല്ലെ യാത്ര ആരംഭിച്ചു. പരിചിത സ്ഥലങ്ങള്‍ വിട്ട് ബസ് അപരിചിതമായ വഴികളിലൂടെ നീങ്ങി.ടിക്കറ്റ്...ടിക്കറ്റ്...കണ്ടക്ടര്‍ എന്റെ അടുക്കല്‍ എത്തി.ഒരു ചീരാറ്റുകോണം നീട്ടിയ പൈസ വാങ്ങി എനിക്കു ടിക്കറ്റ് കീറി നല്‍കി.
സാര്‍ അവിടെ ആരെ കാണാനാ....കണ്ടക്ടറു ചോദ്യം എന്നെ കുഴക്കി.ഹേയ് വെറുതെ ഒന്നു നാടുകാണാന്‍.
ഈ ബസ് ഇനി എപ്പോഴാ അവിടെ നിന്നു തിരികെ വരിക?നാളെയുള്ളൂ സാര്‍ എന്റെ മറു ചോദ്യത്തിനു ഉത്തരം നല്‍കി കണ്ടക്ടര്‍ അടുത്ത യാത്രക്കാരനിലേക്കു നീങ്ങി.
ഞാന്‍ പുറത്തേക്കു നോക്കി ജനങ്ങള്‍ അധിവസിക്കുന്നതിന്റെ യാതൊരു സൂചനയും കാണുന്നില്ല .
എന്റെ അരികില്‍ ഇരുന്ന അമ്മൂമ്മ ചെറിയ മയക്കത്തില്‍ ആണ്.വായുടെ ഒരരുകിലൂടെ മുറുക്കി ചുവപ്പിച്ച ഉമിനീര്‍ ഒഴുകുന്നുണ്ടായിരുന്നു.ടിക്കറ്റ് എല്ലാം കൊടുത്തുകഴിഞ്ഞ കണ്ടക്ടര്‍ ഞാനുമായി ചങ്ങാത്തത്തിലായി.
ഇതിനിടയില്‍ അയാള്‍ ചീരാറ്റുകോണത്തെക്കുറിച്ച് ഒരു ചെറു വിവരണം എനിക്കു നല്‍കി.വംശീയ ലഹളയില്‍ ശ്രീലങ്കയില്‍ നിന്നു കുടിയേറിയ തമിഴ് ജനതയാണ് അവിടെ ഭൂരിഭാഗവും താമസിക്കുന്നത്.അഗതികള്‍ ആയതുകൊണ്ട് ഇവരുടെ കാര്യത്തില്‍ ആര്‍ക്കും താല്പര്യമില്ല .അതുകൊണ്ട് വികസനവും എത്തിയിട്ടില്ല.സര്‍ക്കാരിന്റെ ഔദാര്യത്തില്‍ വന്നു പോകുന്ന ബസ് ചീരാറ്റുകോണത്തെ വികസനവുമായി ബന്ധിപ്പിക്കുന്ന കണ്ണി.കണ്ടക്ടര്‍ എന്നെക്കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചു മനസ്സില്ലാക്കിയിരുന്നു ഇതിനുള്ളില്‍. ഞാനൊരു ഗവണ്മെന്റ് ഉദ്യോഗസ്ഥന്‍ ആണെന്നും ഇങ്ങനെ പരിചിതമല്ലാത്ത നാടുകള്‍ കാണുന്നത് എന്റെ ഒരു ഹോബി ആണെന്നും ഒക്കെ മനസ്സിലാക്കി.അല്ല സാറേ അവിടെ താമസിക്കാന്‍ വല്ല .......എന്റെ സാറെ അവിടെ അങ്ങനത്തെ യാതൊരു സംവിധാനവും ഇല്ല.നമുക്കു ബസില്‍ കൂടാം സാറേ !!
കണ്ടക്ടറുടെ വാക്കുകള്‍ കുറച്ച് ആത്മവിശ്വാസമേകി.
ഒന്നു ചെറുതായി മയങ്ങി.സാറേ....കണ്ടക്ടറുടെ തട്ടിവിളിയില്‍ ഞാനുണര്‍ന്നു.ഈ വലിയ കയറ്റം കയറി ഇറങ്ങുന്നതാണ് ചീരാറ്റുകോണം.പിന്നെയും അരമണിക്കൂര്‍ കഴിഞ്ഞു അവിടെ എത്താന്‍.റോഡ് നല്ലതായിരുന്നു.
ഏതോ എം.ല്‍.എ യുടെ ഫണ്ടില്‍ നിന്നു പണിതതാ അത്രയും സമാധാനം.

ചീരാറ്റുകോണം പേരു പോലെ ഒരു ഓണം കേറാമൂല.ഒരു മൈതാനം പോലെ ചുറ്റി നില്‍ക്കുന്നു.
നടുക്ക് ഒരു പ്രതിമ നില്‍ക്കുന്നു.ഒരു ചായക്കട.രണ്ടുമൂന്നു ചെറിയ കടകള്‍.റോഡ് അവസാനിക്കുന്നയിടത്ത് ഏതോ പേരറിയാത്ത മരം പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു അതിന്റെ ഓരം ചേര്‍ന്ന് ഒരു ചെറിയ പുഴ ഒഴുകുന്നു.
ഇത്രയും ആയാല്‍ ചീരാറ്റുകോണം പൂര്‍ണ്ണമായി.

ഞാന്‍ ബസില്‍ നിന്നു മെല്ലെ പുറത്തിറങ്ങി.വളരെ ദൂരം യാത്ര ചെയ്തതിന്റെ ഫലമാണെന്നു തോന്നു തലയ്ക്കെല്ലാം ഭയങ്കര ഭാരം.സാറേ വല്ല ഭക്ഷണവും വേണമെങ്കില്‍ ചായക്കടയില്‍ പറഞ്ഞ് ഏല്‍പ്പിക്കണം പിന്നില്‍ നിന്നു കണ്ടക്ടറുടെ ശബ്ദം ഞാന്‍ തലയാട്ടി നടന്നു.പുഴയില്‍ ഇറങ്ങി മുഖം നന്നായി കഴുകി.
തണുത്തവെള്ളം മനസ്സിനും ശരീരത്തിനും കുളിര്‍മയേകി.തിരികെ ചായ കടയില്‍ എത്തി.ഒരു ചായ..അപരിചിതനെ കണ്ടതിനാലാകണം എന്നെ അടിമുടി ഒരു നോട്ടം.നാണുവേട്ടാ പേടിക്കേണ്ടാ നമ്മുടെ ആളാണ്.
വീണ്ടൂം കണ്ടക്ടര്‍ രക്ഷകന്റെ റോളില്‍.പീടികയ്ക്കു മുന്നിലെ പഴയ ബഞ്ചില്‍ ഇരുന്ന് ഞാന്‍ ചുറ്റുപാടും സാകൂതം വീക്ഷിച്ചു.
നേരത്തെ ശ്രദ്ദിക്കാതെ പോയ പ്രതിമ എന്നില്‍ ആശ്ചര്യം ജനിപ്പിച്ചു.ഒരു കള്ളിമുണ്ടുടുത്ത് തലയില്‍ വട്ടക്കെട്ടും കെട്ടി നില്‍ക്കുന്ന കറുത്തരൂപം.അല്ല സാറേ ഇതാരാ ഇവിടുത്തെ മൂപ്പന്‍ വല്ലതും ആണോ?
ഉത്തരം കിട്ടാതെ കണ്ടക്ടര്‍ വിഷമിച്ചു.സാറേ ഞാന്‍ മിക്കവാറും ഇവിടെ വരുന്നുണ്ടെങ്കിലും ഞാന്‍ ഈ പ്രതിമ ശ്രദ്ദിച്ചിട്ടില്ല.നമുക്ക് നാണുവേട്ടനോടുതന്നെ ചോദിക്കാം.നാണുവേട്ടാ ഈ പ്രതിമ ആരുടെയാണ്?

അത് പുള്ളെ ഇത് വന്ത് പാണ്ടി മണിയെന്റേതാക്കും.ഇതാരാ പാണ്ടി മണിയന്‍?എന്റെ ചോദ്യം കേട്ടിട്ട് നാണുവേട്ടന്‍ പറഞ്ഞു "യത് എനക്കും തെരിയകൂടാത്..അമ്മാവോട് കേള്‍ക്കലാം.."
അമ്മാ ....മ്മാ..യാര് എന്നെവേണം?ശബ്ദം കേട്ട ഭാഗത്തേക്ക് ഞാന്‍ നോക്കി നേരത്തെ എന്റെ ഒപ്പം ബസില്‍ ഉണ്ടായിരുന്ന അമ്മൂമ്മ, അപ്പോഴും അവര്‍ മുറുക്കാന്‍ ചവച്ചുകൊണ്ടേയിരുന്നു...
അമ്മാ ഇന്ത സാറുക്ക് പാണ്ടിമണീയന്‍ കഥയെ സൊല്ലി കൊടുങ്കോ?നാണുവേട്ടന്റെ ആവശ്യപ്രകാരം അമ്മൂമ്മ കഥ പറയാന്‍ തയ്യാറായി .അതിനു മുന്നോടിയായി അവര്‍ നീട്ടി പുറത്തേക്ക് തുപ്പി.
വെറ്റിലയുടെ ഒരു ചെറിയ ചീളു മുഖത്തേക്ക് തെറിച്ചങ്കിലും കഥ കേള്‍ക്കാനുള്ള ഇമ്പത്തില്‍ ഞാന്‍ മിണ്ടാതെ ഇരുന്നു.

എന്നുടെ ചിന്നകാലത്താക്കും ഒരു പയലു ഇങ്കെ വന്തത് അവന്‍ പേരാക്കും മണിയന്‍,സ്വന്തം ഊരു വന്ത് കമ്പം അതാക്കും അവനു പാണ്ടി മണിയന്‍ എന്നു കൂപ്പിടറത്.അവന്‍ വന്ത് ഭയങ്കര തൊന്തരവുപണ്ണുമേ എല്ലാര്‍ക്കും.
അവരുടെ തമിഴ് എനിക്കു കുറച്ചുമാത്രം മനസ്സിലാകുന്നതുകൊണ്ട് നാണുവേട്ടന്‍ എനിക്കു തര്‍ജ്ജിമ ചെയ്തു തന്നു.
മണിയന്‍ അവന്‍ ശരിക്കും ഒരു ഭയങ്കരന്‍.എല്ലാവര്‍ക്കും ഉപദ്രവം ,മോഷണം,ഏഷണി തമ്മില്‍ തല്ലിക്കല്‍ ഇതെല്ലാം അവന്റെ പ്രധാന വിദ്യകള്‍.ഇവിടുത്തെ പേരെടുത്ത കള്ളന്‍.അതിനാല്‍ പോലീസെല്ലാം അവന്റെ കൂട്ടുകാര്‍.
എല്ലാവര്‍ക്കും ഭയം തിരിച്ചൊന്നും ചെയ്യാന്‍ കഴിയില്ല ചെയ്താല്‍ പോലീസില്‍ പിടിപ്പിക്കും .
നാട്ടുകാര്‍ അവനെ കൊണ്ട് പൊറുതി മുട്ടി.ദിനംപ്രതി അവന്റെ ശല്യം അധികരിച്ചു വന്നു.
നാട്ടുകാര്‍ രഹസ്യയോഗം ചേര്‍ന്ന് ഒരു തീരുമാനം എടുത്തു,മണിയനെ രാത്രിയില്‍ ഇരുട്ടടി കൊടുക്കണം.
എല്ലാവരും അതിനെ പിന്തുണച്ചു.ദിവസം രാത്രിയില്‍ മണിയനു പുറത്തിറങ്ങാന്‍ ഭയമായി ഇറങ്ങിയാല്‍ തല്ലുറപ്പ്.
ഇത് ഒരു നിത്യ സംഭവമായപ്പോള്‍ മണിയന്‍ ഒരു പ്രഖ്യാപനം നടത്തി.
പ്രതിമ ഇപ്പോള്‍ നില്‍ക്കുന്ന ഭാഗത്ത് നിന്നു ഇങ്ങനെ പറഞ്ഞു.

അന്‍പുള്ള അപ്പ,അമ്മ,അണ്ണന്‍,അണ്ണി ഇന്നു സായം കാലം നാന്‍ തല്‍കൊല പണ്ണപോറേന്‍..നാന്‍ സെയ്ത കൊടുമയ്ക്ക് നീങ്കെ എന്നെ മന്നിച്ചിടുങ്കോ....
മണിയന്റെ പ്രഖ്യാപനം നാട്ടുകാര്‍ക്ക് അമ്പരപ്പു ശ്രിഷ്ടിച്ചെങ്കിലും ആഹ്ലാദമായിരുന്നു മനസ്സു നിറയെ എല്ലാവര്‍ക്കും. മണിയനു പിന്നാലെ കൂടി എല്ലാവരും.ഏന്‍ മണിയാ എന്ന പ്രചനം??
നീങ്കെ എല്ലാം എനിക്കു സിന്ന ഉദവി സെയ്യണം.എല്ലാവരും മുഖത്തോടു മുഖം നോക്കി.
മണിയന്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.ഞാന്‍ മരിച്ചാല്‍ എന്റെ ശരീരം നിങ്ങള്‍ വെട്ടി നുറുക്കണം.
ഞാന്‍ ചെയ്തതെറ്റിനു പ്രായ്ശ്ചിത്തം ആകട്ടെ ഇത്.നാട്ടുകാര്‍ എല്ലാവരും സമ്മതിച്ചു.
വൈകുന്നേരം എല്ലാ ജനങ്ങളും മണിയന്റെ വീട്ടിലേക്കു പ്രവഹിച്ചു.ദൂരെ നിന്നേകാണാമായിരുന്നു മുറ്റത്തെ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന മണിയനെ......
അവന്റെ അവസാന ആഗ്രഹം തീര്‍ക്കാന്‍ ജനങ്ങള്‍ മത്സരിച്ചു.നിമിഷനേരം കൊണ്ട് അവന്റെ ദേഹം വെട്ടി നുറുക്കി കഷണങ്ങള്‍ ആക്കി മാറ്റി അവന്റെ ആത്മാവിനു നിത്യശാന്തി നേര്‍ന്നു.
ആ ആത്മസംത്രിപ്തിയോടെ ഉറങ്ങാന്‍ കിടന്നു.

പിറ്റേന്നു നേരം പതിവുപോലെ പുലര്‍ന്നത് വീടുതേടിയുള്ള പോലീസിന്റെ തിരച്ചില്‍ ആയിരുന്നു.നാട്ടിലെ മിക്ക പുരുഷന്മാരെയും അറസ്റ്റു ചെയ്തിരിക്കുന്നുഎന്താകാരണമെന്നറിയാതെ മിഴിച്ചു നിന്നവരോട് പോലീസ് പറഞ്ഞത് ഇപ്രകാരം ആയിരുന്നു.നാട്ടുകാര്‍ മണിയനെ വെട്ടി നുറുക്കി കൊല്ലും എന്ന് മണിയന്‍ കഴിഞ്ഞ ദിവസം പരാതിപെട്ടിരുന്നു.അതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടത് നുറുങ്ങിയ മണിയന്റെ ദേഹമാണ്.അതുകൊണ്ട് എല്ലാവരെയും അറസ്റ്റു ചെയ്തിരിക്കുന്നു.നിങ്ങളെ കൊണ്ട് പോകാതെ നിര്‍വാഹമില്ല.
ആള്‍ക്കാരെ കയറ്റിയ വാഹനം കണ്മുന്നില്‍ നിന്നു മറയുന്നതുപോലെ തോന്നിച്ചു അമ്മൂമ്മയുടെ വാക്കുകളില്‍ .
പാണ്ടി മണിയന്‍ ജീവിച്ചാലും വിന..ചത്താലും വിന.അങ്ങനെയാണീ പഴഞ്ചൊല്ലുണ്ടായത് ...
അവര്‍ കഥ പറഞ്ഞു നിര്‍ത്തി.

നാട്ടുകാരെ ഇങ്ങനെ ഒരു ചതിയിലൂടെ ദ്രോഹിച്ച മണിയന്റെ ഓര്‍മയ്ക്കായി പണികഴിപ്പിച്ചതാണീ പ്രതിമ.

രാവിലെ ബസ് അവിടെ നിന്നു യാത്രയാകുമ്പോഴും ചീരാറ്റുകോണത്തിന്റെ ഇതിഹാസം പാണ്ടി മണിയന്‍ ആയിരുന്നു എന്റെ ചിന്തകളില്‍ മുഴുവന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ