പേജുകള്‍‌

2019, ഒക്‌ടോബർ 19, ശനിയാഴ്‌ച

വംഗനാട്ടിൽ നിന്നു വന്ന വിരുന്നുകാർ


ലാ ഇലാഹ ഇല്ലള്ളഹ്,ലാ ഇലാഹ ഇല്ലള്ളാഹ്  മയ്യത്തും കട്ടിലും തൂക്കി പള്ളി പറമ്പിലേക്ക് നീങ്ങുന്ന ജനക്കൂട്ടത്തിനു ഒടുവിലായി അവന്‍ വേച്ചു വേച്ചു പോകുന്നത്  കണ്ണുനീര്‍ തുള്ളി കൊണ്ടു കാഴ്ച മറയുന്നതിനിടയില്‍ അവള്‍ കണ്ടു ...

ഭാഷയുടെ അതിഭാവുകത്വം ഇല്ലാതെ പറയേണ്ട കാര്യങ്ങള്‍ ലാളിത്യപൂര്‍വ്വം പറഞ്ഞ്‌ എഴുത്തിന്റെ പുതിയ വഴികള്‍ സ്വീകരിക്കുന്ന നമ്മുടെ കഥാകാരി പ്രത്യേകിച്ചു കൊല്ലത്തിന്റെ പ്രിയ എഴുത്തുകാരിക്ക് ഒരായിരം അഭിവാദ്യങ്ങള്‍ ...

മുഖ്യ പ്രഭാഷകന്റെ വാക്കുകള്‍ തീര്‍ന്നപ്പോള്‍ സോപാനം ഓഡിറ്റോറിയത്തിലെ നിറഞ്ഞു നിന്ന ജനങ്ങള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു .

സുഹ്റ തന്റെ പത്താമത്തെ ചെറു കഥാ സമാഹാരത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു അപ്പോള്‍...

"സമതലങ്ങളുടെ ഭൂമിശാസ്ത്രം"
ഭംഗിയുള്ള പുറംച്ചട്ടയ്ക്കപ്പുറം തന്റെ മുപ്പത്തിരണ്ടു വര്‍ഷത്തെ യാത്രയുടെയും ഓർമകളിൽ പലപ്പോഴായി വിരുന്നു വരുന്ന ചില നൊമ്പരങ്ങളും കുത്തിക്കുറിക്കുന്നു ഈ താളുകളിൽ...

സുഹ്‌റ എനിക്കായി നീട്ടിയ ബുക്കിന്റെ താളുകളിൽ ഇങ്ങനെ എഴുതി ഒപ്പിട്ടിരുന്നു
അവളുടെ ഒപ്പ് പഴയതിലും മനോഹരമായിരിക്കുന്നു, ഷാ ഇനി എന്നാ കാണുക സുഹറയുടെ ചോദ്യത്തിന് അടുത്ത് ബുക്ക് പ്രസാധനത്തിന് കാണാം ഒരു ചെറു പുഞ്ചിരി അവൾക്ക് സമ്മാനിച്ചു ഞാൻ നടന്നു ഇടയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കി അപ്പോഴും അവൾ എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.
അവളെ ഞാൻ വേദനിപ്പിച്ചോ? മനസ്സിന്റെ ഉള്ളിൽ ഒരു തേങ്ങൽ കേട്ടോ? ഹേയ് തോന്നലാവാം...

ട്രെയിൻ ദൂരെ നിന്നു വരുന്നുണ്ടായിരുന്നു തിരക്കുകൾ ഒരുവിധം ഒതുങ്ങി ബർത്തിൽ ചാരിയിരുന്നു ട്രെയിൻ ഇപ്പോൾ ആലപ്പുഴയിൽ എത്താറായി, മുന്നിലിരുന്ന പെൺകുട്ടി തല ഉയർത്തി നോക്കി
ഷഹബാസ് സാർ അല്ലേ? ആശ്ചര്യത്തോടെ അവൾ എന്നെ നോക്കി, അതെ
സാർ എങ്ങോട്ടാ? തൃശൂർക്ക് സാറിന്റെ പുതിയ കഥ ഞാൻ മാതൃഭൂമിയിൽ വായിച്ചിരുന്നു പെൺകുട്ടി വിടാൻ ഭാവമില്ല പെട്ടന്ന് എന്റെ കൈവശം കണ്ട പുസ്തകത്തിലാണ് ആ കുട്ടിയുടെ ശ്രദ്ധ, സാർ ഇത് സുഹ്‌റ മാം ന്റെ പുസ്തകം അല്ലേ? കുട്ടിക്കറിയുമോ സുഹ്‌റയെ? എന്റെ ചോദ്യത്തിന് അവൾ ചിരിച്ചു മാം ന്റെ എല്ലാ കഥകളും ഞാൻ വായിച്ചിട്ടുണ്ട്,


സാർ  വായിച്ചിട്ടുണ്ടോ മാം ന്റെ പ്രണയത്തിന്റെ രസതതന്ത്രം രണ്ടു എഴുത്തുകാരുടെ ഒന്നിക്കാത്ത പ്രണയം വല്ലാത്ത ഫീൽ ഉള്ള...
പെൺകുട്ടിയുടെ ചോദ്യങ്ങൾ ഞാൻ കേട്ടില്ല എന്റെയുള്ളിൽ ഭൂതകാലത്തിൽ എവിടെയോ കെട്ടിയിട്ട കുരുക്കുകൾ അഴിയാൻ വെമ്പുന്നത് ഞാനറിഞ്ഞു....

സമതലങ്ങളുടെ ഭൂമിശാസ്ത്രം ഞാൻ ഓരോ പേജിലൂടെ കണ്ണോടിച്ചു ഒരു ചെറുകഥയിൽ കണ്ണുടക്കി  അതേ സമയം സുഹറയും സമതലങ്ങളുടെ ഭൂമി ശാസ്ത്രത്തിലൂടെ ആയിരുന്നു...

ചാറ്റൽ മഴയുള്ള വൈകുന്നേരം ആയിരുന്നു ബാപ്പയ്ക്കൊപ്പം ഒരു ചെറുപ്പക്കാരൻ വന്നത് സുമുഖൻ ഒറ്റ കാഴ്ചയിൽ തന്നെ എല്ലാവരും ഇഷ്ടപ്പെടുന്ന പ്രകൃതം അവനിൽ ഉണ്ടായിരുന്നു, മോളെ ഇത് അമീർ നമ്മുടെ കമ്പനിയിൽ ജോലിക്ക്  വന്ന ബംഗാളിയാ... ഓഹ്...  മലയാളം അറിയുമോ? കുറച്ചു കുറച്ച് അവന്റെ വിക്കി വിക്കി മലയാളം കേട്ട് ഞാൻ പുഞ്ചിരിച്ചു
ഒഴിവു ദിവസം വീട്ടിൽ അവനെനിക്ക് സഹായം ആയിരുന്നു, ചിലപ്പോൾ അവൻ ബംഗാളി ഗാനം മനോഹരമായി പാടുമായിരുന്നു ഞങ്ങൾ വളരെ പെട്ടന്ന് അടുത്തു അധ്വാനശീലൻ ആയിരുന്നു എല്ലു മുറിയെ പണി എടുക്കും .
വംഗനാട്ടിൽ നിന്നു ദേശിംഗനാട്ടിലേക്ക് വന്ന വിരുന്നുകാർ എന്ന ചെറുകഥ മാത്യുഭൂമിയിൽ വന്നപ്പോൾ എഴുത്തുകാരിയുടെ ചിത്രം കണ്ടു വാങ്ങി കൊണ്ട് വന്നു എന്നിൽ നിന്നു കഥാതന്തു ചോദിച്ചു മനസ്സിലാക്കി അവനെ പോലെയുള്ളവരുടെ കഥയാണെന്ന് പറഞ്ഞപ്പോൾ അവനുണ്ടായ മ്ലാനത എന്താണെന്ന് എനിക്കും മനസ്സിലായില്ല...
ദീദി ഈ കഥ അപൂർണമാണ് ഞങ്ങൾ വിരുന്നുകാർ അല്ല ഞങ്ങൾ കുടുംബത്തിനായി ജീവിതം ഹോമിക്കുന്ന രക്തസാക്ഷികൾ ആണ് അവന്റെ ഭാഷയുടെ ശൈലി മാറിയത് ഞാൻ ശ്രദ്ദിച്ചു ഒരു പ്രണയത്തിന്റെ തേങ്ങൽ ഞാൻ കേട്ടു ഒരിക്കൽ ഷഹബാസ് എന്നോട് പറഞ്ഞത് പോലെ പ്രണയത്തിന്റെ രസതന്ത്രം അല്ല  ജീവിതത്തിന്റേത്  വഴികൾ ദുർഘടവും, ഇടുങ്ങിയതും ആണ്...
ആ വാക്കുകൾ വീണ്ടും,
അമീർ ദുർഘടവും, ഇടുങ്ങിയതും ആയ പാതകൾ പിന്നിടേണം നഷ്ടങ്ങൾ അത് എന്നും നമ്മുടേത് മാത്രമാകും എന്റെ ഫിലോസഫിയിൽ അമീർ ആകൃഷ്ടനായി അവന്റെ കഥകൾ എനിക്കായി പറഞ്ഞു തുടങ്ങി.

സുഹാന എന്റെ അമ്മാവന്റെ മകൾ ആണ്, അവൾ ജനിച്ചതും, വളർന്നു വന്നതും എന്റെ കണ്ണിൽ കൂടിയാണ്, എന്റെ കൈപിടിച്ചു ലോകം മനസ്സിലാക്കിയവൾ എന്റെ എന്റേത് മാത്രം എന്ന് ഏവരും പറഞ്ഞു എന്റേത് മാത്രമായവൾ അവളുമായുള്ള നിക്കാഹ് അതാണ് ദീദി ഞാനീ കേരളത്തിൽ വരാനുണ്ടായ കാരണം, നിക്കാഹിനു മഹർ വാങ്ങണം അവളെ രാജകുമാരിയായി നോക്കണം, ദീർഘ നിശ്വാസത്തിൽ അവൻ ഇത്രയും കൂടി പറഞ്ഞു ഇനി എത്രകാലം കാത്തിരിക്കണമെന്ന് അറിയില്ല ദീദി, അതെന്താ അമീർ ഒരു നനഞ്ഞ ചിരിയോടെ അവൻ നടന്നു പോയി.
   ഒരിക്കലവൻ ദീദി ഞാനൊരു കൂട്ടം കാണിച്ചു തരാം എന്താ?
ഒരു കവറിൽ നിന്ന് അവൻ കാണിച്ചു തന്ന ഫോട്ടോ  ഒരു സുന്ദരിക്കുട്ടി, ലജ്ജ നിറഞ്ഞ ചിരിയോടെ സുഹാന,
 ഞാൻ കാണുന്നുണ്ടായിരുന്നു അവന്റെ  രാവും പകലുമില്ലാതെ  അദ്ധ്വാനം  പ്രണയത്തിന്റെ വ്യാപ്തി എനിക്ക് മനസ്സിലാക്കി തന്നു.
ഒരു വൈകുന്നേരം പുറത്ത് ബാപ്പായുമായുള്ള ആരുടെയോ സംസാരം കേട്ടാണ് ഞാൻ ജനൽ തുറന്നത് അമീർ ആയിരുന്നു അവനു അത്യാവശ്യമായി നാട്ടിൽ പോകണമത്രേ ബാപ്പ അവന്റെ കണക്കുകൾ നോക്കി പൈസ കൊടുക്കുന്നതും അവൻ ധൃതിയിൽ നടന്നു പോകുന്നതും കണ്ടു ഞാൻ അവന്റെ പിന്നിൽ നിന്നു വിളിച്ചു
അമീർ അവൻ തിരിഞ്ഞു നോക്കി എന്താ ദീദി?
എന്താ പെട്ടന്ന് പോകുന്നത്?
ഒന്ന് ശങ്കിച്ചു പിന്നെ ശബ്ദം താഴ്ത്തി അവൻ പറഞ്ഞു ദീദി സുഹാനയുടെ വിവാഹം നടത്താൻ പോകുന്നു എന്ന്, ഇനിയും കാത്തിരുന്നാൽ അവൾ ചിലപ്പോൾ എനിക്ക് നഷ്ടമാകും, അവന്റെ കണ്ണിലെ നിരാശ എന്നിലും ബാധിച്ചു അവൻ മുന്നോട്ടു നടന്നു തുടങ്ങി...
അമീർ ഇതാ ഇത് കൂടി കൊണ്ട് പോകു കൈകളിൽ കിടന്ന രണ്ടു സ്വർണ വളകൾ അവനു നൽകി മഹർ വാങ്ങാൻ ഇതും കൂട്ടിക്കോ, അവളെയും ഇങ്ങോട്ട് കൂട്ടിക്കോ ഇവിടെ കഴിയാം എന്റെ വാക്കുകൾ ആത്മവിശ്വാസം കൂട്ടിയോ എന്നറിയില്ല എങ്കിലും ഒരു പുഞ്ചിരി അവന്റെ മുഖത്തുണ്ടായിരുന്നു, അവൻ ബാഗുമെടുത്ത് നടന്നു നീങ്ങുന്നത് നോക്കി നിന്നു...
വിരസമായ ദിനങ്ങൾ നീങ്ങി കൊണ്ടിരുന്നു,

കഴിഞ്ഞ ദിവസം വന്ന മാതൃഭൂമിയിലെ ചെറുകഥകളിൽ ഷഹബാസിന്റെ കഥയും ഉണ്ടായിരുന്നു, അവന്റെ ഫോട്ടോ നോക്കി നരകൾ കയറി തുടങ്ങിയിരിക്കുന്നു, എഴുത്തിന്റെ ശൈലിയും മാറിയിരിക്കുന്നു...
 പെട്ടന്നാണ് ഒരു വിളി കേട്ടത്  ദീദി...
ശബ്ദം കേട്ട ദിക്കിലേക്ക് നോക്കി അമീറും ആ പെൺകുട്ടിയും നടന്നു വരുന്നു, താൻ മുൻപ് കണ്ട സ്വപ്നം
അതിലെ നായകനും, നായികയും മാത്രമേ  മാറിയിട്ടുള്ളൂ ,  ചിന്തകൾ അറിയാതെ കാടുകയറി, അപ്പോഴേക്കും അവർ അടുത്തെത്തിയിരുന്നു, പുഞ്ചിരി കൊണ്ട് അവരെ വരവേറ്റു
സന്തോഷം കൊണ്ട് രണ്ടാളും  വാക്കുകൾ പുറത്തേക്ക് വരുന്നില്ല അവരെ ചേർത്ത് നിർത്തി ഒരു മാതാവിന്റെ അല്ലങ്കിൽ മൂത്ത ജേഷ്ഠത്തിയെ പോലെ അനുഗ്രഹിച്ചു.
സന്തോഷത്തിന്റെ കളിവീടായിരുന്നു അവരുടെ ജീവിതം, അവൻ ജോലിക്ക് പോയാൽ അവൾ ഇടയ്ക്കിടെ എന്നെയും വന്നു സഹായിക്കും, ഭാഷയുടെ അതിർവരമ്പുകൾ സ്നേഹത്തിനു മുന്നിൽ കീഴടങ്ങി.
മാസങ്ങൾ കടന്നു പോയി, രണ്ടാളും അതീവ സന്തോഷത്തോടെ മധുവിധു കൊണ്ടാടുകയായിരുന്നു ദൂരെ നിന്നു ഞാൻ ഇതെല്ലാം നോക്കി കാണുകയായിരുന്നു എനിക്ക് ജീവിക്കാൻ കഴിയാത്ത ജീവിതം അവർക്കു നൽകാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യവും ഉണ്ടായിരുന്നു...
അന്തരീക്ഷം മാറിയത് പെട്ടന്നായിരുന്നു കാലവർഷം അതി ഗംഭീരമായി പെയ്തിറങ്ങുകയാണ് കേരളം സമാനതകളില്ലാത്ത പ്രളയത്തിന് സാക്ഷ്യം വഹിച്ചു, കമ്പനിയുടെ പ്രവർത്തനം നിലച്ച മട്ടായിരുന്നു ഞാൻ അമീർ താമസിക്കുന്ന വീട് ലക്ഷ്യമാക്കി നടക്കുകയായിരുന്നു കുറച്ചു പൈസ കൊടുക്കാം കുടുംബമായി ജീവിക്കുന്നതല്ലേ, എന്റെ ചിന്തകൾ ശരിയായിരുന്നു രണ്ടാളും ഭക്ഷ്ണം കഴിക്കുകയായിരുന്നു ഞാൻ ചെല്ലുമ്പോൾ കറിയിലെ സമൃദ്ദി ഇല്ലായ്മ അവരുടെ സാമ്പത്തികം വിളിച്ചോതി, മധുരമില്ലാത്ത കാപ്പി കുടിച്ചു പൈസയും കൊടുത്തിറങ്ങുമ്പോൾ അവരുടെ കണ്ണുകൾ സജലമായി...

രാത്രി വീണ്ടു കാലവർഷം കനത്തു, വെള്ളം കയറാത്ത പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി, ദുരന്ത വാർത്തകൾ ദിവസവും ദൃശ്യ മാധ്യമങ്ങളിൽ നിറഞ്ഞു, കാണുവാൻ വയ്യ, ഉറങ്ങാനായി കിടന്നു എപ്പോഴോ കേട്ട നിലവിളി ആയിരുന്നു ഞെട്ടി ഉണർന്നത്, ബാപ്പ ധൃതിയിൽ നടക്കുന്നു എന്താ?
അമീർ എന്നു മാത്രം കേട്ടു...
ബാപ്പായുടെ പിന്നാലെ ഞാനും ഓടി, ദൂരെ നിന്നു കാണാമായിരുന്നു കമ്പനിയിലെ മറ്റു ബംഗാളികൾ കൂട്ടം കൂടി നിൽക്കുന്നത് എന്താ എന്റെ ചോദ്യത്തിന് ഒരു ദയനീയമായ നോട്ടമായിരുന്നു അവരുടെ മറുപടി, അവരെ വകഞ്ഞു മാറ്റി ഞാൻ ഉള്ളിലേക്ക് കടന്നു
 യാ... അല്ലാഹ്, സുഹാന കമഴ്ന്നു കിടക്കുന്നു കണങ്കാലുകൾ നഗ്നമാണ്, കാലിൽ തുടങ്ങി ശരീരത്തിലെമ്പാടും നീല ഞരമ്പുകൾ, അവളെ മലർത്തി കിടത്തി മുഖവും കരി നീല നിറം, മൂക്കിൽ വിരൽ വെച്ചു, ഒരു ഭയത്തോടെ അമീറിനെ നോക്കി, വിദൂരതയിലേക്ക് കണ്ണും നട്ട് സമനില തെറ്റിയവനെ പോലെ ഇരിക്കുന്നു, കുറച്ചകലെ തല തകർന്ന ഒരു പാമ്പിനെയും കണ്ടു...
നിസ്സഹായതയുടെ നീണ്ട ഇടനാഴികൾ അവസാനിക്കുമ്പോൾ  ദൂരെ നിന്നു  ബാപ്പാ നടന്നു വരുന്നു പിന്നിൽ മയ്യത്തും കട്ടിലുമായി  വരുന്നവരെയും കണ്ടു...
കണ്ണീരിന്റെ നനവുകൾ പുസ്തകത്തിൽ തുള്ളിയായി പതിച്ചപ്പോൾ സുഹ്റ പുസ്തകം മടക്കി എഴുന്നേറ്റു...

വിദൂരതയിൽ എവിടെ നിന്നോ ലാ ഇലാഹ ഇല്ലള്ള, ലാ ഇലാഹ ഇല്ലള്ള എന്ന് അവ്യക്തമായി കേൾക്കാമായിരുന്നു...
***കൊല്ലം ഷിഹാബ്. ***

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ