പേജുകള്‍‌

2011, ജൂലൈ 21, വ്യാഴാഴ്‌ച

ബന്ധങ്ങള്‍ (ചെറുകഥ)

ജാലകം 
നേരം പുലര്‍ന്നു കഴിഞ്ഞിരിക്കുന്നു,മുറ്റത്തേക്ക് വലിച്ചെറിഞ്ഞ
പത്രത്തിന്‍റെ നേര്‍ത്ത ശബ്ദം കാതിലുടക്കി നിന്നു.
ജനല്‍ പാളികള്‍ക്കിടയിലൂടെ പ്രഭാതത്തിന്‍റെ പൊന്‍ കിരണങ്ങള്‍ മുറിക്കുള്ളിലേക്ക് എത്തി നോക്കാന്‍ തുടങ്ങിയിരിക്കുന്നു.ഞാന്‍ മെല്ലെ എഴുന്നേറ്റു.ആരെയും കാണുന്നില്ല,
അടുക്കളയില്‍ നിന്നു പോലും നിശ്ശബ്ദത,
രാവിലെ എപ്പോഴും ശബ്ദമുഖിരതമായിരിക്കും അവിടെ അമ്മയുടെയും അനുജത്തിയുടെയും ഉച്ചത്തിലുള്ള ശബ്ദമായിരിക്കും മിക്കപ്പോഴും,അമ്മയുടെ അഭിപ്രായത്തില്‍ അനുജത്തി ഒരു മടിച്ചിയാണ് എപ്പോഴും കളിച്ചു നടക്കും അമ്മയെ സഹായിക്കാന്‍ ചെല്ലാത്തതിന്‍റെ ദേഷ്യം ആകാം...
അന്യവീട്ടില്‍ ചെന്നു കയറണ്ട കുട്ടി ആണ്,ഇതൊക്കെ ആരാ പഠിപ്പിച്ചത് എന്നു
ചോദിച്ചാല്‍ എനിക്കല്ലേ നാണക്കേട്...
അതിനു മറുപടിയായി അവള്‍ പാത്രങ്ങള്‍ കൂടുതല്‍ ശബ്ദമുണ്ടാക്കി വൃത്തിയാക്കുന്നുണ്ടാകും..
ഇതെന്തു പറ്റി? ആരുടെയും അനക്കം കേള്‍ക്കുന്നില്ല,തന്‍റെ പതിവു ചായയും എത്തിയിട്ടില്ല.
പത്രം എടുത്ത് തുറന്നു നോക്കി,ഞാനാദ്യം നോക്കുന്നത് സ്പോര്‍ട്സ് പേജാണ് ചെറുപ്പം മുതലേയുള്ള ശീലം..
അമ്മേ.... നീട്ടി വിളിച്ചു,മറുപടിയില്ല,പത്രതാളിലൂടെ കണ്ണോടിച്ച് പുറത്തിറങ്ങി.മണിയന്‍ നായ് തലയുയര്‍ത്തി നോക്കി പിന്നെയും തലതാഴ്ത്തി കണ്ണടച്ചു.മുറ്റത്തെ നെല്ലി മരത്തില്‍ തങ്ങിയിരുന്ന വെള്ളത്തുള്ളികള്‍ ചെറുകാറ്റില്‍ അടര്‍ന്നു വീണ് ശരീരത്തിനു കുളിര്‍മ പകര്‍ന്നു.പുറത്തുകൂടെ നടന്നു പിന്നാമ്പുറത്തെത്തി,അനുജത്തി നിന്നു തേങ്ങുന്നു,അമ്മ എന്തൊക്കെയോ പറഞ്ഞു ആശ്വസിപ്പിക്കുന്നു...

ഞാന്‍ കിതയ്ക്കുകയായിരുന്നു,അനുജത്തിയുടെ വീട്ടിലേക്കുള്ള കുന്നു കയറിയതിന്‍റെയും,നീണ്ട യാത്ര കഴിഞ്ഞതിന്‍റെയും ക്ഷീണം.അവള്‍ കൊണ്ടു തന്ന സംഭാരവും കുടിച്ചു തളര്‍ന്നിരിക്കുകയായിരുന്നു.അനുജത്തിയെ കാണാനായി മാത്രം ഇത്രയും ദൂരം വന്നത്.
എനിക്കാകെയുള്ള കൂടെ പിറപ്പ്,ജീവിതയാത്രയിലൂടെയുള്ള പരക്കം പാച്ചലില്‍ ബോധപൂര്‍വ്വം മറന്നു കളഞ്ഞ മുഖം.കഴിഞ്ഞ ദിവസം ഉറക്കത്തില്‍ ആയിരുന്നു അമ്മയെ സ്വപ്നം കണ്ടത്,അമ്മയുടെ ചോദ്യം നീ അവളെ മറന്നു അല്ലേ?
പ്രായാധിക്യത്താല്‍ സഞ്ചരിക്കാന്‍ കഴിയില്ലങ്കിലും അവളെ കാണാതിരിക്കാന്‍
മനസു സമ്മതിച്ചില്ല.
ഏട്ടാ...എന്താ ആലോചിക്കുന്നത്?
ഓ....നിന്‍റെ ഒരു കോലം,ഈശ്വരാ എത്ര നാളായി ഏട്ടനെ ഒന്നു കണ്ടിട്ട്....വല്ലപ്പോഴും കേള്‍ക്കുന്ന ശബ്ദം മാത്രം അതും ഫോണിലൂടെ മറന്നു അല്ലേ?അവളുടെ പായാരം ,
പുഞ്ചിരിച്ചു കൊണ്ട് അവളുടെ ശിരസ്സില്‍ തലോടി...
എന്നെക്കാള്‍ പ്രായം തോന്നുന്നു അവള്‍ക്ക്,നരച്ച തലമുടി,കട്ടി ഫ്രെയിമുള്ള കണ്ണട.ഏട്ടാ എന്നു വിളിച്ച് എന്‍റെ പിന്നാലെ കൂടുന്ന അനുജത്തിയുടെ മുഖം ഓര്‍മവന്നു,എത്ര അന്തരം...
ഏട്ടത്തിക്കും കുട്ടികള്‍ക്കും.....സുഖമാണ് ,അവള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയില്ല അല്ലായിരുന്നെങ്കില്‍ ഞാന്‍ കൂട്ടിയേനെ,കുട്ടികള്‍ എല്ലാം വിദേശത്ത്....
എവിടെ അളിയന്‍?പുറത്തു പോയതാണ് ഊണു കാലമാകുമ്പോഴേക്കും ഇങ്ങെത്തും ,
കുട്ടി എന്തിയേ?അവന്‍ അമേരിക്കയില്‍ അല്ലേ,ഇടയ്ക്കു വിളിക്കും വലിയ തുകകളുടെ ചെക്കയക്കും....ഒന്നു കാണാന്‍ കൊതിയാകുന്നു അവനെ....

ഏട്ടനു നാട്ടില്‍ വന്നു കൂടെ?എന്തിനാ ഇത്രയും ദൂരെ....
അതു നിയോഗമാണു മോളെ...ദേശാടനത്തില്‍ കണ്ടു മുട്ടി അവളെ,അനാഥമായ ജന്മം ,കുട്ടികളായി സ്വന്തമെന്നു പറയാന്‍ വീടായി ഇഴുകി ചേര്‍ന്നു ഉത്തരേന്ത്യയുമായി.ഇനിയൊരു പറിച്ചു നടല്‍ അസാധ്യമാണ്.
ഞാനിപ്പോള്‍ വരാം ഏട്ടനു എന്‍റെ കൈകള്‍ കൊണ്ട് ഭക്ഷണമുണ്ടാക്കി തരണം.

ഞാന്‍ പിന്നെയും കണ്ണടച്ചു കിടന്നു.ഫാനിന്‍റെ നേര്‍ത്ത മുരള്‍ച്ച കണ്ണുകള്‍ മെല്ലെ അടഞ്ഞു......
അമ്മേ എന്താ അവിടെ?എന്തിനാ അവള്‍ കരയുന്നേ?ചായയുമായി വന്ന അമ്മയോട് ചോദിച്ചു....
പുഞ്ചിരിച്ചു കൊണ്ട് അമ്മ പറഞ്ഞു അതോ അവളുടെ വാലു മുറിഞ്ഞു പോയി...വാലോ?
അമ്മ എപ്പോഴും അങ്ങനെയാണ് തമാശ രീതിയിലേ കാര്യങ്ങള്‍ അവതരിപ്പിക്കൂ...
അതോ ...നമ്മുടെ പിങ്കു ഇല്ലേ ചത്തു പോയി.പിങ്കുവോ?അനുജത്തിയുടെ വാലു തന്നെയാണു ആ പൂച്ച.ബോബനും മോളിയുടെ ചിത്രകഥയിലെ പട്ടിയെ പോലെ എപ്പോള്‍ അനുജത്തിയെ കാണുന്നുവോ അപ്പോഴൊക്കെ പിങ്കുവും കൂടെ കാണും...
ഞാന്‍ എപ്പോഴും കളിയാക്കും ഇരട്ടപെറ്റതാണമ്മ എന്ന്,അവളെ പോലെ ഒരു മടിച്ചി പൂച്ച അനുജത്തി ഉറങ്ങുകയാണെങ്കില്‍ കട്ടിലിന്‍റെ ചുവട്ടില്‍ ഇതിനെകാണാം...
അങ്ങനെ ഏതു സമയവും അതാണു ചത്തത്..

ഒരു വേനല്‍ക്കാലത്ത് അനുജത്തി പതിവു പോലെ ഉച്ച ഭക്ഷണത്തിനു ശേഷം തറയില്‍ കിടന്നുറങ്ങുകയായിരുന്നു,പിങ്കുവും കൂട്ടിനുണ്ട്.എപ്പോഴാണെന്നു അറിയില്ല ശീല്‍ഖാരവും ആക്രോശവും കേട്ടവള്‍ കണ്ണു തുറക്കുമ്പോള്‍ പത്തി വിടര്‍ത്തിയാടുന്ന പാമ്പും അതിനെ അവളുടെ അടുക്കലേക്ക് വരാന്‍ കഴിയാത്ത വിധം തടുക്കുന്ന പിങ്കുവും ,അനുജത്തിയുടെ അലറി കരച്ചിലില്‍ അയല്‍ പക്കക്കാര്‍ ഓടി കൂടി പാമ്പിനെ തല്ലി കൊന്നു,ഒറ്റദിവസം കൊണ്ട് പിങ്കു ഹീറോ ആയി വീട്ടില്‍...
പിന്നെ എപ്പോഴും അത് കൂട്ടിനുണ്ടാകും അതാണിന്നു ചത്തത് അവള്‍ക്കു സഹിക്കുമോ?
അതിന്‍റെ ദു:ഖത്തിലാണവള്‍.എല്ലാരെയും സ്നേഹിക്കുന്ന അനുജത്തി...
ഏട്ടാ,ഏട്ടാ....ഭക്ഷണം തയ്യാര്‍...
അവളുടെ വിളിയില്‍ ഞാനുണര്‍ന്നു,അമ്മയുടെ അതേ കൈപുണ്യം,
മാമ്പഴ പുളിശ്ശേരിയും,പൂനെല്ലിന്‍റെ ചോറും....
അറിയാതെ കണ്ണില്‍ നിന്നു രണ്ടു തുള്ളി അടര്‍ന്നു വീണു...അമ്മ മുന്നില്‍ വന്നു വിളമ്പി തരുന്നതു പോലെ....

നേരം മയങ്ങിയതും,രാത്രി വന്നതും രണ്ടാളും അറിഞ്ഞില്ല,നാട്ടു കാര്യവും,വീട്ടു കാര്യവും കുട്ടിക്കാലത്തെ കുസൃതിയും എല്ലാം പറഞ്ഞു കൊണ്ടിരുന്നു,വര്‍ഷങ്ങളുടെ ദൈര്‍ഘ്യം മഞ്ഞുരുകി പോയതുപോലെ...
രാത്രിയുടെ ഏതോ യാമത്തില്‍ ഉറങ്ങി ,ഇനി യാത്ര പറച്ചില്‍ അനുജത്തിയുടെ മുഖത്തേക്ക് നോക്കുവാന്‍ ശക്തിയില്ലാണ്ടായി,അവളുടെ കണ്ണില്‍ നിന്നു ധാര ധാരയായി കണ്ണീര്‍ ഇറ്റു വീണു കൊണ്ടിരുന്നു,ഞങ്ങള്‍ക്കിടയില്‍ അദൃശ്യമായ മതില്‍ കെട്ടുകള്‍ ആരോ പണിതു കൊണ്ടിരിക്കുന്നു.
ബാഗുമായി ഞാന്‍ പുറത്തേക്കിറങ്ങി,നിഴല്‍ പോലെ അനുജത്തിയും
...

ഏട്ടാ ഇനി .... നമ്മള്‍ വീണ്ടും കാണുമോ?അനുജത്തിയുടെ ചോദ്യത്തിനു മറുപടി പറയാന്‍ കഴിഞ്ഞില്ല, സത്യത്തില്‍ രണ്ടാളും ഒരിക്കലുമിനി കണ്ടുമുട്ടാന്‍ കഴിയില്ല ,പ്രായമായി രണ്ടാള്‍ക്കും,വ്യത്യസ്ഥമായ ധ്രുവങ്ങളില്‍ വസിക്കുന്നവര്‍.
കാണില്ലായിരിക്കും അല്ലേ? മറുപടിയും അവള്‍ തന്നെ ....
നമ്മുടെ കുട്ടികള്‍ എങ്കിലും ഒരുമിച്ചു കൂടുമോ?നമ്മുടെ കുടുംബത്തിന്‍റെ ഓര്‍മയ്ക്കായി....
അനുജത്തിയുടെ വിറയാര്‍ന്ന കൈകള്‍ ഞാന്‍ കൂട്ടി പിടിച്ചു ,കണ്ണില്‍ നിന്നുതിര്‍ന്ന കണ്ണീര്‍ തുടച്ചു എന്നിട്ടു പറഞ്ഞു..
വേരറ്റു പോയാല്‍ ചില്ലകള്‍ സ്വാതന്ത്ര്യത്തിലേക്ക് .... വേരിനെ ആരും അന്വേഷിക്കാറില്ല....
ഒരു പക്ഷെ നമ്മുടെ കുട്ടികളും അങ്ങനെ ആകാം,വേഗത്തിന്‍റെയും ,പണത്തിന്‍റെയും പിന്നാലെ പായുന്ന ആധുനിക സമൂഹത്തില്‍ മൂല്യങ്ങള്‍ക്ക് എന്തു പ്രസക്തി....അവര്‍ക്ക് പറയാന്‍ കഥകളും അനുഭവങ്ങളുമില്ലല്ലോ?അങ്ങനെ നമ്മുടെ കുട്ടികളും ആയി പോയിട്ടൂണ്ടെങ്കില്‍ അത് അവരുടെ തെറ്റല്ല....ഈ കാലഘട്ടത്തിന്‍റെ ആണ്.
അങ്ങനെ ആകാതിരിക്കട്ടെ നമ്മുടെ കുട്ടികളും ശുഭാപ്തി വിശ്വാസത്തോടെ പടികളിറങ്ങുമ്പോള്‍ ആത്ബന്ധത്തെ കീറി മുറിച്ചു കൊണ്ടു പോകാനെന്നപോലെ ദൂരെ നിന്നു എനിക്കു പോകുവാനുള്ള ബസ് വരുന്നുണ്ടായിരുന്നു.

2 അഭിപ്രായങ്ങൾ:

  1. ദൂരെ നിന്നു എനിക്കു പോകുവാനുള്ള ബസ് വരുന്നുണ്ടായിരുന്നു.
    എന്നിട്ട് ഇക്ക ആ ബസ്സില്‍ കയറിയോ? അതോ ആ ബസ്സ്‌ നിറുത്താതെ പോയോ ?

    മറുപടിഇല്ലാതാക്കൂ