പേജുകള്‍‌

2010, ഏപ്രിൽ 16, വെള്ളിയാഴ്‌ച

ബലിമൃഗങ്ങള്‍.....

യു.എ.ഇ എക്സേഞ്ചിന്റെ ശാഖയില്‍ പണം അയക്കാന്‍ എത്തിയതായിരുന്നു ഞാന്‍.ശമ്പളം കിട്ടി തുടങ്ങിയിട്ടേ ഉള്ളൂ,അതാകണം മണിട്രാന്‍സ്ഫറിന്റെ ക്യൂവിനു നീളം കുറവ്.
രാവിലെ തന്നെ ഭാര്യയുടെ പായാരം കേട്ടാണ് മിഴി തുറന്നത്.ഫോണ്‍ വിളിച്ചാല്‍ പിന്നെ ആവലാതികള്‍ മാത്രമാണ് കേള്‍ക്കുക.അതിനിടയില്‍ മകള്‍ക്കു സുഖമില്ല പൈസയുടെ ബുദ്ദിമുട്ട്
അങ്ങനെ നീണ്ടുപോകുന്നു....ഇന്നു വൈകിട്ട് ശമ്പളം കിട്ടും അപ്പോഴേക്കും അയക്കാം വിഷമിക്കേണ്ട നീ.....
ഈ സ്വാന്തനമല്ലേ അവള്‍ പ്രതീകഷിക്കുന്നത്.വിവാഹം കഴിഞ്ഞപ്പോള്‍ ഒന്നും അറിയാത്ത പൊട്ടിപ്പെണ്ണ് എത്ര പെട്ടന്നാ കാര്യക്കാരി ആയി മാറിയത്.ഭാര്യയെയും ,മകളെയും ഓര്‍ത്തപ്പോള്‍ മനസ്സില്‍ എവിടെയോ വിങ്ങല്‍.ഒരു പ്രവാസിയുടെ ഗതികേട്....

എക്സേഞ്ച് റേറ്റ് ഇന്ന് അല്‍പ്പം കുറവാണ് എത്ര പൈസ അയക്കാം എന്നതിനെപ്പറ്റി മനസ്സില്‍ കണക്കുകൂട്ടുകയായിരുന്നു,പെട്ടന്നായിരുന്നു പിന്നില്‍ ആരോ തട്ടി വിളിച്ചത്
സാര്‍...പേനയുണ്ടോ?ചോദ്യം കേട്ട ഭാഗത്തേക്ക് ഞാന്‍ നോക്കി ഒരു മധ്യവയസ്ക്ക ഏകദേശം നാല്‍പതിനടുത്തു പ്രായം വരും,തലയില്‍ കറുത്ത തട്ടം ഇട്ടിരിക്കുന്നു,കണ്ണുകളില്‍ ഒരു വിഷാദ ഭാവം...എവിടെയോ കണ്ടു മറന്ന മുഖം..പേന അവരുടെ നേരെ നീട്ടി .അവരുടെ മുഖത്തും എന്തോ ഒരു സംശയം നിഴലിക്കുന്നു.ഓര്‍മയുടെ ഭാണ്ഡം ഞാന്‍ ചികഞ്ഞു നോക്കി,ഓര്‍മ കിട്ടുന്നില്ല,പക്ഷെ ഈ മുഖം....നല്ല പരിചയം എപ്പോള്‍ എവിടെ?ഞാന്‍ പിന്തിരിഞ്ഞു ഒരിക്കല്‍ കൂടി നോക്കി അവര്‍ എഴുതുകയാണ്.ക്യൂവിന്റെ നീളം കുറഞ്ഞിരിക്കുന്നു ഇപ്പോള്‍ എന്റെ ഊഴത്തിനു ഇനി രണ്ടു ആള്‍ക്കാര്‍ കൂടി മാത്രം.

ആ സ്ത്രീ ഇപ്പോള്‍ എഴുതി കഴിഞ്ഞിരിക്കുന്നു,എഴുതിയത് ഒരാവര്‍ത്തി വായിക്കുകയാണ്.തലയിലെ തട്ടം മെല്ലെ വഴുതി താഴേക്കു വീണു.പെട്ടന്നാണ് ഞാനതു ശ്രദ്ദിച്ചത് ഇടത്തേ കണ്ണിനു സമീപമായി നീളത്തില്‍ ഉള്ള കറുത്ത മറുക്.ഈ മറുക്.....ഈശ്വരാ..ഷൈല ഇത്ത,അവര്‍ ഇവിടെ??
പിന്നില്‍ നിന്ന ആള്‍ തട്ടി വിളിച്ചു ,ഹേയ്...പൈസ അയക്ക്.എന്റെ മുന്നില്‍ നിന്ന ആളും പൊയ്ക്കഴിഞ്ഞിരിക്കുന്നു.കൗണ്‍ഡറില്‍ പൂരിപ്പിച്ച ഫോറവും പൈസയും കൊടുത്ത് കാത്തിരുന്നു.
ബാക്കി തന്ന പൈസയും രസീതും വാങ്ങി പുറത്തേക്ക് വന്നപ്പോള്‍ ആ സ്ത്രീ എന്നെയും കാത്ത് നില്‍ക്കുകയായിരുന്നു.
സാര്‍...പേന.ഒരു ചെറു പുഞ്ചിരിയില്‍ നന്ദി അറിയിച്ചു തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോഴായിരുന്നു എന്റെ ചോദ്യം.ഷൈല ഇത്ത അല്ലേ?..
അവരുടെ കണ്ണുകളില്‍ പെട്ടന്നൊരു തിളക്കം,അതെ...കുട്ടി ഏതാ എനിക്കങ്ങോട്ട് മനസ്സിലാകുന്നില്ല.
ഞാന്‍ വടക്കേപ്പാട്ടുള്ള ശ്രീധരന്റെ മകന്‍....ദീപു അല്ലേ?പെട്ടന്നവര്‍ ചോദിച്ചു.....ഹെന്റെ കുട്ടി നീ എത്ര മാറിയിരിക്കുന്നു.ഇത്ത എന്താ ഇവിടെ?എന്റെ ചോദ്യത്തിനു മറുപടി ആയി അവര്‍ പറഞ്ഞു ഞാനീ പൈസ അയച്ചിട്ടു വരാം,അവര്‍ കൗണ്‍ഡറിലേക്ക് നീങ്ങിയപ്പോള്‍ എന്റെ മനസ്സ് ഗ്രാമത്തിലേക്കു പായുകയായിരുന്നു.

അരയാലിന്‍ ചുവട്ടില്‍ ഇരിക്കുന്ന സലാമിക്ക,ഞങ്ങളുടെ ഗ്രാമത്തിലെ വിദ്യാസമ്പന്നന്‍,വായനശാലയില്‍ ഇംഗ്ലീഷ് മാഗസിന്‍ വായിച്ച് നാട്ടുകാര്‍ക്ക് അര്‍ അര്‍ത്ഥം പറഞ്ഞു മനസ്സിലാക്കുന്ന സലമിക്ക ,ഞാന്‍ എപ്പോഴും ആരാധനയോടെ മാത്രം നോക്കി നിന്ന മനുഷ്യന്‍.

ഒരിക്കല്‍ കണ്ടു അരയാലിന്‍ ചുവട്ടില്‍ ഷൈല ഇത്തയുമായി സംസാരിക്കുന്നു,ഇത്ത കൊഞ്ചി കുഴയുന്നുണ്ടായിരുന്നു ഇടയ്ക്കിടെ പൊട്ടി ചിരിക്കുന്നു.ഇത്ത ചിരിക്കുമ്പോള്‍ കാണാന്‍ നല്ല രസമാണ്.ഞാന്‍ അവരെ നോക്കി നില്‍ക്കുന്നതു കണ്ടതു കൊണ്ടാകണം സലാമിക്ക എന്നെ കൈ ആട്ടി വിളിച്ചത്.
നീയെന്താ നോക്കുന്നത് ദീപു?ചുമലുകള്‍ മേല്‍പ്പോട്ടാക്കി ഒന്നുമില്ല എന്നാംഗ്യം കാണിച്ചു.ഇത്തയുടെ കൈകള്‍ എന്റെ മുടിയില്‍ തലോടി.
ഞാമ്പോട്ടെ എന്നു പറഞ്ഞു മുന്നോട്ടൂ നീങ്ങിയപ്പോള്‍ എന്റെ കൈകളില്‍ ഇത്ത പിടിച്ചു നില്‍ക്കൂ ട്ടോ ഞാനും വരുന്നു.വീട്ടിലേക്കുള്ള നടത്തത്തിലും ഇത്ത പുഞ്ചിരിക്കുന്നുണ്ടായിരുന്നു.

ഇത്ത...ങും...എന്തേ? എന്റെ വിളിയില്‍ ഇത്ത നിന്നു,നിങ്ങള്‍ തമ്മില്‍ ലൗവ്വാ.....ഇത്തായുടെ മുഖം ചുവന്നു തുടുക്കുന്നു,കണ്ണുകളില്‍ നാണം...അന്നോടാരാ പറഞ്ഞേ....
ഇങ്ങനെയൊക്കെ പറയാന്‍,എന്റെ ചെവിയില്‍ പിടിച്ചെങ്കിലും നോവിച്ചില്ല എന്നിട്ടു നാലുപാടും നോക്കി ഒരു രഹസ്യം പോലെ എന്റെ ചെവിയില്‍ മന്ത്രിച്ചു ഇജ്ജ് ഇതാരോടും പറയല്ലേ...
സ്നേഹത്തോടെ എന്റെ കവിളില്‍ തലോടി.

ഒരു ശനിയാഴ്ച തൊടിയില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നപ്പോഴാണ് ഇത്ത ഓടി കിതച്ചു വരുന്നത്.ജ്ജ് ന്നോടൊപ്പം വാ...ഒരിടം വരെ പോകാനുണ്ട്.എങ്ങോട്ടാ ഇത്ത?ഞാന്‍ അമ്മയോടു പറഞ്ഞിട്ടുവരാം.നീ ആരോടൂം പറയണ്ട വേഗം വാ....ഇത്തായുടെ പരിഭ്രമം കാരണം ഒന്നും ചോദിക്കാന്‍ തുനിഞ്ഞില്ല ചെന്നെത്തിയത് ഞങ്ങളുടെ ഗ്രാമത്തിന്റെ തെക്കേ അറ്റത്തുള്ള തങ്ങളുപ്പാപ്പാന്റെ വീട്ടില്‍ ആയിരുന്നു.ഇത്താ എന്താ ഇവിടെ?ശ്ശ്..ശ്ശ് ..മിണ്ടല്ലേ..ഞാനിപ്പം വരാം.ഇത്ത ഉള്ളിലേക്ക് കയറിപ്പോയി.വല്ലാത്ത വിമ്മിഷ്ടം ഞാന്‍ മെല്ലെ വീടിനു വലയം വച്ചു.തുറന്നു കിടന്ന ജനാലയിലൂടെ അകത്തേക്ക് എത്തി നോക്കി,കറുത്ത പ്രതലത്തില്‍ മഞ്ഞ വരയിട്ട കള്ളികള്‍ അതിലെന്തോ അറബിയില്‍ എഴുതി വച്ചിരിക്കുന്നു.തങ്ങളുപ്പാപ്പ ഇത്തായുടെ തലയില്‍ കൈവച്ച് എന്തോ മന്ത്രിക്കുന്നു,ഇടയ്ക്കിടെ തലയില്‍ ശക്തിയായി ഊതുന്നുമുണ്ട്.അരമണിക്കൂറോളം ഈ പ്രക്രിയ തുടര്‍ന്നു,ഒരു പേപ്പറില്‍ പൊതിഞ്ഞ എന്തോ ഇത്തയുടെ കൈകളില്‍ കൊടുക്കുന്നതു കണ്ടു കൊണ്ടാണ് ഞാന്‍ അവിടെ നിന്നു എഴുന്നേറ്റത്.ഞാനോടി വീണ്ടും പഴയ സ്ഥലത്ത് എത്തി.ഇപ്പോള്‍ ഇത്തായ്ക്ക് പരിഭ്രമമില്ല,മുഖത്ത് നല്ല ആത്മവിശ്വാസം.ഇത്ത എന്തിനാ നമ്മള്‍ ഇവിടെ വന്നത്?എന്റെ മൂക്കില്‍ പിടിച്ച് ഇത്ത ഇങ്ങനെ പറഞ്ഞു ഞമ്മളും സലാമിക്കയും തമ്മിലുള്ള നിക്കാഹ് നടക്കാന്‍ തങ്ങളുപ്പാപ്പ ഓതിതന്ന ഉറുക്കാ ഇത് കൈയിലിരുന്ന പൊതി കാട്ടി പറഞ്ഞു.ഇത് കെട്ടിയാല്‍ നിക്കാഹ് നടക്കുമോ?പിന്നില്ലാതെ തങ്ങളുപ്പാപ്പായുടെ ഉറുക്കിനു ഭയങ്കര ശക്തിയാ...ഇത്തായുടെ മറുപടി എന്നെ വല്ലാതെ സന്തോഷിപ്പിച്ചു.എന്റെ കൈയും പിടിച്ച് ഇത്ത വേഗത്തില്‍ നടന്നു.
ദൂരെ നിന്നേ കാണാമായിരുന്നു വയലിന്റെ കരയ്ക്കുള്ള മരത്തണലില്‍ ഞങ്ങളെയും പ്രതീക്ഷിചെന്നപോലെ സലാമിക്ക.
ഇക്കാ ഞമ്മളു ഒരു കാര്യം പറഞ്ഞാല്‍ നിങ്ങളു കേള്‍ക്കുമോ?
എന്താ നീ കാര്യം പറയ് ഷൈല.ഉറുക്കു കാട്ടി ഇത്ത പറഞ്ഞു തങ്ങളുപ്പാപ്പ ഓതിതന്ന ഉറുക്കാ ഞമ്മടെ നിക്കാഹ് നടക്കാന്‍ നിങ്ങളിത് കയിലു കെട്ടുമോ?
അന്റെ ഒരു കാര്യം ഷൈല.ഇത് അനാചാരമാണ്,ഇത് ഇപ്പോഴും നീ കൊണ്ടൂ നടക്കുകയാ?അങ്ങനെ എല്ലാ കാര്യവും നടക്കുകയാണെങ്കില്‍ നമ്മളെന്തിനാ മറ്റുള്ള വഴി നോക്കണേ?
തങ്ങളുപ്പാപ്പമാര്‍ മതിയല്ലോ?എന്നാലും എന്റെ സമാധാനത്തിനുവേണ്ടി നിങ്ങളിത് വാങ്ങൂ...ഇല്ല ഞാനിത് വാങ്ങില്ല ദേഷ്യം കൊണ്ട് സലാമിക്കായുടെ മുഖം ചുവന്നു .ഉറുക്കിന്റെ പൊതി വാങ്ങി വയലിലേക്ക് ലക്ഷ്യമില്ലാതെ എറിഞ്ഞു.ഇത്തായുടെ കണ്ണുകളില്‍ നിന്നു കുടുകുടെ കണ്ണീര്‍ പൊടിയാന്‍ തുടങ്ങി.
ഇത്തതിരികെ വീട്ടിലേക്ക് ഓടി എന്നെയും കൂട്ടാതെ തന്നെ.സലാമിക്കായുടെ പ്രവൃത്തിയില്‍ എനിക്കും ദേഷ്യം വന്നു തുടങ്ങിയിരുന്നു.പിറ്റേന്ന് ഇത്തായെ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി ഇത്തായുടെ കണ്ണുകള്‍ ആകെ ചുവന്നിരിക്കുന്നു.ഉറങ്ങിയിട്ടില്ല എന്നു മുഖം കണ്ടാല്‍ തന്നെ മനസ്സിലാകുന്നുണ്ട്.എന്താ ഇത്ത ?ഞമ്മടെ നിക്കാഹ് ഉറപ്പിച്ചു .സലാമിക്കായുമായാണോ?
എന്റെ ചോദ്യത്തില്‍ ഇത്ത പൊട്ടികരഞ്ഞു.അല്ല പിന്നെ??
ഒന്നും മിണ്ടാതെ ഇത്ത തിരികെപ്പോയി.ചുരുങ്ങിയ ദിവസത്തിനുള്ളീല്‍ ഷൈലാത്തായുടെ നിക്കാഹു കഴിഞ്ഞു പോകുമ്പോള്‍.....
വയലിന്റെ കരയില്‍ നിന്നു സലാമിക്കായുടെ ഒപ്പം ഞാനും കാണുന്നുണ്ടായിരുന്നു.......
സലാമിക്ക തങ്ങളുപ്പാപ്പാന്റെ ഉറുക്ക് കെട്ടാത്തതു കൊണ്ടാണ് ഇത്തായുമായി നിക്കാഹ് നടക്കാത്തതെന്നു ഞാനും വിശ്വസിച്ചു.

അല്ല കുട്ടിയേ അന്റെ കിനാവു കാണലു ഇന്യും കഴിഞ്ഞില്ലേ?ഷൈലാത്തായുടെ ചോദ്യമാണ് എന്നെ ഓര്‍മകളില്‍ നിന്നു വിടുതല ചെയ്തത്.

എക്സേഞ്ചിനു പുറത്തെ കഫ്റ്റീരിയയിലെ ഫാമിലി ക്യാബിനില്‍ എന്റെ അഭിമുഖമായി ഇത്ത ഇരിക്കുകയായിരുന്നു.ഇത്തായെ ഞാന്‍ സാകൂതം വീക്ഷിച്ചു,വലിയ ജിമുക്ക ഇട്ടിരുന്ന കാതില്‍
കടുകുമണിയോളം പോന്ന കമ്മല്‍,തലയില്‍ ഇട്ടിരിക്കുന്ന തട്ടത്തില്‍ നിന്നു പുറത്തേക്ക് എത്തിനോക്കുന്ന മുടികള്‍ക്കു വെള്ളിനിറം.കഠിനമായി ഭാരം ചുമക്കുന്നവരെപ്പോലെ മുഖത്തിനു പലയിടത്തും ചുളിവ്....

ജ്ജ് എന്താ നോക്കണേ?എത്ര സുന്ദരി ആയിരുന്നു എന്റെ ഇത്ത,മുഖത്തു പെട്ടന്നു വന്ന ചിരി വികൃതമായപ്പോലെ...
അതൊരു വലിയ കഥയാണു കുട്ടിയേ?ജ്ജ് എത്രകാലമായി നാട്ടില്‍ പോയിട്ട്?ഞാന്‍ എല്ലാ വര്‍ഷവും പോകും, നമ്മുടെ ആ പഴയ ഗ്രാമത്തില്‍ പോകാറില്ല.എനിക്കവിടെ ആരുമില്ലല്ലോ?ഇത്തായുടെ നിക്കാഹ് കഴിഞ്ഞു കുറെക്കാലം കഴിഞ്ഞു ഞങ്ങളും ആ ഗ്രാമം ഉപേക്ഷിച്ചു ,പട്ടണത്തിന്റെ തിരക്കില്‍ ഞങ്ങളും അലിഞ്ഞു ചേര്‍ന്നിരുന്നു.
ഒരിക്കല്‍കൂടി ഞാനാ ഗ്രാമത്തില്‍ പോയിരുന്നു,അപ്പോഴേക്കും ഞാന്‍ മുതിര്‍ന്ന ചെറുപ്പക്കാരന്‍ ആയി കഴിഞ്ഞിരുന്നു.സലാമിക്കായെ അവസാനമായി കണ്ടതും അന്നായിരുന്നു.ആ പഴയ മരത്തിന്‍ ചുവട്ടില്‍ പ്രാകൃതനായ മനുഷ്യന്‍ സലാമിക്ക ആണെന്നു തിരിച്ചറിയാന്‍ കുറച്ചു സമയം വേണ്ടീ വന്നു.മുഷിഞ്ഞ വേഷം,കുഴിഞ്ഞ കണ്ണുകള്‍,കൈകളില്‍ എരിയുന്ന ബീഡി....
സലാമിക്കാ....എന്റെ വിളിയില്‍ മുഖം ഉയര്‍ത്തി,എന്നെ മനസ്സിലായോ ? ഞാനാ ദീപു...
ഒരു ടൊന്റി ഫൈവ് ബൈസ തരുമോ?ഉണ്ടെങ്കില്‍ മതി.ഞന്‍ നീട്ടിയ പത്തു രൂപ തിരിച്ചും മറിച്ചും നോക്കിയിട്ട് തിരികെ തന്നു.ടൊന്റി ഫൈവ് ബൈസ മതി.അടുത്ത പ്രാവിശ്യം തന്നാല്‍ മതി..ഒ.കെ..പിന്നെ കാണാം.ഊര്‍ജ്ജസ്വലനായ ചെറുപ്പക്കാരന്റെ വിധി.....മനസ്സില്‍ വല്ലാത്ത ഭാരം.
മുന്നില്‍ കൊണ്ടുവച്ച ശീതള പാനീയത്തിന്റെ ഗ്ലാസ് ഒരിറക്ക് കുടിച്ചതിനു ശേഷം ഇത്ത പറഞ്ഞു.കുട്ടീ ഞാനിവിടെ എത്തിയിട്ട് ആറുമാസം കഴിഞ്ഞു.ഒരു ആശുപത്രിയിലെ ക്ലീനിംഗ് ആണ്.ഇത്തായുടെ ഭര്‍ത്താവ്...??
മരിച്ചു... ശബ്ദം മുറിച്ചു,മുറിച്ചാണു പറഞ്ഞത്.എന്റെ ജേഷ്ടത്തിയുടെ ഭര്‍ത്താവിന്റെ അനുജനായിരുന്നല്ലോ എന്നെ നിക്കഹ് കഴിച്ചിരുന്നത്.കുറുക്കു വഴിയിലൂടെ എന്നെ സ്വന്തമാക്കി,സലാമിക്കായെ എന്നില്‍ നിന്നു അകറ്റി.ഉപ്പാന്റെ ഗതികേട്....ജേഷ്ടത്തിക്കു കൊടുക്കാനുള്ള സ്ത്രീധനത്തിന്റെ ബാക്കിക്കായി നെട്ടോട്ടമോടുന്ന സമയം ഓടെ ഭര്‍ത്താവാണ് പറഞ്ഞത് നിങ്ങള് ഷൈലായെ ഞമ്മടെ അനുജനെ നിക്കാഹ് കഴിപ്പിക്ക് ഞമ്മള്‍ക്ക് തരാനുള്ള പൈസ വേണ്ടെന്ന് വയ്ക്കാം.
അയാളെയോ....എനിക്ക് വേണ്ട കള്ളും കുടിച്ച് വക്കാണമായി നടക്കുന്നയാളെ എനിക്ക് വേണ്ട....ഞാനും മകളും വഴിയാധാരമായാലും വേണ്ട.... അനക്ക് അന്റെ കാര്യം മാത്രം നോക്കിയാ മതി ജേഷ്ടത്തിയുടെ കരച്ചില്‍ ഒപ്പം ഒരു ആശ്വാസവാക്കും,ഓന്റെ നിക്കാഹ് കഴിഞ്ഞാല്‍ എല്ലാം ശരിയാകും ഞാന്‍ തങ്ങളുപ്പാപ്പാന്റെ അടുത്ത് ചോദിച്ചിരിക്കണ് ഓന്റെ ദേഹത്ത് കൂടിയിരിക്കണ ജിന്ന് പോകണമെങ്കില്‍ നിക്കാഹ് തന്നെ കഴിക്കണം,ജ്ജ് സമ്മതം മൂളൂ ഞമ്മള്‍ എല്ലാം രക്ഷപെടും.ഉപ്പായ്ക്കും മറുത്തൊരു മറുപടി ഇല്ലായിരുന്നു.എന്റെ വീട്ടില്‍ ഞാനൊറ്റപ്പെട്ടു.

അയാളുടെ സ്വഭാവം കൂടുതല്‍ മോശമാകുകയായിരുന്നു,ഓന്റെ ദേഹത്ത് ജിന്നും ഇല്ല ,പൂതവും ഇല്ല...നല്ല തല്ലു കിട്ടാത്തതിന്റെ കുഴപ്പമാ...
സലാമിക്കായെ ഞാനെന്നോ മറന്നു.ദുരിത ജീവിതത്തിലും ഞമ്മക്ക് ഒരു മോള് പിറന്നു,എന്നിട്ടും ഓന്‍ കുടി നിര്‍ത്തിയില്ല ചങ്ക് പൊട്ടി മരിക്കോളം ...
മരണത്തോടെ കൂടി ഞാനും മോളും ഒറ്റയ്ക്കായി,ജീവിക്കാന്‍ നിവൃത്തിയില്ലാണ്ടായപ്പോഴാണ് ഇക്കരയ്ക്ക് ഒരു വിസ കിട്ടിയത്.അല്‍ഹംദുലില്ല ഇപ്പോള്‍ എല്ലാം ഉഷാറായി പോകുന്നു.മോളു സ്കൂളില്‍ പഠിക്കുന്നു,ഓളെ ആരുടെയെങ്കിലും കൈയില്‍ ഏല്‍പ്പിക്കണം.ഇത്ത എത്രമാത്രം മാറിയിരിക്കുന്നു,ആത്മ വിശ്വാസം തുടിക്കുന്ന വാക്കുകള്‍.

സലാമിക്കായെ ഇത്ത പിന്നീട് കണ്ടിരുന്നോ?ഉറുക്ക് എറിഞ്ഞു കളഞ്ഞതില്‍ പിന്നെ....ഇത്തയുടെ കണ്ണുകള്‍ വീണ്ടും ഈറനണിഞ്ഞു.
സലാമിക്ക ആകെ മാറിപ്പോയിരുന്നു.മാനസിക വിഭ്രാന്തിയില്‍ അടിമപ്പെട്ട് നടന്നിരുന്ന ഇക്കായെ നാട്ടുകാര്‍ ചേര്‍ന്ന് തമിഴ് നാട്ടിലെ ഏതോ ഷെയ്ക്കിന്റെ ദര്‍ഗയില്‍ ചങ്ങലയ്ക്കിട്ടു....ആരും തിരിഞ്ഞു നോക്കാനില്ലാതെ....
ജ്ജും പത്രത്തില്‍ വായിച്ചു കാണും കരണ്ട് ഓലപ്പുരയില്‍ പിടിച്ച് കത്തികരിഞ്ഞ മാനസിക രോഗികള്‍.....അതില്‍ ഞമ്മടെ സലാമിക്കായും ഉണ്ടായിരുന്നു.
അഞ്ജതയുടെ ,അന്ധവിശ്വാസത്തിന്റെ ബലിയാടായി ഷേയ്ക്കിന്‍ ദര്‍ഗയില്‍ കത്തികരിഞ്ഞ മൃതദേഹങ്ങള്‍ എന്റെ ചുറ്റും താണ്ഡവമാടുന്നു....സലാമിക്കായുടെ വാക്കുകള്‍ എന്റെ കാതില്‍ പ്രതിധ്വനിച്ചു"ഒരു ടൊന്റി ഫൈവ് ബൈസ തരുമോ?"

ഇത്തായുടെ കരച്ചിലിനു ശക്തിയേറി,എന്തു പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ നില്‍ക്കുമ്പോഴും എന്റെ മനസ്സില്‍ സലാമിക്ക മാത്രമായിരുന്നു.

സമര്‍പ്പണം :ഒന്നുമറിയാതെ അഗ്നിയുടെ കരങ്ങളില്‍ അന്ത്യ വിശ്രമം കൊണ്ട സലാമിക്കായ്ക്ക്.